Exodus 19:18-25

18യഹോവ തീയിൽ സീനായി പർവ്വതത്തിൽ ഇറങ്ങുകയാൽ അതു മുഴുവനും പുകകൊണ്ടു മൂടി; അതിന്റെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങി; പർവ്വതം ഒക്കെയും ഏറ്റവും കുലുങ്ങി. 19കാഹളധ്വനി ദീർഘമായി ഉറച്ചുറച്ചു വന്നപ്പോൾ മോശെ സംസാരിച്ചു; ദൈവം ഉച്ചത്തിൽ അവനോടു ഉത്തരം അരുളി. 20യഹോവ സീനായി പർവ്വതത്തിൽ പർവ്വതത്തിന്റെ കൊടുമുടിയിൽ ഇറങ്ങി; യഹോവ മോശെയെ പർവ്വതത്തിന്റെ കൊടുമുടിയിലേക്കു വിളിച്ചു; മോശെ കയറിച്ചെന്നു. 21യഹോവ മോശെയോടു കല്പിച്ചതെന്തെന്നാൽ: ജനം നോക്കേണ്ടതിന്നു യഹോവയുടെ അടുക്കൽ കടന്നുവന്നിട്ടു അവരിൽ പലരും നശിച്ചുപോകാതിരിപ്പാൻ നീ ഇറങ്ങിച്ചെന്നു അവരോടു അമർച്ചയായി കല്പിക്ക. 22യഹോവയോടു അടുക്കുന്ന പുരോഹിതന്മാരും യഹോവ അവർക്കു ഹാനി വരുത്താതിരിക്കേണ്ടതിന്നു തങ്ങളെ ശുദ്ധീകരിക്കട്ടെ. 23മോശെ യഹോവയോടു: ജനത്തിന്നു സീനായിപർവ്വത്തിൽ കയറുവാൻ പാടില്ല; പർവ്വതത്തിന്നു അതിർ തിരിച്ചു അതിനെ ശുദ്ധമാക്കുക എന്നു ഞങ്ങളോടു അമർച്ചയായി കല്പിച്ചിട്ടുണ്ടല്ലോ എന്നു പറഞ്ഞു. 24യഹോവ അവനോടു: ഇറങ്ങിപ്പോക; നീ അഹരോനുമായി കയറിവരിക; എന്നാൽ പുരോഹിതന്മാരും ജനവും യഹോവ അവർക്കു നാശം വരുത്താതിരിക്കേണ്ടതിന്നു അവന്റെ അടുക്കൽ കയറുവാൻ അതിർ കടക്കരുതു. 25അങ്ങനെ മോശെ ജനത്തിന്റെ അടുക്കൽ ഇറങ്ങിച്ചെന്നു അവരോടു പറഞ്ഞു.

Exodus 20

1ദൈവം ഈ വചനങ്ങളൊക്കെയും അരുളിച്ചെയ്തു:

2അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു.
3ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.
4 aഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. 5 bഅവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും 6എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയ കാണിക്കയും ചെയ്യുന്നു.
7 cനിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.
8 dശബ്ബത്ത് നാളിനെ ശുദ്ധീകരിപ്പാൻ ഓർക്ക. 9 eആറു ദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കെയും ചെയ്ക. 10ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്ത് ആകുന്നു; അന്നു നീയും നിന്റെ പുത്രനും പുത്രിയും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കന്നുകാലികളും നിന്റെ പടിവാതിൽക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുതു. 11 fആറു ദിവസംകൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ടു യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു.
12 gനിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു ദീർഘായുസ്സുണ്ടാകുവാൻ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.
13 hകൊല ചെയ്യരുതു.
14 iവ്യഭിചാരം ചെയ്യരുതു.
15 jമോഷ്ടിക്കരുതു.
16 kകൂട്ടുകാരന്റെ നേരെ കള്ളസ്സാക്ഷ്യം പറയരുതു.
17 lകൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുതു; കൂട്ടുകാരന്റെ ഭാര്യയെയും അവന്റെ ദാസനെയും ദാസിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുതു.

18 mജനം ഒക്കെയും ഇടിമുഴക്കവും മിന്നലും കാഹളധ്വനിയും പർവ്വതം പുകയുന്നതും കണ്ടു; ജനം അതു കണ്ടപ്പോൾ വിറെച്ചുകൊണ്ടു ദൂരത്തു നിന്നു. 19അവർ മോശെയോടു: നീ ഞങ്ങളോടു സംസാരിക്ക; ഞങ്ങൾ കേട്ടുകൊള്ളാം; ഞങ്ങൾ മരിക്കാതിരിക്കേണ്ടതിന്നു ദൈവം ഞങ്ങളോടു സംസാരിക്കരുതേ എന്നു പറഞ്ഞു. 20മോശെ ജനത്തോടു: ഭയപ്പെടേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിന്നും നിങ്ങൾ പാപം ചെയ്യാതിരിപ്പാൻ അവങ്കലുള്ള ഭയം നിങ്ങൾക്കു ഉണ്ടായിരിക്കേണ്ടതിന്നും അത്രേ ദൈവം വന്നിരിക്കുന്നതു എന്നു പറഞ്ഞു. 21അങ്ങനെ ജനം ദൂരത്തു നിന്നു; മോശെയോ ദൈവം ഇരുന്ന ഇരുളിന്നു അടുത്തുചെന്നു.

22അപ്പോൾ യഹോവ മോശെയോടു കല്പിച്ചതു: നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: ഞാൻ സ്വർഗ്ഗത്തിൽനിന്നു നിങ്ങളോടു സംസാരിച്ചതു നിങ്ങൾ കണ്ടിരിക്കുന്നുവല്ലോ. 23എന്റെ സന്നിധിയിൽ വെള്ളികൊണ്ടുള്ള ദേവന്മാരെയോ പൊന്നുകൊണ്ടുള്ള ദേവന്മാരെയോ നിങ്ങൾ ഉണ്ടാക്കരുതു. 24എനിക്കു മണ്ണുകൊണ്ടു ഒരു യാഗപീഠം ഉണ്ടാക്കി അതിന്മേൽ നിന്റെ ഹോമയാഗങ്ങളെയും സമാധാനയാഗങ്ങളെയും നിന്റെ ആടുകളെയും കന്നുകാലികളെയും അർപ്പിക്കേണം. ഞാൻ എന്റെ നാമത്തിന്റെ സ്മരണ സ്ഥാപിക്കുന്ന ഏതു സ്ഥലത്തും ഞാൻ നിന്റെ അടുക്കൽ വന്നു നിന്നെ അനുഗ്രഹിക്കും. 25 nകല്ലുകൊണ്ടു എനിക്കു യാഗപീഠം ഉണ്ടാക്കുന്നു എങ്കിൽ ചെത്തിയ കല്ലുകൊണ്ടു അതു പണിയരുതു; നിന്റെ ആയുധംകൊണ്ടു അതിനെ തൊട്ടാൽ നീ അതിനെ അശുദ്ധമാക്കും. 26എന്റെ യാഗപീഠത്തിങ്കൽ നിന്റെ നഗ്നത കാണാതിരിപ്പാൻ നീ അതിങ്കൽ പടികളാൽ കയറരുതു.

Exodus 21

1അവരുടെ മുമ്പാകെ നീ വെക്കേണ്ടുന്ന ന്യായങ്ങളാവിതു: 2 oഒരു എബ്രായദാസനെ വിലെക്കു വാങ്ങിയാൽ ആറു സംവത്സരം സേവിച്ചിട്ടു ഏഴാം സംവത്സരത്തിൽ അവൻ ഒന്നും കൊടുക്കാതെ സ്വതന്ത്രനായി പൊയ്ക്കൊള്ളട്ടെ. 3ഏകനായി വന്നു എങ്കിൽ ഏകനായി പോകട്ടെ; അവന്നു ഭാര്യയുണ്ടായിരുന്നു എങ്കിൽ ഭാര്യയും അവനോടുകൂടെ പോകട്ടെ. 4അവന്റെ യജമാനൻ അവന്നു ഭാര്യയെ കൊടുക്കയും അവൾ അവന്നു പുത്രന്മാരെയോ പുത്രിമാരെയോ പ്രസവിക്കയും ചെയ്തിട്ടുണ്ടെങ്കിൽ ഭാര്യയും മക്കളും യജമാനന്നു ഇരിക്കേണം; അവൻ ഏകനായി പോകേണം. 5എന്നാൽ ദാസൻ: ഞാൻ എന്റെ യജമാനനെയും എന്റെ ഭാര്യയെയും മക്കളെയും സ്നേഹിക്കുന്നു; ഞാൻ സ്വതന്ത്രനായി പോകയില്ല എന്നു തീർത്തു പറഞ്ഞാൽ 6യജമാനൻ അവനെ ദൈവസന്നിധിയിൽ കൂട്ടിക്കൊണ്ടു ചെന്നു കതകിന്റെയോ കട്ടളക്കാലിന്റെയോ അടുക്കൽ നിറുത്തീട്ടു സൂചികൊണ്ടു അവന്റെ കാതു കുത്തി തുളക്കേണം; പിന്നെ അവൻ എന്നേക്കും അവന്നു ദാസനായിരിക്കേണം.

7ഒരുത്തൻ തന്റെ പുത്രിയെ ദാസിയായി വിറ്റാൽ അവൾ ദാസന്മാർ പോകുന്നതുപോലെ പോകരുതു. 8അവളെ തനിക്കു സംബന്ധത്തിന്നു നിയമിച്ച യജമാനന്നു അവളെ ബോധിക്കാതിരുന്നാൽ അവളെ വീണ്ടെടുപ്പാൻ അവൻ അനുവദിക്കേണം; അവളെ ചതിച്ചതുകൊണ്ടു അന്യജാതിക്കു വിറ്റുകളവാൻ അവന്നു അധികാരമില്ല. 9അവൻ അവളെ തന്റെ പുത്രന്നു നിയമിച്ചു എങ്കിൽ പുത്രിമാരുടെ ന്യായത്തിന്നു തക്കവണ്ണം അവളോടു പെരുമാറേണം. 10അവൻ മറ്റൊരുത്തിയെ പരിഗ്രഹിച്ചാൽ ഇവളുടെ ഉപജീവനവും ഉടുപ്പും വിവാഹമുറയും കുറെക്കരുതു. 11ഈ മൂന്നു കാര്യവും അവൻ അവൾക്കു ചെയ്യാതിരുന്നാൽ അവളെ പണം വാങ്ങാതെ വെറുതെ വിട്ടയക്കേണം.

12 pഒരു മനുഷ്യനെ അടിച്ചുകൊല്ലുന്നവൻ മരണശിക്ഷ അനുഭവിക്കേണം. 13 qഅവൻ കരുതിക്കൂട്ടാതെ അങ്ങനെ അവന്റെ കയ്യാൽ സംഭവിപ്പാൻ ദൈവം സംഗതിവരുത്തിയതായാൽ അവൻ ഓടിപ്പോകേണ്ടുന്ന സ്ഥലം ഞാൻ നിയമിക്കും. 14എന്നാൽ ഒരുത്തൽ കരുതിക്കൂട്ടി കൂട്ടുകാരനെ ചതിച്ചു കൊന്നതെങ്കിൽ അവൻ മരിക്കേണ്ടതിന്നു നീ അവനെ എന്റെ യാഗപീഠത്തിങ്കൽ നിന്നും പിടിച്ചു കൊണ്ടുപോകേണം.

15തന്റെ അപ്പനെയോ അമ്മയെയോ അടിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം.

16 rഒരുത്തൻ ഒരാളെ മോഷ്ടിച്ചിട്ടു അവനെ വില്ക്കയാകട്ടെ അവന്റെ കൈവശം അവനെ കണ്ടു പിടിക്കയാകട്ടെ ചെയ്താൽ അവൻ മരണശിക്ഷ അനുഭവിക്കേണം.

17 sതന്റെ അപ്പനെയോ അമ്മയെയോ ശപിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം.

18മനുഷ്യർ തമ്മിൽ ശണ്ഠകൂടീട്ടു ഒരുത്തൻ മറ്റവനെ കല്ലുകൊണ്ടോ മുഷ്ടികൊണ്ടോ കുത്തിയതിനാൽ അവൻ മരിച്ചുപോകാതെ കിടപ്പിലാകയും 19പിന്നെയും എഴുന്നേറ്റു വടി ഊന്നി വെളിയിൽ നടക്കയും ചെയ്താൽ കുത്തിയവനെ ശിക്ഷിക്കരുതു; എങ്കിലും അവൻ അവന്റെ മിനക്കേടിന്നുവേണ്ടി കൊടുത്തു അവനെ നല്ലവണ്ണം ചികിത്സിപ്പിക്കേണം.

20ഒരുത്തൻ തന്റെ ദാസനെയോ ദാസിയെയോ തൽക്ഷണം മരിച്ചുപോകത്തക്കവണ്ണം വടികൊണ്ടു അടിച്ചാൽ അവനെ നിശ്ചയമായി ശിക്ഷിക്കേണം. 21എങ്കിലും അവൻ ഒന്നു രണ്ടു ദിവസം ജീവിച്ചിരുന്നാൽ അവനെ ശിക്ഷിക്കരുതു; അവൻ അവന്റെ മുതലല്ലോ.

22മനുഷ്യർ തമ്മിൽ ശണ്ഠകൂടീട്ടു ഗർഭിണിയായ ഒരു സ്ത്രീയെ അടിച്ചതിനാൽ ഗർഭം അലസിയതല്ലാതെ അവൾക്കു മറ്റൊരു ദോഷവും വന്നില്ലെങ്കിൽ അടിച്ചവൻ ആ സ്ത്രീയുടെ ഭർത്താവു ചുമത്തുന്ന പിഴ കൊടുക്കേണം; ന്യായാധിപന്മാർ വിധിക്കുമ്പോലെ അവൻ കൊടുക്കേണം. 23മറ്റു ദോഷം വന്നിട്ടുണ്ടെങ്കിൽ ജീവന്നു പകരം ജീവൻ കൊടുക്കേണം. 24 tകണ്ണിന്നു പകരം കണ്ണു; പല്ലിന്നു പകരം പല്ലു; കൈക്കു പകരം കൈ; കാലിന്നു പകരം കാൽ; 25പൊള്ളലിന്നു പകരം പൊള്ളൽ; മുറിവിന്നു പകരം മുറിവു; തിണർപ്പിന്നു പകരം തിണർപ്പു.

26ഒരുത്തൻ അടിച്ചു തന്റെ ദാസന്റെയോ ദാസിയുടെയോ കണ്ണു കളഞ്ഞാൽ അവൻ കണ്ണിന്നു പകരം അവനെ സ്വതന്ത്രനായി വിട്ടയക്കേണം. 27അവൻ തന്റെ ദാസന്റെയോ ദാസിയുടെയോ പല്ലു അടിച്ചു തകർത്താൽ അവൻ പല്ലിന്നു പകരം അവനെ സ്വതന്ത്രനായി വിട്ടയക്കേണം.

28ഒരു കാള ഒരു പുരുഷനെയോ സ്ത്രീയെയോ കുത്തിക്കൊന്നാൽ ആ കാളയെ കല്ലെറിഞ്ഞു കൊല്ലേണം; അതിന്റെ മാംസം തിന്നരുതു; കാളയുടെ ഉടമസ്ഥനോ കുറ്റമില്ലാത്തവൻ. 29എന്നാൽ ആ കാള മുമ്പെ തന്നേ കുത്തുന്നതായും ഉടമസ്ഥൻ അതു അറിഞ്ഞുമിരിക്കെ അവൻ അതിനെ സൂക്ഷിക്കായ്കകൊണ്ടു അതു ഒരു പുരുഷനെയോ സ്ത്രീയെയോ കൊന്നുകളഞ്ഞാൽ ആ കാളയെ കല്ലെറിഞ്ഞു കൊല്ലേണം; അതിന്റെ ഉടമസ്ഥനും മരണശിക്ഷ അനുഭവിക്കേണം. 30ഉദ്ധാരണ ദ്രവ്യം അവന്റെ മേൽ ചുമത്തിയാൽ തന്റെ ജീവന്റെ വീണ്ടെടുപ്പിന്നായി തന്റെ മേൽ ചുമത്തിയതു ഒക്കെയും അവൻ കൊടുക്കേണം. 31അതു ഒരു ബാലനെ കുത്തിയാലും ഒരു ബാലയെ കുത്തിയാലും ഈ ന്യായപ്രകാരം അവനോടു ചെയ്യേണം. 32കാള ഒരു ദാസനെയോ ദാസിയെയോ കുത്തിയാൽ അവൻ അവരുടെ ഉടമസ്ഥന്നു മുപ്പതു ശേക്കെൽ വെള്ളി കൊടുക്കേണം; കാളയെ കൊന്നുകളകയും വേണം.

33ഒരുത്തൻ ഒരു കുഴി തുറന്നുവെക്കുകയോ കുഴി കുഴിച്ചു അതിനെ മൂടാതിരിക്കയോ ചെയ്തിട്ടു അതിൽ ഒരു കാളയോ കഴുതയോ വീണാൽ, 34കുഴിയുടെ ഉടമസ്ഥൻ വിലകൊടുത്തു അതിന്റെ യജമാനന്നു തൃപ്തിവരുത്തേണം; എന്നാൽ ചത്തുപോയതു അവന്നുള്ളതായിരിക്കേണം.

35ഒരുത്തന്റെ കാള മറ്റൊരുത്തന്റെ കാളയെ കുത്തീട്ടു അതു ചത്തുപോയാൽ അവർ ജീവനോടിരിക്കുന്ന കാളയെ വിറ്റു അതിന്റെ വില പകുത്തെടുക്കേണം; ചത്തുപോയതിനെയും പകുത്തെടുക്കേണം. 36അല്ലെങ്കിൽ ആ കാള മുമ്പെ തന്നേ കുത്തുന്നതു എന്നു അറിഞ്ഞിട്ടും ഉടമസ്ഥൻ അതിനെ സൂക്ഷിക്കാതിരുന്നു എങ്കിൽ അവൻ കാളെക്കു പകരം കാളയെ കൊടുക്കേണം; എന്നാൽ ചത്തുപോയതു അവന്നുള്ളതായിരിക്കേണം.

Exodus 22

1ഒരുത്തൻ ഒരു കാളയെയോ ഒരു ആടിനെയോ മോഷ്ടിച്ചു അറുക്കുകയാകട്ടെ വില്ക്കുകയാകട്ടെ ചെയ്താൽ അവൻ ഒരു കാളെക്കു അഞ്ചു കാളയെയും, ഒരു ആടിന്നു നാലു ആടിനെയും പകരം കൊടുക്കേണം. 2കള്ളൻ വീടു മുറിക്കുമ്പോൾ പിടിക്കപ്പെട്ടു അടികൊണ്ടു മരിച്ചുപോയാൽ അവനെ സംബന്ധിച്ചു രക്തപാതകം ഇല്ല. 3എന്നാൽ അതു നേരം വെളുത്തശേഷമാകുന്നു എങ്കിൽ രക്തപാതകം ഉണ്ടു. കള്ളൻ ശരിയായിട്ടു പ്രതിശാന്തി ചെയ്യേണം; അവൻ വകയില്ലാത്തവനെങ്കിൽ തന്റെ മോഷണം നിമിത്തം അവനെ വില്ക്കേണം. 4മോഷണവസ്തുവായ കാളയെയോ കഴുതയെയോ ആടിനെയോ ജീവനോടെ അവന്റെ കൈവശം കണ്ടുപിടിച്ചാൽ അവൻ ഇരട്ടി പകരം കൊടുക്കേണം.

5ഒരുത്തൻ ഒരു വയലോ മുന്തിരിത്തോട്ടമോ തീറ്റിക്കയാകട്ടെ തന്റെ കന്നുകാലിയെ അഴിച്ചുവിട്ടു അതു മറ്റൊരുത്തന്റെ വയലിൽ മേയുകയാകട്ടെ ചെയ്താൽ അവൻ തന്റെ വയലിലുള്ളതിൽ ഉത്തമമായതും തന്റെ മുന്തിരിത്തോട്ടത്തിലുള്ളതിൽ ഉത്തമമായതും പകരം കൊടുക്കേണം.

6തീ വീണു കാടു കത്തീട്ടു കറ്റക്കൂട്ടമോ വിളവോ നിലമോ വെന്തുപോയെങ്കിൽ തീ കത്തിച്ചവൻ പകരം കൊടുക്കേണം.

7ഒരുത്തൻ കൂട്ടകാരന്റെ പറ്റിൽ പണമോ വല്ല സാധനമോ സൂക്ഷിപ്പാൻ ഏല്പിച്ചിരിക്കെ അതു അവന്റെ വീട്ടിൽനിന്നു കളവുപോയാൽ കള്ളനെ പിടികിട്ടി എന്നുവരികിൽ അവൻ ഇരട്ടി പകരം കൊടുക്കേണം. 8കള്ളനെ പിടികിട്ടാതിരുന്നാൽ ആ വീട്ടുകാരൻ കൂട്ടുകാരന്റെ വസ്തുവിന്മേൽ കൈ വെച്ചിട്ടുണ്ടോ എന്നു അറിവാൻ അവനെ ദൈവസന്നിധിയിൽ കൊണ്ടുപോകേണം. 9കാണാതെപോയ കാള, കഴുത, ആടു, വസ്ത്രം മുതലായ യാതൊന്നിനെയും സംബന്ധിച്ചു ഇതു എനിക്കുള്ളതു എന്നു ഒരുവൻ പറഞ്ഞു കുറ്റം ചുമത്തിയാൽ ഇരുപാട്ടുകാരുടെയും കാര്യം ദൈവസന്നിധിയിൽ വരേണം; കുറ്റക്കാരനെന്നു ദൈവം വിധിക്കുന്നവൻ കൂട്ടുകാരന്നു ഇരട്ടി പകരം കൊടുക്കേണം.

10ഒരുത്തൻ കൂട്ടുകാരന്റെ പക്കൽ കഴുത, കാള, ആടു എന്നിങ്ങനെ ഒരു മൃഗത്തെ സൂക്ഷിപ്പാൻ ഏല്പിച്ചിരിക്കെ അതു ചത്തുപോകയോ അതിന്നു വല്ല കേടു തട്ടുകയോ ആരും കാണാതെ കളവുപോകയോ ചെയ്താൽ 11കൂട്ടുകാരന്റെ വസ്തുവിന്മേൽ അവൻ കൈ വെച്ചിട്ടില്ല എന്നു യഹോവയെക്കൊണ്ടുള്ള സത്യം ഇരുപാട്ടുകാർക്കും തീർച്ച ആയിരിക്കേണം; ഉടമസ്ഥൻ അതു സമ്മതിക്കേണം; മറ്റവൻ പകരം കൊടുക്കേണ്ടാ. 12എന്നാൽ അതു അവന്റെ പക്കൽനിന്നു കളവുപോയി എന്നു വരികിൽ അവൻ അതിന്റെ ഉടമസ്ഥന്നു പകരം കൊടുക്കേണം. 13അതു കടിച്ചു കീറിപ്പോയെങ്കിൽ അവൻ അതിന്നു സാക്ഷ്യം കൊണ്ടുവരേണം; കടിച്ചു കീറിപ്പോയതിന്നു അവൻ പകരം കൊടുക്കേണ്ടാ.

14ഒരുത്തൻ കൂട്ടുകാരനോടു വായ്പ വാങ്ങീട്ടു ഉടമസ്ഥൻ അരികെ ഇല്ലാതിരിക്കെ വല്ല കേടു ഭവിക്കയോ ചത്തുപോകയോ ചെയ്താൽ അവൻ പകരം കൊടുക്കേണം. 15ഉടമസ്ഥൻ അരികെ ഉണ്ടായിരുന്നാൽ അവൻ പകരം കൊടുക്കേണ്ടാ; അതു കൂലിക്കു വാങ്ങിയതെങ്കിൽ അതിന്നു കൂലിയുണ്ടല്ലോ.

16 uവിവാഹത്തിന്നു നിയമിക്കപ്പെടാത്ത ഒരു കന്യകയെ ഒരുത്തൻ വശീകരിച്ചു അവളോടുകൂടെ ശയിച്ചാൽ അവൻ സ്ത്രീധനം കൊടുത്തു അവളെ വിവാഹം കഴിക്കേണം. 17അവളെ അവന്നു കൊടുപ്പാൻ അവളുടെ അപ്പന്നു അശേഷം മനസ്സില്ലെങ്കിൽ അവൻ കന്യകമാരുടെ സ്ത്രീധനത്തിന്നു ഒത്തവണ്ണം പണം കൊടുക്കേണം.

18 vക്ഷുദ്രക്കാരത്തിയെ നീ ജീവനോടെ വെക്കരുതു.

19 wമൃഗത്തോടുകൂടെ ശയിക്കുന്ന ഏവനും മരണശിക്ഷ അനുഭവിക്കേണം.

20 xയഹോവെക്കു മാത്രമല്ലാതെ വേറെ ദൈവങ്ങൾക്കു യാഗം കഴിക്കുന്നവനെ നിർമ്മൂലമാക്കേണം. 21 yപരദേശിയെ പീഡിപ്പിക്കരുതു ഉപദ്രവിക്കയുമരുതു; നിങ്ങൾ മിസ്രയീംദേശത്തു പരദേശികൾ ആയിരുന്നുവല്ലോ. 22വിധവയെയും അനാഥനെയും നിങ്ങൾ ക്ലേശിപ്പിക്കരുതു. 23അവരെ വല്ലപ്രകാരത്തിലും ക്ലേശിപ്പിക്കയും അവർ എന്നോടു നിലവിളിക്കയും ചെയ്താൽ ഞാൻ അവരുടെ നിലവിളി കേൾക്കും; 24എന്റെ കോപവും ജ്വലിക്കും; ഞാൻ വാൾകൊണ്ടു നിങ്ങളെ കൊല്ലും; നിങ്ങളുടെ സ്ത്രീകൾ വിധവമാരും നിങ്ങളുടെ പൈതങ്ങൾ അനാഥരുമായി തീരും.

25 zഎന്റെ ജനത്തിൽ നിന്റെ അടുക്കലുള്ള ഒരു ദരിദ്രന്നു പണം വായ്പ കൊടുത്താൽ പൊലികടക്കാരനെപ്പോലെ ഇരിക്കരുതു; അവനോടു പലിശ വാങ്ങുകയും അരുതു. 26 aaനീ കൂട്ടുകാരന്റെ വസ്ത്രം പണയം വാങ്ങിയാൽ സൂര്യൻ അസ്തമിക്കുംമുമ്പെ മടക്കിക്കൊടുക്കേണം. 27അതുമാത്രമല്ലോ അവന്റെ പുതപ്പു; അതുമാത്രമല്ലോ അവന്റെ ശരീരം മൂടുന്ന വസ്ത്രം; അവൻ പിന്നെ എന്തൊന്നു പുതെച്ചു കിടക്കും? അവൻ എന്നോടു നിലവിളിക്കുമ്പോൾ ഞാൻ കേൾക്കും; ഞാൻ കൃപയുള്ളവനല്ലോ.

28 abനീ ദൈവത്തെ ദുഷിക്കരുതു; നിന്റെ ജനത്തിന്റെ അധിപതിയെ ശപിക്കയുമരുതു. 29നിന്റെ വിളവും ദ്രാവകവർഗ്ഗവും അർപ്പിപ്പാൻ താമസിക്കരുതു; നിന്റെ പുത്രന്മാരിൽ ആദ്യജാതനെ എനിക്കു തരേണം. 30നിന്റെ കാളകളിലും ആടുകളിലും അങ്ങനെ തന്നേ; അതു ഏഴു ദിവസം തള്ളയോടു കൂടെ ഇരിക്കട്ടെ; എട്ടാം ദിവസം അതിനെ എനിക്കു തരേണം. 31 acനിങ്ങൾ എനിക്കു വിശുദ്ധന്മാരായിരിക്കേണം; കാട്ടുമൃഗം കടിച്ചുകീറിയ മാംസം തിന്നരുതു. നിങ്ങൾ അതിനെ നായ്ക്കൾക്കു ഇട്ടുകളയേണം.

Exodus 23

1 adവ്യാജവർത്തമാനം പരത്തരുതു; കള്ളസ്സാക്ഷിയായിരിപ്പാൻ ദുഷ്ടനോടുകൂടെ ചേരരുതു. 2ബഹുജനത്തെ അനുസരിച്ചു ദോഷം ചെയ്യരുതു; ന്യായം മറിച്ചുകളവാൻ ബഹുജനപക്ഷം ചേർന്നു വ്യവഹാരത്തിൽ സാക്ഷ്യം പറയരുതു. 3 aeദരിദ്രന്റെ വ്യവഹാരത്തിൽ അവനോടു പക്ഷം കാണിക്കരുതു.

4 afനിന്റെ ശത്രുവിന്റെ കാളയോ കഴുതയോ വഴിതെറ്റിയതായി കണ്ടാൽ അതിനെ അവന്റെ അടുക്കൽ തിരികെ കൊണ്ടുപോകേണം. 5നിന്നെ ദ്വേഷിക്കുന്നവന്റെ കഴുത ചുമടിൻ കീഴെ കിടക്കുന്നതു കണ്ടാൽ അവനെ വിചാരിച്ചു അതിനെ അഴിച്ചുവിടുവാൻ മടിച്ചാലും അഴിച്ചുവിടുവാൻ അവന്നു സഹായം ചെയ്യേണം.

6 agനിങ്ങളുടെ ഇടയിലുള്ള ദരിദ്രന്റെ വ്യവഹാരത്തിൽ അവന്റെ ന്യായം മറിച്ചുകളയരുതു. 7കള്ളക്കാര്യം വിട്ടു അകന്നിരിക്ക; കുറ്റമില്ലാത്തവനെയും നീതിമാനെയും കൊല്ലരുതു; ഞാൻ ദുഷ്ടനെ നീതീകരിക്കയില്ലല്ലോ. 8സമ്മാനം കാഴ്ചയുള്ളവരെ കുരുടാക്കുകയും നീതിമാന്മാരുടെ വാക്കുകളെ മറിച്ചുകളകയും ചെയ്യുന്നതുകൊണ്ടു നീ സമ്മാനം വാങ്ങരുതു. 9 ahപരദേശിയെ ഉപദ്രവിക്കരുതു: നിങ്ങൾ മിസ്രയീംദേശത്തു പരദേശികളായിരുന്നതുകൊണ്ടു പരദേശിയുടെ അനുഭവം അറിയുന്നുവല്ലോ.

10 aiആറു സംവത്സരം നിന്റെ നിലം വിതെച്ചു വിളവു എടുത്തുകൊൾക. 11ഏഴാം സംവത്സരത്തിലോ അതു ഉഴവുചെയ്യാതെ വെറുതെ ഇട്ടേക്ക; നിന്റെ ജനത്തിലെ ദരിദ്രന്മാർ അഹോവൃത്തി കഴിക്കട്ടെ; അവർ ശേഷിപ്പിക്കുന്നതു കാട്ടുമൃഗങ്ങൾ തിന്നട്ടെ. നിന്റെ മുന്തിരിത്തോട്ടവും ഒലിവുവൃക്ഷവും സംബന്ധിച്ചും അങ്ങനെ തന്നേ ചെയ്ക. 12 ajആറു ദിവസം വേല ചെയ്ക; ഏഴാം ദിവസം നിന്റെ കാളയും കഴുതയും വിശ്രമിപ്പാനും നിന്റെ ദാസിയുടെ പുത്രനും പരദേശിയും ആശ്വസിപ്പാനും വേണ്ടി നീ സ്വസ്ഥമായിരിക്കേണം. 13ഞാൻ നിങ്ങളോടു കല്പിച്ച എല്ലാറ്റിലും സൂക്ഷ്മതയോടിരിപ്പിൻ; അന്യദൈവങ്ങളുടെ നാമം കീർത്തിക്കരുതു; അതു നിന്റെ വായിൽനിന്നു കേൾക്കയും അരുതു.

14സംവത്സരത്തിൽ മൂന്നു പ്രാവശ്യം എനിക്കു ഉത്സവം ആചരിക്കേണം. 15 akപുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആചരിക്കേണം; ഞാൻ നിന്നോടു കല്പിച്ചതുപോലെ ആബീബ് മാസത്തിൽ നിശ്ചയിച്ച സമയത്തു ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നുക; അന്നല്ലോ നീ മിസ്രയീമിൽനിന്നു പുറപ്പെട്ടു പോന്നതു. എന്നാൽ വെറുങ്കയ്യോടെ നിങ്ങൾ എന്റെ മുമ്പാകെ വരരുതു. 16 alവയലിൽ വിതെച്ച വിതയുടെ ആദ്യഫലമെടുക്കുന്ന കൊയ്ത്തുപെരുനാളും ആണ്ടറുതിയിൽ വയലിൽ നിന്നു നിന്റെ വേലയുടെ ഫലം കൂട്ടിത്തീരുമ്പോൾ കായ്കനിപ്പെരുനാളും ആചരിക്കേണം. 17സംവത്സരത്തിൽ മൂന്നു പ്രാവശ്യം നിന്റെ ആണുങ്ങൾ എല്ലാം കർത്താവായ യഹോവയുടെ മുമ്പാകെ വരേണം.

18എന്റെ യാഗരക്തം പുളിപ്പുള്ള അപ്പത്തോടുകൂടെ അർപ്പിക്കരുതു; എന്റെ യാഗമേദസ്സ് ഉഷഃകാലംവരെ ഇരിക്കയുമരുതു. 19 amനിന്റെ ഭൂമിയുടെ ആദ്യവിളവുകളിലെ പ്രഥമഫലം നിന്റെ ദൈവമായ യഹോവയുടെ ആലയത്തിൽ കൊണ്ടുവരേണം. ആട്ടിൻകുട്ടിയെ തള്ളയുടെ പാലിൽ പാകം ചെയ്യരുതു.

20ഇതാ, വഴിയിൽ നിന്നെ കാക്കേണ്ടതിന്നും ഞാൻ നിയമിച്ചിരിക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകേണ്ടതിന്നും ഞാൻ ഒരു ദൂതനെ നിന്റെ മുമ്പിൽ അയക്കുന്നു. 21നീ അവനെ ശ്രദ്ധിച്ചു അവന്റെ വാക്കു കേൾക്കേണം; അവനോടു വികടിക്കരുതു; അവൻ നിങ്ങളുടെ അതിക്രമങ്ങളെ ക്ഷമിക്കയില്ല; എന്റെ നാമം അവനിൽ ഉണ്ടു. 22എന്നാൽ നീ അവന്റെ വാക്കു ശ്രദ്ധയോടെ കേട്ടു ഞാൻ കല്പിക്കുന്നതൊക്കെയും ചെയ്താൽ നിന്നെ പകെക്കുന്നവരെ ഞാൻ പകെക്കും; നിന്നെ ഞെരുക്കുന്നവരെ ഞാൻ ഞെരുക്കും. 23എന്റെ ദൂതൻ നിനക്കു മുമ്പായി നടന്നു നിന്നെ അമോര്യർ, ഹിത്യർ, പെരിസ്യർ, കനാന്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തേക്കു കൊണ്ടുപോകും; അവരെ ഞാൻ നിർമ്മൂലമാക്കും. 24അവരുടെ ദേവന്മാരെ നമസ്കരിക്കരുതു; അവയെ സേവിക്കരുതു; അവരുടെ പ്രവൃത്തികൾപോലെ പ്രവർത്തിക്കരുതു; അവരെ അശേഷം നശിപ്പിച്ചു അവരുടെ വിഗ്രഹങ്ങളെ തകർത്തുകളയേണം. 25നിങ്ങളുടെ ദൈവമായ യഹോവയെ തന്നേ സേവിപ്പിൻ; എന്നാൽ അവൻ നിന്റെ അപ്പത്തെയും വെള്ളത്തെയും അനുഗ്രഹിക്കും; ഞാൻ രോഗങ്ങളെ നിന്റെ നടുവിൽനിന്നു അകറ്റിക്കളയും. 26ഗർഭം അലസുന്നവളും മച്ചിയും നിന്റെ ദേശത്തു ഉണ്ടാകയില്ല; നിന്റെ ആയുഷ്കാലം ഞാൻ പൂർത്തിയാക്കും. 27എന്റെ ഭീതിയെ ഞാൻ നിന്റെ മുമ്പിൽ അയച്ചു നീ ചെല്ലുന്നേടത്തുള്ള ജാതികളെ ഒക്കെയും അമ്പരപ്പിക്കയും നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പിൽനിന്നു ഓടിക്കയും ചെയ്യും. 28നിന്റെ മുമ്പിൽനിന്നു ഹിവ്യനെയും കനാന്യനെയും ഹിത്യനെയും ഓടിച്ചുകളവാൻ ഞാൻ നിനക്കു മുമ്പായി കടുന്നലിനെ അയക്കും. 29ദേശം ശൂന്യമാകാതെയും കാട്ടുമൃഗം നിനക്കു ബാധയായി പെരുകാതെയും ഇരിപ്പാൻ ഞാൻ അവരെ ഒരു സംവത്സരത്തിന്നകത്തു നിന്റെ മുമ്പിൽ നിന്നു ഓടിച്ചുകളകയില്ല. 30നീ സന്താനസമ്പന്നമായി ദേശം അടക്കുന്നതുവരെ ഞാൻ അവരെ കുറേശ്ശ, കുറേശ്ശ നിന്റെ മുമ്പിൽ നിന്നു ഓടിച്ചുകളയും. 31ഞാൻ നിന്റെ ദേശം ചെങ്കടൽ തുടങ്ങി ഫെലിസ്ത്യരുടെ കടൽവരെയും മരുഭൂമി തുടങ്ങി നദിവരെയും ആക്കും; ദേശത്തിലെ നിവാസികളെ നിങ്ങളുടെ കയ്യിൽ ഏല്പിക്കും; നീ അവരെ നിന്റെ മുമ്പിൽ നിന്നു ഓടിച്ചുകളയേണം. 32അവരോടു എങ്കിലും അവരുടെ ദേവന്മാരോടു എങ്കിലും നീ ഉടമ്പടി ചെയ്യരുതു. 33നീ എന്നോടു പാപം ചെയ്‌വാൻ അവർ ഹേതുവായിത്തീരാതിരിക്കേണ്ടതിന്നു അവർ നിന്റെ ദേശത്തു വസിക്കരുതു. നീ അവരുടെ ദേവന്മാരെ സേവിച്ചാൽ അതു നിനക്കു കണിയായി തീരും.
Copyright information for MalSC