Exodus 7:8-24

8യഹോവ മോശെയോടും അഹരോനോടും: 9ഫറവോൻ നിങ്ങളോടു ഒരു അത്ഭുതം കാണിപ്പിൻ എന്നു പറഞ്ഞാൽ നീ അഹരോനോടു: നിന്റെ വടി എടുത്തു ഫറവോന്റെ മുമ്പാകെ നിലത്തിടുക എന്നു പറയേണം; അതു ഒരു സർപ്പമായ്തീരും എന്നു കല്പിച്ചു. 10അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കൽ ചെന്നു യഹോവ തങ്ങളോടു കല്പിച്ചതു പോലെ ചെയ്തു. അഹരോൻ തന്റെ വടി ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ നിലത്തിട്ടു; അതു സർപ്പമായ്തീർന്നു. 11അപ്പോൾ ഫറവോൻ വിദ്വാന്മാരെയും ക്ഷുദ്രക്കാരെയും വിളിപ്പിച്ചു; മിസ്രയീമ്യമന്ത്രവാദികളായ ഇവരും തങ്ങളുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു. 12അവർ ഓരോരുത്തൻ താന്താന്റെ വടി നിലത്തിട്ടു; അവയും സർപ്പങ്ങളായ്തീർന്നു; എന്നാൽ അഹരോന്റെ വടി അവരുടെ വടികളെ വിഴുങ്ങിക്കളഞ്ഞു. 13ഫറവോന്റെ ഹൃദയമോ, യഹോവ അരുളിച്ചെയ്തതുപോലെ കഠിനപ്പെട്ടു; അവൻ അവരെ ശ്രദ്ധിച്ചതുമില്ല.

14അപ്പോൾ യഹോവ മോശെയോടു അരുളിച്ചെയ്തതു: ഫറവോന്റെ ഹൃദയം കഠിനപ്പെട്ടിരിക്കുന്നു; ജനത്തെ വിട്ടയപ്പാൻ അവന്നു മനസ്സില്ല. 15രാവിലെ നീ ഫറവോന്റെ അടുക്കൽ ചെല്ലുക; അവൻ വെള്ളത്തിന്റെ അടുക്കൽ ഇറങ്ങിവരും; നീ അവനെ കാണ്മാൻ നദീതീരത്തു നിൽക്കേണം; സർപ്പമായ്തീർന്ന വടിയും കയ്യിൽ എടുത്തുകൊള്ളേണം. 16അവനോടു പറയേണ്ടതു എന്തെന്നാൽ: മരുഭൂമിയിൽ എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്ക എന്നു കല്പിച്ചു എബ്രായരുടെ ദൈവമായ യഹോവ എന്നെ നിന്റെ അടുക്കൽ അയച്ചു; നീയോ ഇതുവരെ കേട്ടില്ല. 17 aഞാൻ യഹോവ എന്നു നീ ഇതിനാൽ അറിയും എന്നിങ്ങനെ യഹോവ കല്പിക്കുന്നു; ഇതാ, എന്റെ കയ്യിലുള്ള വടികൊണ്ടു ഞാൻ നദിയിലെ വെള്ളത്തിൽ അടിക്കും; അതു രക്തമായ്തീരും; 18നദിയിലെ മത്സ്യം ചാകും. നദി നാറും; നദിയിലെ വെള്ളം കുടിപ്പാൻ മിസ്രയീമ്യർക്കു അറെപ്പു തോന്നും. 19യഹോവ പിന്നെയും മോശെയോടു: നീ അഹരോനോടു പറയേണ്ടതു എന്തെന്നാൽ: നിന്റെ വടി എടുത്തിട്ടു മിസ്രയീമിലെ വെള്ളത്തിന്മേൽ, അവരുടെ നദി, പുഴ, കുളം എന്നിങ്ങനെ അവരുടെ സകലജലാശയങ്ങളുടെ മേലും കൈ നീട്ടുക; അവ രക്തമായ്തീരും; മിസ്രയീംദേശത്തു എല്ലാടവും മരപ്പാത്രങ്ങളിലും കല്പാത്രങ്ങളിലും രക്തം ഉണ്ടാകും എന്നു കല്പിച്ചു. 20മോശെയും അഹരോനും യഹോവ കല്പിച്ചതുപോലെ ചെയ്തു. അവൻ ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ വടി ഓങ്ങി നദിയിലുള്ള വെള്ളത്തിൽ അടിച്ചു; നദിയിലുള്ള വെള്ളം ഒക്കെയും രക്തമായ്തീർന്നു. 21നദിയിലെ മത്സ്യം ചാകയും നദി നാറുകയും ചെയ്തു. നദിയിലെ വെള്ളം കുടിപ്പാൻ മിസ്രയീമ്യർക്കു കഴിഞ്ഞില്ല; മിസ്രയീംദേശത്തു എല്ലാടവും രക്തം ഉണ്ടായിരുന്നു. 22മിസ്രയീമ്യമന്ത്രവാദികളും തങ്ങളുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു; എന്നാൽ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു; അവൻ അവരെ ശ്രദ്ധിച്ചതുമില്ല. 23ഫറവോൻ തിരിഞ്ഞു തന്റെ അരമനയിലേക്കു പോയി; ഇതും അവൻ ഗണ്യമാക്കിയില്ല. 24നദിയിലെ വെള്ളം കുടിപ്പാൻ കഴിവില്ലായ്കകൊണ്ടു മിസ്രയീമ്യർ എല്ലാവരും കുടിപ്പാൻ വെള്ളത്തിന്നായി നദിയരികെ ഒക്കെയും ഓലി കുഴിച്ചു.

Exodus 8

1യഹോവ നദിയെ അടിച്ചിട്ടു ഏഴു ദിവസം കഴിഞ്ഞപ്പോൾ മോശെയോടു കല്പിച്ചതു: നീ ഫറവോന്റെ അടുക്കൽ ചെന്നു പറയേണ്ടതു എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്ക. 2നീ അവരെ വിട്ടയപ്പാൻ സമ്മതിക്കയില്ലെങ്കിൽ ഞാൻ നിന്റെ രാജ്യത്തെ ഒക്കെയും തവളയെക്കൊണ്ടു ബാധിക്കും. 3നദിയിൽ തവള അനവധിയായി ജനിക്കും; അതു കയറി നിന്റെ അരമനയിലും ശയനഗൃഹത്തിലും കട്ടിലിന്മേലും നിന്റെ ഭൃത്യന്മാരുടെ വീടുകളിലും നിന്റെ ജനത്തിന്മേലും അപ്പം ചുടുന്ന അടുപ്പുകളിലും മാവു കുഴെക്കുന്ന തൊട്ടികളിലും വരും. 4തവള നിന്റെ മേലും നിന്റെ ജനത്തിന്മേലും നിന്റെ സകലഭൃത്യന്മാരുടെ മേലും കയറും. 5യഹോവ പിന്നെയും മോശെയോടു: മിസ്രയീംദേശത്തു തവള കയറുവാൻ നദികളിൻമേലും പുഴകളിൻമേലും കുളങ്ങളിൻമേലും വടിയോടുകൂടെ കൈ നീട്ടുക എന്നു നീ അഹരോനോടു പറയേണം എന്നു കല്പിച്ചു. 6അങ്ങനെ അഹരോൻ മിസ്രയീമിലെ വെള്ളങ്ങളിൻമേൽ കൈ നീട്ടി, തവള കയറി മിസ്രയീംദേശത്തെ മൂടി. 7മന്ത്രവാദികളും തങ്ങളുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു, മിസ്രയീംദേശത്തു തവള കയറുമാറാക്കി. 8എന്നാറെ ഫറവോൻ മോശെയെയും അഹരോനെയും വിളിപ്പിച്ചു: തവള എന്നെയും എന്റെ ജനത്തെയും വിട്ടു നീങ്ങുമാറാകേണ്ടതിന്നു യഹോവയോടു പ്രാർത്ഥിപ്പിൻ. എന്നാൽ യഹോവെക്കു യാഗം കഴിപ്പാൻ ഞാൻ ജനത്തെ വിട്ടയക്കാം എന്നു പറഞ്ഞു. 9മോശെ ഫറവോനോടു: തവള നിന്നെയും നിന്റെ ഗൃഹങ്ങളെയും വിട്ടു നീങ്ങി നദിയിൽ മാത്രം ഇരിക്കേണ്ടതിന്നു ഞാൻ നിനക്കും നിന്റെ ഭൃത്യന്മാർക്കും നിന്റെ ജനത്തിനും വേണ്ടി എപ്പോൾ പ്രാർത്ഥിക്കേണം എന്നു എനിക്കു സമയം നിശ്ചയിച്ചാലും എന്നു പറഞ്ഞു. 10നാളെ എന്നു അവൻ പറഞ്ഞു; ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല എന്നു നീ അറിയേണ്ടതിന്നു നിന്റെ വാക്കുപോലെ ആകട്ടെ; 11തവള നിന്നെയും നിന്റെ ഗൃഹങ്ങളെയും നിന്റെ ഭൃത്യന്മാരെയും ജനത്തെയും വിട്ടു മാറി നദിയിൽ മാത്രം ഇരിക്കും എന്നു അവൻ പറഞ്ഞു. 12അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കൽനിന്നു ഇറങ്ങി ഫറവോന്റെ മേൽ വരുത്തിയ തവള നിമിത്തം മോശെ യഹോവയോടു പ്രാർത്ഥിച്ചു. 13മോശെയുടെ പ്രാർത്ഥനപ്രകാരം യഹോവ ചെയ്തു; ഗൃഹങ്ങളിലും മുറ്റങ്ങളിലും പറമ്പുകളിലും ഉള്ള തവള ചത്തുപോയി. 14അവർ അതിനെ കൂമ്പാരംകൂമ്പാരമായി കൂട്ടി; ദേശം നാറുകയും ചെയ്തു. 15എന്നാൽ സ്വൈരം വന്നു എന്നു ഫറവോൻ കണ്ടാറെ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അവൻ തന്റെ ഹൃദയത്തെ കഠിനമാക്കി അവരെ ശ്രദ്ധിച്ചതുമില്ല.

16അപ്പോൾ യഹോവ മോശെയോടു: നിന്റെ വടി നീട്ടി നിലത്തിലെ പൊടിയെ അടിക്ക എന്നു അഹരോനോടു പറക. അതു മിസ്രയീംദേശത്തു എല്ലാടവും പേൻ ആയ്തീരും എന്നു കല്പിച്ചു. 17അവർ അങ്ങനെ ചെയ്തു; അഹരോൻ വടിയോടുകൂടെ കൈ നീട്ടി നിലത്തിലെ പൊടിയെ അടിച്ചു; അതു മനുഷ്യരുടെ മേലും മൃഗങ്ങളിൻമേലും പേൻ ആയ്തീർന്നു; മിസ്രയീംദേശത്തെങ്ങും നിലത്തിലെ പൊടിയെല്ലാം പേൻ ആയ്തീർന്നു. 18മന്ത്രവാദികളും തങ്ങളുടെ മന്ത്രവാദത്താൽ പേൻ ഉളവാക്കുവാൻ അതുപോലെ ചെയ്തു; അവർക്കു കഴിഞ്ഞില്ല താനും. മനുഷ്യരുടെയും മൃഗങ്ങളുടെയും മേൽ പേൻ ഉളവായതുകൊണ്ടു മന്ത്രവാദികൾ ഫറവോനോടു: 19 bഇതു ദൈവത്തിന്റെ വിരൽ ആകുന്നു എന്നു പറഞ്ഞു; എന്നാൽ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു അവൻ അവരെ ശ്രദ്ധിച്ചതുമില്ല.

20പിന്നെ യഹോവ മോശെയോടു കല്പിച്ചതു: നീ നാളെ നന്ന രാവിലെ എഴുന്നേറ്റു ഫറവോന്റെ മുമ്പാകെ നിൽക്ക; അവൻ വെള്ളത്തിന്റെ അടുക്കൽ വരും. നീ അവനോടു പറയേണ്ടതു എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്ക. 21നീ എന്റെ ജനത്തെ വിട്ടയക്കയില്ല എങ്കിൽ ഞാൻ നിന്റെമേലും നിന്റെ ഭൃത്യന്മാരുടെമേലും നിന്റെ ജനത്തിൻമേലും നിന്റെ ഗൃഹങ്ങളിലും നായീച്ചയെ അയക്കും. മിസ്രയീമ്യരുടെ വീടുകളും അവർ പാർക്കുന്ന ദേശവും നായീച്ചകൊണ്ടു നിറയും. 22ഭൂമിയിൽ ഞാൻ തന്നേ യഹോവ എന്നു നീ അറിയേണ്ടതിന്നു എന്റെ ജനം പാർക്കുന്ന ഗോശെൻദേശത്തെ അന്നു ഞാൻ നായീച്ച വരാതെ വേർതിരിക്കും. 23എന്റെ ജനത്തിന്നും നിന്റെ ജനത്തിന്നും മദ്ധ്യേ ഞാൻ ഒരു വ്യത്യാസം വെക്കും; നാളെ ഈ അടയാളം ഉണ്ടാകും. 24യഹോവ അങ്ങനെ തന്നേ ചെയ്തു: അനവധി നായീച്ച ഫറവോന്റെ അരമനയിലും അവന്റെ ഭൃത്യന്മാരുടെ വീടുകളിലും മിസ്രയീംദേശത്തു എല്ലാടവും വന്നു; നായീച്ചയാൽ ദേശം നശിച്ചു. 25അപ്പോൾ ഫറവോൻ മോശെയെയും അഹരോനെയും വിളിച്ചു: നിങ്ങൾ പോയി ദേശത്തുവെച്ചു തന്നേ നിങ്ങളുടെ ദൈവത്തിന്നു യാഗം കഴിപ്പിൻ എന്നു പറഞ്ഞു. 26അതിന്നു മോശെ: അങ്ങനെ ചെയ്തുകൂടാ; മിസ്രയീമ്യർക്കു അറെപ്പായുള്ളതു ഞങ്ങളുടെ ദൈവമായ യഹോവെക്കു യാഗംകഴിക്കേണ്ടിവരുമല്ലോ; മിസ്രയീമ്യർക്കു അറെപ്പായുള്ളതു അവർ കാൺകെ ഞങ്ങൾ യാഗം കഴിച്ചാൽ അവർ ഞങ്ങളെ കല്ലെറികയില്ലയോ? 27ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങളോടു കല്പിച്ചതുപോലെ ഞങ്ങൾ മൂന്നു ദിവസത്തെ വഴി ദൂരം മരുഭൂമിയിൽ പോയി അവന്നു യാഗം കഴിക്കേണം എന്നു പറഞ്ഞു. 28അപ്പോൾ ഫറവോൻ: നിങ്ങളുടെ ദൈവമായ യഹോവെക്കു മരുഭൂമിയിൽവെച്ചു യാഗംകഴിക്കേണ്ടതിന്നു നിങ്ങളെ വിട്ടയക്കാം; അതിദൂരത്തു മാത്രം പോകരുതു; എനിക്കു വേണ്ടി പ്രാർത്ഥിപ്പിൻ എന്നു പറഞ്ഞു. 29അതിന്നു മോശെ: ഞാൻ നിന്റെ അടുക്കൽ നിന്നു പുറപ്പെട്ടു യഹോവയോടു പ്രാർത്ഥിക്കും; നാളെ നായീച്ച ഫറവോനെയും ഭൃത്യന്മാരെയും ജനത്തെയും വിട്ടു നീങ്ങിപ്പോകും. എങ്കിലും യഹോവെക്കു യാഗം കഴിപ്പാൻ ജനത്തെ വിട്ടയക്കാതിരിക്കുന്നതിനാൽ ഫറവോൻ ഇനി ചതിവു ചെയ്യരുതു എന്നു പറഞ്ഞു. 30അങ്ങനെ മോശെ ഫറവോന്റെ അടുക്കൽനിന്നു പുറപ്പെട്ടു യഹോവയോടു പ്രാർത്ഥിച്ചു. 31യഹോവ മോശെയുടെ പ്രാർത്ഥനപ്രകാരം ചെയ്തു: നായീച്ച ഒന്നുപോലും ശേഷിക്കാതെ ഫറവോനെയും ഭൃത്യന്മാരെയും ജനത്തെയും വിട്ടു നീങ്ങിപ്പോയി. 32എന്നാൽ ഫറവോൻ ഈ പ്രാവശ്യവും തന്റെ ഹൃദയം കഠിനമാക്കി; ജനത്തെ വിട്ടയച്ചതുമില്ല.

Exodus 9

1യഹോവ പിന്നെയും മോശെയോടു കല്പിച്ചതു: നീ ഫറവോന്റെ അടുക്കൽ ചെന്നു അവനോടു പറയേണ്ടതു എന്തെന്നാൽ: എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്ക. 2വിട്ടയപ്പാൻ സമ്മതിക്കാതെ ഇനിയും അവരെ തടഞ്ഞു നിർത്തിയാൽ, 3യഹോവയുടെ കൈ കുതിര, കഴുത, ഒട്ടകം, കന്നുകാലി, ആടു എന്നിങ്ങനെ വയലിൽ നിനക്കുള്ള മൃഗങ്ങളിന്മേൽ വരും; അതികഠിനമായ വ്യാധിയുണ്ടാകും. 4യഹോവ യിസ്രായേല്യരുടെ മൃഗങ്ങൾക്കും മിസ്രയീമ്യരുടെ മൃഗങ്ങൾക്കും തമ്മിൽ വ്യത്യാസം വെക്കും; യിസ്രായേൽമക്കൾക്കുള്ള സകലത്തിലും ഒന്നും ചാകയില്ല. 5നാളെ യഹോവ ഈ കാര്യം ദേശത്തു ചെയ്യുമെന്നു കല്പിച്ചു സമയം കുറിച്ചിരിക്കുന്നു. 6അങ്ങനെ പിറ്റേദിവസം യഹോവ ഈ കാര്യം ചെയ്തു: മിസ്രയീമ്യരുടെ മൃഗങ്ങൾ എല്ലാം ചത്തു; യിസ്രായേൽമക്കളുടെ മൃഗങ്ങളോ ഒന്നുപോലും ചത്തില്ല. 7ഫറവോൻ ആളയച്ചു; യിസ്രായേല്യരുടെ മൃഗങ്ങൾ ഒന്നുപോലും ചത്തില്ല എന്നു കണ്ടു എങ്കിലും ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു അവൻ ജനത്തെ വിട്ടയച്ചതുമില്ല.

8പിന്നെ യഹോവ മോശെയോടും അഹരോനോടും: അടുപ്പിലെ വെണ്ണീർ കൈനിറച്ചു വാരുവിൻ; മോശെ അതു ഫറവോന്റെ മുമ്പാകെ ആകാശത്തേക്കു വിതറട്ടെ. 9അതു മിസ്രയീംദേശത്തു എല്ലാടവും ധൂളിയായി പാറി മിസ്രയീംദേശത്തൊക്കെയും മനുഷ്യരുടെ മേലും മൃഗങ്ങളിൻമേലും പുണ്ണായി പൊങ്ങുന്ന പരുവാകും എന്നു കല്പിച്ചു. 10 cഅങ്ങനെ അവർ അടുപ്പിലെ വെണ്ണീർ വാരി ഫറവോന്റെ മുമ്പാകെ നിന്നു. മോശെ അതു ആകാശത്തേക്കു വിതറിയപ്പോൾ അതു മനുഷ്യരുടെ മേലും മൃഗങ്ങളിൻ മേലും പുണ്ണായി പൊങ്ങുന്ന പരുവായ്തീർന്നു. 11പരുനിമിത്തം മന്ത്രവാദികൾക്കു മോശെയുടെ മുമ്പാകെ നില്പാൻ കഴിഞ്ഞില്ല; പരു മന്ത്രവാദികൾക്കും എല്ലാമിസ്രയീമ്യർക്കും ഉണ്ടായിരുന്നു. 12എന്നാൽ യഹോവ മോശെയോടു അരുളിച്ചെയ്തിരുന്നതുപോലെ അവൻ ഫറവോന്റെ ഹൃദയത്തെ കഠിനമാക്കി; അവൻ അവരെ ശ്രദ്ധിച്ചതുമില്ല.

13അപ്പോൾ യഹോവ മോശെയോടു കല്പിച്ചതു: നീ നന്ന രാവിലെ എഴുന്നേറ്റു, ഫറവോന്റെ മുമ്പാകെ നിന്നു അവനോടു പറയേണ്ടതു എന്തെന്നാൽ: എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്ക. 14സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന്നു ഈ പ്രാവശ്യം ഞാൻ എന്റെ ബാധകളൊക്കെയും നിന്റെ മേലും നിന്റെ ഭൃത്യന്മാരുടെ മേലും നിന്റെ ജനത്തിന്മേലും അയക്കും. 15ഇപ്പോൾ തന്നേ ഞാൻ എന്റെ കൈ നീട്ടി നിന്നെയും നിന്റെ ജനത്തെയും മഹാമാരിയാൽ ദണ്ഡിപ്പിച്ചു നിന്നെ ഭൂമിയിൽ നിന്നു ഛേദിച്ചുകളയുമായിരുന്നു. 16 dഎങ്കിലും എന്റെ ശക്തി നിന്നെ കാണിക്കേണ്ടതിന്നും എന്റെ നാമം സർവ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിന്നും ഞാൻ നിന്നെ നിർത്തിയിരിക്കുന്നു. 17എന്റെ ജനത്തെ അയക്കാതിരിപ്പാൻ തക്കവണ്ണം നീ ഇനിയും അവരെ തടഞ്ഞു നിർത്തുന്നു. 18മിസ്രയീം സ്ഥാപിതമായ നാൾമുതൽ ഇന്നുവരെ അതിൽ ഉണ്ടായിട്ടില്ലാത്ത അതികഠിനമായ കല്മഴ ഞാൻ നാളെ ഈ നേരത്തു പെയ്യിക്കും. 19അതുകൊണ്ടു ഇപ്പോൾ ആളയച്ചു നിന്റെ മൃഗങ്ങളെയും വയലിൽ നിനക്കുള്ള സകലത്തെയും അകത്തു വരുത്തിക്കൊൾക. വീട്ടിൽ വരുത്താതെ വയലിൽ കാണുന്ന സകലമനുഷ്യന്റെയും മൃഗത്തിന്റെയും മേൽ കല്മഴ പെയ്യുകയും എല്ലാം ചാകയും ചെയ്യും. 20ഫറവോന്റെ ഭൃത്യന്മാരിൽ യഹോവയുടെ വചനത്തെ ഭയപ്പെട്ടവർ ദാസന്മാരെയും മൃഗങ്ങളെയും വീടുകളിൽ വരുത്തി രക്ഷിച്ചു. 21എന്നാൽ യഹോവയുടെ വചനത്തെ പ്രമാണിക്കാതിരുന്നവർ ദാസന്മാരെയും മൃഗങ്ങളെയും വയലിൽ തന്നേ വിട്ടേച്ചു.

22പിന്നെ യഹോവ മോശെയോടു: മിസ്രയീംദേശത്തു എല്ലാടവും മനുഷ്യരുടെയും മൃഗങ്ങളുടെയും മേലും മിസ്രയീംദേശത്തുള്ള സകലസസ്യത്തിന്മേലും കല്മഴ വരുവാൻ നിന്റെ കൈ ആകാശത്തേക്കു നീട്ടുക എന്നു കല്പിച്ചു. 23മോശെ തന്റെ വടി ആകാശത്തേക്കു നീട്ടി; അപ്പോൾ യഹോവ ഇടിയും കല്മഴയും അയച്ചു; തീ ഭൂമിയിലേക്കു പാഞ്ഞിറങ്ങി; യഹോവ മിസ്രയീംദേശത്തിന്മേൽ കല്മഴ പെയ്യിച്ചു. 24 eഇങ്ങനെ കല്മഴയും കല്മഴയോടു കൂടെ വിടാതെ ഇറങ്ങുന്ന തീയും അതികഠിനമായിരുന്നു; മിസ്രയീംദേശത്തു ജനവാസം തുടങ്ങിയതുമുതൽ അതിലെങ്ങും ഇതുപോലെ ഉണ്ടായിട്ടില്ല. 25മിസ്രയീംദേശത്തു എല്ലാടവും മനുഷ്യരെയും മൃഗങ്ങളെയും വയലിൽ ഇരുന്ന സകലത്തെയും കല്മഴ സംഹരിച്ചു; കല്മഴ വയലിലുള്ള സകലസസ്യത്തെയും നശിപ്പിച്ചു; പറമ്പിലെ വൃക്ഷത്തെ ഒക്കെയും തകർത്തുകളഞ്ഞു. 26യിസ്രായേൽമക്കൾ പാർത്ത ഗോശെൻദേശത്തു മാത്രം കല്മഴ ഉണ്ടായില്ല. 27അപ്പോൾ ഫറവോൻ ആളയച്ചു മോശെയെയും അഹരോനെയും വിളിപ്പിച്ചു അവരോടു: ഈ പ്രാവശ്യം ഞാൻ പാപം ചെയ്തു; യഹോവ നീതിയുള്ളവൻ; ഞാനും എന്റെ ജനവും ദുഷ്ടന്മാർ. 28യഹോവയോടു പ്രാർത്ഥിപ്പിൻ; ഈ ഭയങ്കരമായ ഇടിയും കല്മഴയും മതി. ഞാൻ നിങ്ങളെ വിട്ടയക്കാം; ഇനി താമസിപ്പിക്കയില്ല എന്നു പറഞ്ഞു. 29മോശെ അവനോടു: ഞാൻ പട്ടണത്തിൽനിന്നു പുറപ്പെടുമ്പോൾ യഹോവയിങ്കലേക്കു കൈ മലർത്തും; ഭൂമി യഹോവെക്കുള്ളതു എന്നു നീ അറിയേണ്ടതിന്നു ഇടിമുഴക്കം നിന്നുപോകും; കല്മഴയും പിന്നെ ഉണ്ടാകയില്ല. 30എന്നാൽ നീയും നിന്റെ ഭൃത്യന്മാരും യഹോവയായ ദൈവത്തെ ഭയപ്പെടുകയില്ല എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു. 31അങ്ങനെ ചണവും യവവും നശിച്ചുപോയി; യവം കതിരായും ചണം പൂത്തും ഇരുന്നു. 32എന്നാൽ കോതമ്പും ചോളവും വളർന്നിട്ടില്ലാഞ്ഞതുകൊണ്ടു നശിച്ചില്ല. 33മോശെ ഫറവോനെ വിട്ടു പട്ടണത്തിൽനിന്നു പുറപ്പെട്ടു യഹോവയിങ്കലേക്കു കൈ മലർത്തിയപ്പോൾ ഇടിമുഴക്കവും കല്മഴയും നിന്നു മഴ ഭൂമിയിൽ ചൊരിഞ്ഞതുമില്ല. 34എന്നാൽ മഴയും കല്മഴയും ഇടിമുഴക്കവും നിന്നുപോയി എന്നു ഫറവോൻ കണ്ടപ്പോൾ അവൻ പിന്നെയും പാപം ചെയ്തു; അവനും ഭൃത്യന്മാരും ഹൃദയം കഠിനമാക്കി. 35യഹോവ മോശെമുഖാന്തരം അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു, അവൻ യിസ്രായേൽമക്കളെ വിട്ടയച്ചതുമില്ല.

Exodus 10

1യഹോവ പിന്നെയും മോശെയോടു: നീ ഫറവോന്റെ അടുക്കൽ ചെല്ലുക. ഞാൻ അവന്റെ മുമ്പിൽ എന്റെ അടയാളങ്ങളെ ചെയ്യേണ്ടതിന്നും, 2ഞാൻ മിസ്രയീമിൽ പ്രവർത്തിച്ച കാര്യങ്ങളും അവരുടെ മദ്ധ്യേ ചെയ്ത അടയാളങ്ങളും നീ നിന്റെ പുത്രന്മാരോടും പൗത്രന്മാരോടും വിവരിക്കേണ്ടതിന്നും ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയേണ്ടതിന്നും ഞാൻ അവന്റെയും ഭൃത്യന്മാരുടെയും ഹൃദയം കഠിനമാക്കിയിരിക്കുന്നു എന്നു കല്പിച്ചു. 3അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കൽ ചെന്നു അവനോടു പറഞ്ഞതെന്തെന്നാൽ: എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ മുമ്പാകെ നിന്നെ തന്നേ താഴ്ത്തുവാൻ എത്രത്തോളം നിനക്കു മനസ്സില്ലാതിരിക്കും? എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്ക. 4എന്റെ ജനത്തെ വിട്ടയപ്പാൻ നിനക്കു മനസ്സില്ലെങ്കിൽ ഞാൻ നാളെ നിന്റെ രാജ്യത്തു വെട്ടുക്കിളിയെ വരുത്തും. 5നിലം കാണ്മാൻ വഹിയാതവണ്ണം അവ ഭൂതലത്തെ മൂടുകയും കല്മഴയിൽ നശിക്കാതെ ശേഷിച്ചിരിക്കുന്നതും പറമ്പിൽ തളിർത്തു വളരുന്ന സകലവൃക്ഷവും തിന്നുകളകയും ചെയ്യും. 6നിന്റെ ഗൃഹങ്ങളും നിന്റെ സകലഭൃത്യന്മാരുടെയും സകലമിസ്രയീമ്യരുടെയും വീടുകളും അതുകൊണ്ടു നിറയും; നിന്റെ പിതാക്കന്മാരെങ്കിലും പിതൃപിതാക്കന്മാരെങ്കിലും ഭൂമിയിൽ ഇരുന്ന കാലം മുതൽ ഇന്നുവരെയും അങ്ങനെയുള്ളതു കണ്ടിട്ടില്ല. പിന്നെ അവൻ തിരിഞ്ഞു ഫറവോന്റെ അടുക്കൽനിന്നു പോയി. 7അപ്പോൾ ഭൃത്യന്മാർ ഫറവോനോടു: എത്രത്തോളം ഇവൻ നമുക്കു കണിയായിരിക്കും? ആ മനുഷ്യരെ തങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കേണ്ടതിന്നു വിട്ടയക്കേണം; മിസ്രയീം നശിച്ചുപോകുന്നു എന്നു ഇപ്പോഴും നീ അറിയുന്നില്ലയോ എന്നു പറഞ്ഞു. 8അപ്പോൾ ഫറവോൻ മോശെയെയും അഹരോനെയും വീണ്ടും വരുത്തി അവരോടു: നിങ്ങൾ പോയി നിങ്ങളുടെ ദൈവമായ യഹോവയെ ആരാധിപ്പിൻ. 9എന്നാൽ പോകേണ്ടുന്നവർ ആരെല്ലാം? എന്നു ചോദിച്ചതിന്നു മോശെ ഞങ്ങൾക്കു യഹോവയുടെ ഉത്സവമുണ്ടാകകൊണ്ടു ഞങ്ങൾ ഞങ്ങളുടെ ബാലന്മാരും വൃദ്ധന്മാരും പുത്രന്മാരും പുത്രിമാരുമായി പോകും; ഞങ്ങളുടെ ആടുകളെയും കന്നുകാലികളെയും കൂടെ കൊണ്ടുപോകും എന്നു പറഞ്ഞു. 10അവൻ അവരോടു: ഞാൻ നിങ്ങളെയും നിങ്ങളുടെ കുഞ്ഞുകുട്ടികളെയും വിട്ടയച്ചാൽ യഹോവ നിങ്ങളോടുകൂടെ ഇരിക്കട്ടെ; നോക്കുവിൻ; ദോഷമാകുന്നു നിങ്ങളുടെ അന്തരം. 11അങ്ങനെയല്ല, നിങ്ങൾ പുരുഷന്മാർ പോയി യഹോവയെ ആരാധിച്ചുകൊൾവിൻ; ഇതല്ലോ നിങ്ങൾ അപേക്ഷിച്ചതു എന്നു പറഞ്ഞു അവരെ ഫറവോന്റെ സന്നിധിയിൽനിന്നു ആട്ടിക്കളഞ്ഞു.

12അപ്പോൾ യഹോവ മോശെയോടു: നിലത്തിലെ സകലസസ്യാദികളും കല്മഴയിൽ ശേഷിച്ചതു ഒക്കെയും തിന്നുകളയേണ്ടതിന്നു വെട്ടുക്കിളി മിസ്രയീംദേശത്തു വരുവാൻ നിന്റെ കൈ ദേശത്തിന്മേൽ നീട്ടുക എന്നു പറഞ്ഞു. 13അങ്ങനെ മോശെ തന്റെ വടി മിസ്രയീംദേശത്തിന്മേൽ നീട്ടി; യഹോവ അന്നു പകൽ മുഴുവനും രാത്രി മുഴുവനും ദേശത്തിന്മേൽ കിഴക്കൻകാറ്റു അടിപ്പിച്ചു; പ്രഭാതം ആയപ്പോൾ കിഴക്കൻകാറ്റു വെട്ടുക്കിളിയെ കൊണ്ടുവന്നു. 14 fവെട്ടുക്കിളി മിസ്രയീംദേശത്തൊക്കെയും വന്നു മിസ്രയീമിന്റെ അതിർക്കകത്തു ഒക്കെയും അനവധിയായി വീണു; അതുപോലെ വെട്ടുക്കിളി ഉണ്ടായിട്ടില്ല, ഇനി അതുപോലെ ഉണ്ടാകയുമില്ല. 15അതു ഭൂതലത്തെ ഒക്കെയും മൂടി ദേശം അതിനാൽ ഇരുണ്ടുപോയി; കല്മഴയിൽ ശേഷിച്ചതായി നിലത്തിലെ സകലസസ്യവും വൃക്ഷങ്ങളുടെ സകലഫലവും അതു തിന്നുകളഞ്ഞു; മിസ്രയീംദേശത്തു എങ്ങും വൃക്ഷങ്ങളിലാകട്ടെ നിലത്തിലെ സസ്യത്തിലാകട്ടെ പച്ചയായതൊന്നും ശേഷിച്ചില്ല. 16ഫറവോൻ മോശെയെയും അഹരോനെയും വേഗത്തിൽ വിളിപ്പിച്ചു: നിങ്ങളുടെ ദൈവമായ യഹോവയോടും നിങ്ങളോടും ഞാൻ പാപം ചെയ്തിരിക്കുന്നു. 17അതുകൊണ്ടു ഈ പ്രാവശ്യം മാത്രം നീ എന്റെ പാപം ക്ഷമിച്ചു ഈ ഒരു മരണം എന്നെ വിട്ടു നീങ്ങുവാൻ നിങ്ങളുടെ ദൈവമായ യഹോവയോടു പ്രാർത്ഥിപ്പിൻ എന്നു പറഞ്ഞു. 18അവൻ ഫറവോന്റെ അടുക്കൽ നിന്നു പറപ്പെടു യഹോവയോടു പ്രാർത്ഥിച്ചു. 19യഹോവ മഹാശക്തിയുള്ളോരു പടിഞ്ഞാറൻ കാറ്റു അടിപ്പിച്ചു; അതു വെട്ടുക്കിളിയെ എടുത്തു ചെങ്കടലിൽ ഇട്ടുകളഞ്ഞു. മിസ്രയീംരാജ്യത്തെങ്ങും ഒരു വെട്ടുക്കിളിപോലും ശേഷിച്ചില്ല. 20എന്നാൽ യഹോവ ഫറവോന്റെ ഹൃദയത്തെ കഠിനമാക്കി; അവൻ യിസ്രായേൽമക്കളെ വിട്ടയച്ചതുമില്ല.

21അപ്പോൾ യഹോവ മോശെയോടു: മിസ്രയീംദേശത്തു സ്പർശിക്കത്തക്ക ഇരുൾ ഉണ്ടാകേണ്ടതിന്നു നിന്റെ കൈ ആകാശത്തേക്കു നീട്ടുക എന്നു കല്പിച്ചു. 22 gമോശെ തന്റെ കൈ ആകാശത്തേക്കു നീട്ടി, മിസ്രയീംദേശത്തൊക്കെയും മൂന്നു ദിവസത്തേക്കു കൂരിരുട്ടുണ്ടായി. 23മൂന്നു ദിവസത്തേക്കു ഒരുത്തനെ ഒരുത്തൻ കണ്ടില്ല; ഒരുത്തനും തന്റെ സ്ഥലം വിട്ടു എഴുന്നേറ്റതുമില്ല. എന്നാൽ യിസ്രായേൽമക്കൾക്കു എല്ലാവർക്കും തങ്ങളുടെ വാസസ്ഥലങ്ങളിൽ വെളിച്ചം ഉണ്ടായിരുന്നു. 24അപ്പോൾ ഫറവോൻ മോശെയെ വിളിപ്പിച്ചു. നിങ്ങൾ പോയി യഹോവയെ ആരാധിപ്പിൻ; നിങ്ങളുടെ ആടുകളും കന്നുകാലികളും മാത്രം ഇങ്ങു നിൽക്കട്ടെ; നിങ്ങളുടെ കുഞ്ഞു കുട്ടികളും നിങ്ങളോടുകൂടെ പോരട്ടെ എന്നു പറഞ്ഞു. 25അതിന്നു മോശെ പറഞ്ഞതു: ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവെക്കു അർപ്പിക്കേണ്ടതിന്നു യാഗങ്ങൾക്കും സർവ്വാംഗഹോമങ്ങൾക്കും വേണ്ടി മൃഗങ്ങളെയും നീ ഞങ്ങൾക്കു തരേണം. 26ഞങ്ങളുടെ മൃഗങ്ങളും ഞങ്ങളോടുകൂടെ പോരേണം; ഒരു കുളമ്പുപോലും പിമ്പിൽ ശേഷിച്ചുകൂടാ; ഞങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കേണ്ടതിന്നു അതിൽനിന്നല്ലോ ഞങ്ങൾ എടുക്കേണ്ടതു; ഏതിനെ അർപ്പിച്ചു യഹോവയെ ആരാധിക്കേണമെന്നു അവിടെ എത്തുവോളം ഞങ്ങൾ അറിയുന്നില്ല. 27എന്നാൽ യഹോവ ഫറവോന്റെ ഹൃദയം കഠിനമാക്കി; അവരെ വിട്ടയപ്പാൻ അവന്നു മനസ്സായില്ല. 28ഫറവോൻ അവനോടു: എന്റെ അടുക്കൽനിന്നു പോക. ഇനി എന്റെ മുഖം കാണാതിരിപ്പാൻ സൂക്ഷിച്ചുകൊൾക. എന്റെ മുഖം കാണുന്ന നാളിൽ നീ മരിക്കും എന്നു പറഞ്ഞതിന്നു മോശെ: 29നീ പറഞ്ഞതുപോലെ ആകട്ടെ; ഞാൻ ഇനി നിന്റെ മുഖം കാണുകയില്ല എന്നു പറഞ്ഞു.

Exodus 11

1അനന്തരം യഹോവ മോശെയോടു: ഞാൻ ഒരു ബാധകൂടെ ഫറവോന്മേലും മിസ്രയീമിന്മേലും വരുത്തും; അതിന്റെ ശേഷം അവൻ നിങ്ങളെ ഇവിടെനിന്നു വിട്ടയക്കും; വിട്ടയക്കുമ്പോൾ നിങ്ങളെ ഒട്ടൊഴിയാതെ ഇവിടെ നിന്നു ഓടിച്ചുകളയും. 2ഓരോ പുരുഷൻ താന്താന്റെ അയൽക്കാരനോടും ഓരോ സ്ത്രീ താന്താന്റെ അയൽക്കാരത്തിയോടും വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും ചോദിപ്പാൻ നീ ജനത്തോടു പറക എന്നു കല്പിച്ചു. 3യഹോവ മിസ്രയീമ്യർക്കു ജനത്തോടു കൃപ തോന്നുമാറാക്കി. വിശേഷാൽ മോശെ എന്ന പുരുഷനെ മിസ്രയീംദേശത്തു ഫറവോന്റെ ഭൃത്യന്മാരും പ്രജകളും മഹാശ്രേഷ്ഠനായി വിചാരിച്ചു.

4മോശെ പറഞ്ഞതെന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അർദ്ധരാത്രിയിൽ ഞാൻ മിസ്രയീമിന്റെ നടുവിൽകൂടി പോകും. 5അപ്പോൾ സിംഹാസനത്തിൽ ഇരിക്കുന്ന ഫറവോന്റെ ആദ്യജാതൻമുതൽ തിരികല്ലിങ്കൽ ഇരിക്കുന്ന ദാസിയുടെ ആദ്യജാതൻവരെയും മിസ്രയീംദേശത്തുള്ള കടിഞ്ഞൂൽ ഒക്കെയും മൃഗങ്ങളുടെ എല്ലാകടിഞ്ഞൂലും ചത്തുപോകും. 6മിസ്രയീംദേശത്തു എങ്ങും മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തതും ഇനി ഉണ്ടാകാത്തതുമായ വലിയൊരു നിലവിളി ഉണ്ടാകും. 7എന്നാൽ യഹോവ മിസ്രയീമ്യർക്കും യിസ്രായേല്യർക്കും മദ്ധ്യേ വ്യത്യാസം വെക്കുന്നു എന്നു നിങ്ങൾ അറിയേണ്ടതിന്നു യിസ്രായേൽമക്കളിൽ യാതൊരു മനുഷ്യന്റെയോ മൃഗത്തിന്റെയോ നേരെ ഒരു നായിപോലും നാവു അനക്കുകയില്ല. 8അപ്പോൾ നിന്റെ ഈ സകലഭൃത്യന്മാരും എന്റെ അടുക്കൽ വന്നു: നീയും നിന്റെ കീഴിൽ ഇരിക്കുന്ന സർവ്വജനവുംകൂടെ പുറപ്പെടുക എന്നു പറഞ്ഞു എന്നെ നമസ്കരിക്കും; അതിന്റെ ശേഷം ഞാൻ പുറപ്പെടും. അങ്ങനെ അവൻ ഉഗ്രകോപത്തോടെ ഫറവോന്റെ അടുക്കൽ നിന്നു പുറപ്പെട്ടുപോയി.

9യഹോവ മോശെയോടു: മിസ്രയീംദേശത്തു എന്റെ അത്ഭുതങ്ങൾ പെരുകേണ്ടതിന്നു ഫറവോൻ നിങ്ങളുടെ വാക്കു കേൾക്കയില്ല എന്നു അരുളിച്ചെയ്തു. 10മോശെയും അഹരോനും ഈ അത്ഭുതങ്ങളൊക്കെയും ഫറവോന്റെ മുമ്പാകെ ചെയ്തു എങ്കിലും യഹോവ ഫറവോന്റെ ഹൃദയത്തെ കഠിനമാക്കി; അവൻ യിസ്രായേൽമക്കളെ തന്റെ ദേശത്തു നിന്നു വിട്ടയച്ചതുമില്ല.

Exodus 12:1-13

1 hയഹോവ മോശെയോടും അഹരോനോടും മിസ്രയീംദേശത്തുവെച്ചു അരുളിച്ചെയ്തതു എന്തെന്നാൽ: 2ഈ മാസം നിങ്ങൾക്കു മാസങ്ങളുടെ ആരംഭമായി ആണ്ടിൽ ഒന്നാം മാസം ആയിരിക്കേണം. 3നിങ്ങൾ യിസ്രായേലിന്റെ സർവ്വസംഘത്തോടും പറയേണ്ടതു എന്തെന്നാൽ: ഈ മാസം പത്താം തിയ്യതി അതതു കുടുംബത്തിന്നു ഒരു ആട്ടിൻകുട്ടി വീതം ഓരോരുത്തൻ ഓരോ ആട്ടിൻകുട്ടിയെ എടുക്കേണം. 4ആട്ടിൻകുട്ടിയെ തിന്നുവാൻ വീട്ടിലുള്ളവർ പോരായെങ്കിൽ ആളുകളുടെ എണ്ണത്തിന്നു ഒത്തവണ്ണം അവനും അവന്റെ വീട്ടിന്നടുത്ത അയൽക്കാരനും കൂടി അതിനെ എടുക്കേണം. ഓരോരുത്തൻ തിന്നുന്നതിന്നു ഒത്തവണ്ണം കണക്കു നോക്കി നിങ്ങൾ ആട്ടിൻകുട്ടിയെ എടുക്കേണം. 5ആട്ടിൻകുട്ടി ഊനമില്ലാത്തതും ഒരു വയസ്സു പ്രായമുള്ള ആണുമായിരിക്കേണം; അതു ചെമ്മരിയാടോ കോലാടോ ആകാം. 6ഈ മാസം പതിന്നാലാം തിയ്യതിവരെ അതിനെ സൂക്ഷിക്കേണം. യിസ്രായേൽസഭയുടെ കൂട്ടമെല്ലാം സന്ധ്യാസമയത്തു അതിനെ അറുക്കേണം. 7അതിന്റെ രക്തം കുറെ എടുത്തു തങ്ങൾ തിന്നുന്ന വീടുകളുടെ വാതിലിന്റെ കട്ടളക്കാൽ രണ്ടിന്മേലും കുറുമ്പടിമേലും പുരട്ടേണം. 8അന്നു രാത്രി അവർ തീയിൽ ചുട്ടതായ ആ മാംസവും പുളിപ്പില്ലാത്ത അപ്പവും തിന്നേണം; കൈപ്പുചീരയോടുകൂടെ അതു തിന്നേണം. 9തലയും കാലും അന്തർഭാഗങ്ങളുമായി തീയിൽ ചുട്ടിട്ടല്ലാതെ പച്ചയായിട്ടോ വെള്ളത്തിൽ പുഴുങ്ങിയതായിട്ടോ തിന്നരുതു. 10പിറ്റെന്നാൾ കാലത്തേക്കു അതിൽ ഒട്ടും ശേഷിപ്പിക്കരുതു; പിറ്റെന്നാൾ കാലത്തേക്കു ശേഷിക്കുന്നതു നിങ്ങൾ തീയിലിട്ടു ചുട്ടുകളയേണം. 11അര കെട്ടിയും കാലിന്നു ചെരിപ്പിട്ടും കയ്യിൽ വടി പിടിച്ചുംകൊണ്ടു നിങ്ങൾ തിന്നേണം; തിടുക്കത്തോടെ നിങ്ങൾ തിന്നേണം; അതു യഹോവയുടെ പെസഹ ആകുന്നു. 12ഈ രാത്രിയിൽ ഞാൻ മിസ്രയീംദേശത്തുകൂടി കടന്നു മിസ്രയീംദേശത്തുള്ള മനുഷ്യന്റെയും മൃഗത്തിന്റെയും കടിഞ്ഞൂലിനെ ഒക്കെയും സംഹരിക്കും; മിസ്രയീമിലെ സകലദേവന്മാരിലും ഞാൻ ന്യായവിധി നടത്തും; ഞാൻ യഹോവ ആകുന്നു. 13നിങ്ങൾ പാർക്കുന്ന വീടുകളിന്മേൽ രക്തം അടയാളമായിരിക്കും; ഞാൻ രക്തം കാണുമ്പോൾ നിങ്ങളെ ഒഴിഞ്ഞു കടന്നു പോകും; ഞാൻ മിസ്രയീംദേശത്തെ ബാധിക്കുന്ന ബാധ നിങ്ങൾക്കു നാശഹേതുവായ്തീരുകയില്ല.
Copyright information for MalSC