Ezekiel 26

1 aപതിനൊന്നാം ആണ്ടു ഒന്നാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: 2മനുഷ്യപുത്രാ, യെരൂശലേമിനെക്കുറിച്ചു: നന്നായി, ജാതികളുടെ വാതിലായിരുന്നവൾ തകർന്നുപോയി; അവൾ എങ്കലേക്കു തിരിഞ്ഞിരിക്കുന്നു; അവൾ ശൂന്യമായ്തീർന്നിരിക്കയാൽ ഞാൻ നിറയും എന്നു സോർ പറയുന്നതുകൊണ്ടു 3യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: സോരേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു; സമുദ്രം തന്റെ തിരകളെ കയറിവരുമാറാക്കുന്നതുപോലെ ഞാൻ അനേകം ജാതികളെ നിന്റെ നേരെ പുറപ്പെട്ടുവരുമാറാക്കും. 4അവർ സോരിന്റെ മതിലുകളെ നശിപ്പിച്ചു, അതിന്റെ ഗോപുരങ്ങളെ ഇടിച്ചുകളയും; ഞാൻ അതിന്റെ പൊടി അടിച്ചുവാരിക്കളഞ്ഞു അതിനെ വെറും പാറയാക്കും. 5അതു സമുദ്രത്തിന്റെ നടുവിൽ വലവിരിക്കുന്നതിന്നുള്ള സ്ഥലമായ്തീരും; ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; അതു ജാതികൾക്കു കവർച്ചയായി തീരും. 6നാട്ടുപുറത്തുള്ള അതിന്റെ പുത്രിമാരെ വാൾകൊണ്ടു കൊല്ലും; ഞാൻ യഹോവ എന്നു അവർ അറിയും. 7യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ വടക്കുനിന്നു രാജാധിരാജാവായ നെബൂഖദ്നേസർ എന്ന ബാബേൽരാജാവിനെ കുതിരകളോടും രഥങ്ങളോടും കുതിരച്ചേവകരോടും ജനസമൂഹത്തോടും വളരെ പടജ്ജനത്തോടും കൂടെ സോരിന്നുനേരെ വരുത്തും. 8അവൻ നാട്ടുപുറത്തുള്ള നിന്റെ പുത്രിമാരെ വാൾകൊണ്ടു കൊല്ലും; അവൻ നിന്റെ നേരെ കൊത്തളം പണിതു വാടകോരി നിന്റെ നേരെ ഒരു മറ നിർത്തും. 9അവൻ നിന്റെ മതിലുകളുടെ നേരെ യന്ത്രമുട്ടികളെ വെച്ചു കോടാലികൊണ്ടു നിന്റെ ഗോപുരങ്ങളെ തകർത്തുകളയും. 10അവന്റെ കുതിരകളുടെ പെരുപ്പംകൊണ്ടു കിളരുന്ന പൊടി നിന്നെ മൂടും; മതിൽ ഇടിഞ്ഞുകിടക്കുന്ന പട്ടണത്തിലേക്കു കടക്കുന്നതുപോലെ അവൻ നിന്റെ ഗോപുരങ്ങളിൽകൂടി കടക്കുമ്പോൾ കുതിരച്ചേവകരുടെയും ചക്രങ്ങളുടെയും രഥങ്ങളുടെയും മുഴക്കംകൊണ്ടു നിന്റെ മതിലുകൾ കുലുങ്ങിപ്പോകും. 11തന്റെ കുതിരകളുടെ കുളമ്പുകൊണ്ടു അവൻ നിന്റെ സകലവീഥികളെയും മെതിച്ചുകളയും; നിന്റെ ജനത്തെ അവൻ വാൾകൊണ്ടു കൊല്ലും; നിന്റെ ബലമുള്ള തൂണുകൾ നിലത്തു വീണുകിടക്കും. 12അവർ നിന്റെ സമ്പത്തു കവർന്നു നിന്റെ ചരക്കു കൊള്ളയിട്ടു നിന്റെ മതിലുകൾ ഇടിച്ചു നിന്റെ മനോഹരഭവനങ്ങൾ നശിപ്പിക്കും; നിന്റെ കല്ലും മരവും മണ്ണും എല്ലാം അവർ വെള്ളത്തിൽ ഇട്ടുകളയും. 13 bനിന്റെ പാട്ടുകളുടെ ഘോഷം ഞാൻ ഇല്ലാതാക്കും; നിന്റെ വീണകളുടെ നാദം ഇനി കേൾക്കയുമില്ല. 14ഞാൻ നിന്നെ വെറുമ്പാറയാക്കും; നീ വലവിരിപ്പാനുള്ള സ്ഥലമായ്തീരും; നിന്നെ ഇനി പണികയില്ല; യഹോവയായ ഞാൻ അതു കല്പിച്ചിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.

15യഹോവയായ കർത്താവു സോരിനോടു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിഹതന്മാർ ഞരങ്ങുമ്പോഴും നിന്റെ നടുവിൽ സംഹാരം നടക്കുമ്പോഴും നിന്റെ വീഴ്ചയുടെ ഒച്ചയാൽ ദ്വീപുകൾ നടുങ്ങിപ്പോകയില്ലയോ? 16 cഅപ്പോൾ സമുദ്രത്തിലെ സകലപ്രഭുക്കന്മാരും സിംഹാസനം വിട്ടിറങ്ങി, അങ്കികളെ നീക്കി വിചിത്രവസ്ത്രങ്ങളെ അഴിച്ചുവെക്കും; അവർ വിറയൽപൂണ്ടു നിലത്തിരുന്നു മാത്രതോറും വിറെച്ചുകൊണ്ടു നിന്നെക്കുറിച്ചു സ്തംഭിച്ചുപോകും. 17അവർ നിന്നെച്ചൊല്ലി ഒരു വിലാപം തുടങ്ങി നിന്നെക്കുറിച്ചു പറയും: സമുദ്രസഞ്ചാരികൾ പാർത്തതും കീർത്തിപ്പെട്ടതുമായ പട്ടണമേ, നീ എങ്ങനെ നശിച്ചിരിക്കുന്നു; നീയും നിന്റെ നിവാസികളും സമുദ്രത്തിൽ പ്രാബല്യം പ്രാപിച്ചിരുന്നു അതിലെ സകലനിവാസികൾക്കും നിങ്ങളെ പേടിയായിരുന്നുവല്ലോ! 18ഇപ്പോൾ നിന്റെ വീഴ്ചയുടെ നാളിൽ ദ്വീപുകൾ വിറെക്കും; അതെ, സമുദ്രത്തിലെ ദ്വീപുകൾ നിന്റെ നിര്യാണത്തിങ്കൽ ഭ്രമിച്ചുപോകും. 19യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്നെ നിവാസികൾ ഇല്ലാത്ത പട്ടണങ്ങളെപ്പോലെ ശൂന്യപട്ടണം ആക്കുമ്പോഴും ഞാൻ നിന്റെമേൽ ആഴിയെ വരുത്തി പെരുവെള്ളം നിന്നെ മൂടുമ്പോഴും, 20ഞാൻ നിന്നെ കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ പുരാതനജനത്തിന്റെ അടുക്കൽ ഇറക്കുകയും നിനക്കു നിവാസികൾ ഇല്ലാതെയിരിക്കേണ്ടതിന്നും നീ ജീവനുള്ളവരുടെ ദേശത്തു നിലനില്ക്കാതെയിരിക്കേണ്ടതിന്നും ഞാൻ നിന്നെ ഭൂമിയുടെ അധോഭാഗങ്ങളിൽ, പുരാതനശൂന്യങ്ങളിൽ തന്നേ, കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ പാർപ്പിക്കയും ചെയ്യും. 21 dഞാൻ നിന്നെ ശീഘ്രനാശത്തിന്നു ഏല്പിക്കും; നീ ഇല്ലാതെ ആയ്പോകും; നിന്നെ അന്വേഷിച്ചാലും ഇനി ഒരിക്കലും നിന്നെ കണ്ടെത്തുകയില്ല എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.

Ezekiel 27

1യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: 2മനുഷ്യപുത്രാ, നീ സോരിനെക്കുറിച്ചു ഒരു വിലാപം തുടങ്ങി സോരിനോടു പറയേണ്ടതു: 3തുറമുഖങ്ങളിൽ പാർക്കുന്നവളും ഏറിയ ദ്വീപുകളിലെ ജാതികളുടെ വ്യാപാരിയും ആയുള്ളോവേ, യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: സോരേ, ഞാൻ പൂർണ്ണസുന്ദരിയാകുന്നു എന്നു നീ പറഞ്ഞിരിക്കുന്നു. 4നിന്റെ രാജ്യം സമുദ്രമദ്ധ്യേ ഇരിക്കുന്നു; നിന്നെ പണിതവർ നിന്റെ സൗന്ദര്യത്തെ പരിപൂർണ്ണമാക്കിയിരിക്കുന്നു. 5സെനീരിലെ സരളമരംകൊണ്ടു അവർ നിന്റെ പാർശ്വം ഒക്കെയും പണിതു; നിനക്കു പാമരം ഉണ്ടാക്കേണ്ടതിന്നു അവർ ലെബാനോനിൽനിന്നു ദേവദാരുക്കളെ കൊണ്ടുവന്നു. 6ബാശാനിലെ കരുവേലംകൊണ്ടു അവർ നിന്റെ തണ്ടുകളെ ഉണ്ടാക്കി; കിത്തീംദ്വീപുകളിൽനിന്നുള്ള പുന്നമരത്തിൽ ആനക്കൊമ്പു പതിച്ചു നിനക്കു തട്ടുണ്ടാക്കിയിരിക്കുന്നു. 7നിനക്കു കൊടിയായിരിക്കേണ്ടതിന്നു നിന്റെ കപ്പൽപായ് മിസ്രയീമിൽനിന്നുള്ള വിചിത്രശണപടംകൊണ്ടു ഉണ്ടാക്കിയതായിരുന്നു; എലീശാദ്വീപുകളിൽനിന്നുള്ള ധൂമ്രപടവും രക്താംബരവും നിന്റെ വിതാനമായിരുന്നു. 8സീദോനിലെയും സർവ്വാദിലെയും നിവാസികൾ നിന്റെ തണ്ടേലന്മാരായിരുന്നു; സോരേ, നിന്നിൽ ഉണ്ടായിരുന്ന ജ്ഞാനികൾ നിന്റെ മാലുമികൾ ആയിരുന്നു. 9ഗെബലിലെ മൂപ്പന്മാരും അതിലെ ജ്ഞാനികളും നിന്റെ ഓരായപ്പണിക്കാരായിരുന്നു; സമുദ്രത്തിലെ എല്ലാകപ്പലുകളും അവയുടെ കപ്പല്ക്കാരും നിന്റെ കച്ചവടം നടത്തേണ്ടതിന്നു നിന്നിൽ ഉണ്ടായിരുന്നു. 10പാർസികളും ലൂദ്യരും പൂത്യരും യോദ്ധാക്കളായി നിന്റെ സൈന്യത്തിൽ ഉണ്ടായിരുന്നു; അവർ പരിചയും തലക്കോരികയും നിന്നിൽ തൂക്കി നിനക്കു ഭംഗിപിടിപ്പിച്ചു. 11അർവ്വാദ്യർ നിന്റെ സൈന്യത്തോടുകൂടെ ചുറ്റും നിന്റെ മതിലുകളിന്മേലും ഗമ്മാദ്യർ നിന്റെ ഗോപുരങ്ങളിലും ഉണ്ടായിരുന്നു; അവർ നിന്റെ മതിലുകളിന്മേൽ ചുറ്റും പരിച തൂക്കി നിന്റെ സൗന്ദര്യത്തെ പരിപൂർണ്ണമാക്കി. 12തർശീശ് സകലവിധസമ്പത്തിന്റെയും പെരുപ്പംനിമിത്തം നിന്റെ വ്യാപാരിയായിരുന്നു; വെള്ളി, ഇരിമ്പു, വെള്ളീയം, കാരീയം എന്നിവ അവർ നിന്റെ ചരക്കിന്നു പകരം തന്നു. 13യാവാൻ, തൂബാൽ, മേശക്ക് എന്നിവർ നിന്റെ വ്യാപാരികൾ ആയിരുന്നു; അവർ ആളുകളെയും താമ്രസാധനങ്ങളെയും നിന്റെ ചരക്കിന്നു പകരം തന്നു. 14തോഗർമ്മാഗൃഹക്കാർ നിന്റെ ചരക്കിന്നു പകരം കുതിരകളെയും പടക്കുതിരകളെയും കോവർകഴുതകളെയും തന്നു. 15ദെദാന്യർ നിന്റെ വ്യാപാരികളായിരുന്നു; അനേകം ദ്വീപുകൾ നിന്റെ അധീനത്തിലെ വ്യാപാരദേശങ്ങളായിരുന്നു; അവർ ആനക്കൊമ്പും കരിമരവും നിനക്കു കപ്പം കൊണ്ടുവന്നു. 16നിന്റെ പണിത്തരങ്ങളുടെ പെരുപ്പംനിമിത്തം അരാം നിന്റെ വ്യാപാരി ആയിരുന്നു; അവർ മരതകവും ധൂമ്രവസ്ത്രവും വിചിത്രവസ്ത്രവും ശണപടവും പവിഴവും പത്മരാഗവും നിന്റെ ചരക്കിന്നു പകരം തന്നു. 17യെഹൂദയും യിസ്രായേൽദേശവും നിന്റെ വ്യാപാരികളായിരുന്നു; അവർ മിന്നീത്തിലെ കോതമ്പും പലഹാരവും തേനും എണ്ണയും പരിമളതൈലവും നിന്റെ ചരക്കിന്നു പകരം തന്നു. 18ദമ്മേശേക്ക് നിന്റെ പണിത്തരങ്ങളുടെ പെരുപ്പംനിമിത്തവും സകലവിധസമ്പത്തിന്റെയും പെരുപ്പംനിമിത്തവും ഹെൽബോനിലെ വീഞ്ഞും വെളുത്ത ആട്ടുരോമവുംകൊണ്ടു നിന്റെ വ്യാപാരി ആയിരുന്നു. 19വെദാന്യരും ഊസാലിലെ യാവാന്യരും നിന്റെ ചരക്കുകൊണ്ടു വ്യാപാരം ചെയ്തു; മിനുസമുള്ള ഇരിമ്പും വഴനത്തോലും വയമ്പും നിന്റെ ചരക്കിന്റെ കൂട്ടത്തിൽ ഉണ്ടായിരുന്നു. 20ദെദാൻ കുതിരപ്പുറത്തിടുന്ന വിശിഷ്ടപടംകൊണ്ടു നിന്റെ വ്യാപാരിയായിരുന്നു; 21അരബികളും കേദാർപ്രഭുക്കന്മാരൊക്കെയും നിനക്കധീനരായ വ്യാപാരികൾ ആയിരുന്നു; കുഞ്ഞാടുകൾ, ആട്ടുകൊറ്റന്മാർ, കോലാടുകൾ എന്നിവകൊണ്ടു അവർ നിന്റെ കച്ചവടക്കാരായിരുന്നു. 22ശെബയിലെയും രമയിലെയും വ്യാപാരികൾ നിന്റെ കച്ചവടക്കാരായിരുന്നു; അവർ മേത്തരമായ സകലവിധപരിമളതൈലവും സകലവിധരത്നങ്ങളും പൊന്നും നിന്റെ ചരക്കിന്നു പകരം തന്നു. 23ഹാരാനും കല്നെയും ഏദെനും ശെബാവ്യാപാരികളും അശ്ശൂരും കില്മദും നിന്റെ കച്ചവടക്കാരായിരുന്നു. 24അവർ വിശിഷ്ടസാധനങ്ങളും ചിത്രത്തയ്യലുള്ള ധൂമ്രപ്പുതെപ്പുകളും പരവതാനികളും ബലത്തിൽ പിരിച്ച കയറുകളും നിന്റെ ചരക്കിന്നു പകരം തന്നു. 25 eതർശീശ് കപ്പലുകൾ നിനക്കു ചരക്കു കൊണ്ടുവന്നു; നീ പരിപൂർണ്ണയും സമുദ്രമദ്ധ്യേ അതിധനികയും ആയിത്തീർന്നു. 26നിന്റെ തണ്ടേലന്മാർ നിന്നെ പുറങ്കടലിലേക്കു കൊണ്ടുപോയി; കിഴക്കൻ കാറ്റു സമുദ്രമദ്ധ്യേവെച്ചു നിന്നെ ഉടെച്ചുകളഞ്ഞു. 27നിന്റെ സമ്പത്തും ചരക്കും കച്ചവടവും കപ്പല്ക്കാരും മാലുമികളും ഓരായപ്പണിക്കാരും കുറ്റിക്കാരും നിന്നിലുള്ള സകലയോദ്ധാക്കളും നിന്റെ അകത്തുള്ള സർവ്വജനസമൂഹത്തോടും കൂടെ നിന്റെ വീഴ്ചയുടെ നാളിൽ സമുദ്രമദ്ധ്യേ വീഴും. 28നിന്റെ മാലുമികളുടെ നിലവിളികൊണ്ടു കപ്പൽകൂട്ടങ്ങൾ നടുങ്ങിപ്പോകും. 29തണ്ടേലന്മാരൊക്കെയും കപ്പല്ക്കാരും കടലിലെ മാലുമികൾ എല്ലാവരും കപ്പലുകളിൽനിന്നു ഇറങ്ങി കരയിൽ നില്ക്കും. 30അവർ കൈപ്പോടെ ഉറക്കെ നിലവിളിച്ചു തലയൽ പൂഴി വാരിയിട്ടു ചാരത്തിൽ കിടന്നുരുളുകയും 31നിന്നെച്ചൊല്ലി മൊട്ടയടിച്ച രട്ടുടുക്കയും നിന്നെക്കുറിച്ചു മനോവ്യസനത്തോടും കൈപ്പുള്ള വിലാപത്തോടും കൂടെ കരകയും ചെയ്യും. 32തങ്ങളുടെ ദുഃഖത്തിൽ അവർ നിന്നെച്ചൊല്ലി ഒരു വിലാപം തുടങ്ങി നിന്നെക്കുറിച്ചു വിലപിക്കുന്നതു: സമുദ്രമദ്ധ്യേ നശിച്ചുപോയ സോരിനെപ്പോലെ ഏതൊരു നഗരമുള്ളു? 33നിന്റെ ചരക്കു സമുദ്രത്തിൽ നിന്നു കയറിവന്നപ്പോൾ, നീ ഏറിയ വംശങ്ങൾക്കു തൃപ്തിവരുത്തി നിന്റെ സമ്പത്തിന്റെയും വ്യാപാരത്തിന്റെയും പെരുപ്പംകൊണ്ടു ഭൂമിയിലെ രാജാക്കന്മാരെ സമ്പന്നന്മാരാക്കി. 34ഇപ്പോൾ നീ സമുദ്രത്തിൽനിന്നു തകർന്നു പൊയ്പോയി; നിന്റെ വ്യാപാരസമ്പത്തും നിന്റെ അകത്തുള്ള ജനസമൂഹമൊക്കെയും വെള്ളത്തിന്റെ ആഴത്തിൽ വീണിരിക്കുന്നു. 35ദ്വീപുവാസികളൊക്കെയും നിന്നെക്കുറിച്ചു സ്തംഭിച്ചുപോകുന്നു; അവരുടെ രാജാക്കന്മാർ ഏറ്റവും ഭയപ്പെട്ടു മുഖം വാടി നില്ക്കുന്നു. 36ജാതികളിലെ വ്യാപാരികൾ നിന്നെക്കുറിച്ചു ചൂളകുത്തുന്നു: നിനക്കു ശീഘ്രനാശം ഭവിച്ചു നീ സദാകാലത്തേക്കും ഇല്ലാതെയാകും.

Ezekiel 28:1-19

1യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: 2മനുഷ്യപുത്രാ, നീ സോർപ്രഭുവിനോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ ഹൃദയം നിഗളിച്ചുപോയി; നീ ദൈവമല്ല മനുഷ്യൻ മാത്രമായിരിക്കെ: ഞാൻ ദൈവമാകുന്നു; ഞാൻ സമുദ്രമദ്ധ്യേ ദൈവാസനത്തിൽ ഇരിക്കുന്നു എന്നു പറഞ്ഞു. 3നീ ദൈവഭാവം നടിച്ചതുകൊണ്ടു - നീ ദാനീയേലിലും ജ്ഞാനിയല്ലോ; നീ അറിയാതവണ്ണം മറെച്ചുവെക്കാകുന്ന ഒരു രഹസ്യവുമില്ല; 4നിന്റെ ജ്ഞാനംകൊണ്ടും വിവേകംകൊണ്ടും നീ ധനം സമ്പാദിച്ചു പൊന്നും വെള്ളിയും നിന്റെ ഭണ്ഡാരത്തിൽ സംഗ്രഹിച്ചു വെച്ചു; 5നീ മഹാജ്ഞാനംകൊണ്ടു കച്ചവടത്താൽ ധനം വർദ്ധിപ്പിച്ചു; നിന്റെ ഹൃദയം ധനംനിമിത്തം ഗർവ്വിച്ചുമിരിക്കുന്നു - 6അതുകൊണ്ടു തന്നേ യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: 7നീ ദൈവഭാവം നടിക്കയാൽ ഞാൻ ജാതികളിൽ ഉഗ്രന്മാരായ അന്യജാതിക്കാരെ നിന്റെ നേരെ വരുത്തും; അവർ നിന്റെ ജ്ഞാനശോഭയുടെ നേരെ വാളൂരി നിന്റെ പ്രഭയെ അശുദ്ധമാക്കും. 8അവർ നിന്നെ കുഴിയിൽ ഇറങ്ങുമാറാക്കും; നീ സമുദ്രമദ്ധ്യേ നിഹതന്മാരെപ്പോലെ മരിക്കും. 9നിന്നെ കുത്തിക്കൊല്ലുന്നവന്റെ കയ്യിൽ നീ ദൈവമല്ല, മനുഷ്യൻ മാത്രം ആയിരിക്കെ, നിന്നെ കൊല്ലുന്നവന്റെ മുമ്പിൽ: ഞാൻ ദൈവം എന്നു നീ പറയുമോ? 10അന്യജാതിക്കാരുടെ കയ്യാൽ നീ അഗ്രചർമ്മികളെപ്പോലെ മരിക്കും; ഞാൻ അതു കല്പിച്ചിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.

11യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: 12മനുഷ്യപുത്രാ, നീ സോർരാജാവിനെക്കുറിച്ചു ഒരു വിലാപം തുടങ്ങി അവനോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു! നീ മാതൃകാ മുദ്രയാകുന്നു; നീ ജ്ഞാനസമ്പൂർണ്ണനും സൗന്ദര്യസമ്പൂർണ്ണനും തന്നേ. 13നീ ദൈവത്തിന്റെ തോട്ടമായ ഏദെനിൽ ആയിരുന്നു; താമ്രമണി, പീതരത്നം, വജ്രം, പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം, നീലക്കല്ലു, മാണിക്യം, മരതകം മുതലായ സകലരത്നങ്ങളും നിന്നെ മൂടിയിരുന്നു; നിന്നെ തീർത്തനാളിൽ നിന്നിൽ ഉള്ള തടങ്ങളുടെയും കൂടുകളുടെയും പണി പൊന്നുകൊണ്ടുള്ളതായിരുന്നു. 14നീ ചിറകു വിടർത്തു മറെക്കുന്ന കെരൂബ് ആകുന്നു; ഞാൻ നിന്നെ വിശുദ്ധദേവപർവ്വതത്തിൽ ഇരുത്തിയിരുന്നു; നീ അഗ്നിമയരഥങ്ങളുടെ മദ്ധ്യേ സഞ്ചരിച്ചുപോന്നു. 15നിന്നെ സൃഷ്ടിച്ച നാൾമുതൽ നിങ്കൽ നീതികേടു കണ്ടതുവരെ നീ നടപ്പിൽ നഷ്കളങ്കനായിരുന്നു. 16നിന്റെ വ്യാപാരത്തിന്റെ പെരുപ്പംനിമിത്തം നിന്റെ അന്തർഭാഗം സാഹസംകൊണ്ടു നിറഞ്ഞു നീ പാപം ചെയ്തു; അതുകൊണ്ടു ഞാൻ നിന്നെ അശുദ്ധൻ എന്നു എണ്ണി ദേവപർവ്വതത്തിൽ നിന്നു തള്ളിക്കളഞ്ഞു; മറെക്കുന്ന കെരൂബേ, ഞാൻ നിന്നെ അഗ്നിമയരഥങ്ങളുടെ മദ്ധ്യേനിന്നു മുടിച്ചുകളഞ്ഞു. 17നിന്റെ സൗന്ദര്യംനിമിത്തം നിന്റെ ഹൃദയം ഗർവ്വിച്ചു, നിന്റെ പ്രഭനിമിത്തം നീ നിന്റെ ജ്ഞാനത്തെ വഷളാക്കി; ഞാൻ നിന്നെ നിലത്തു തള്ളിയിട്ടു, രാജാക്കന്മാർ നിന്നെ കണ്ടു രസിക്കത്തക്കവണ്ണം നിന്നെ അവരുടെ മുമ്പിൽ ഇട്ടുകളഞ്ഞു. 18നിന്റെ അകൃത്യബാഹുല്യംകൊണ്ടും നിന്റെ വ്യാപാരത്തിന്റെ നീതികേടുകൊണ്ടും നീ നിന്റെ വിശുദ്ധമന്ദിരങ്ങളെ അശുദ്ധമാക്കി; അതുകൊണ്ടു ഞാൻ നിന്റെ നടുവിൽനിന്നു ഒരു തീ പുറപ്പെടുവിക്കും; അതു നിന്നെ ദഹിപ്പിച്ചുകളയും; നിന്നെ കാണുന്ന ഏവരുടെയും മുമ്പിൽ ഞാൻ നിന്നെ നിലത്തു ഭസ്മമാക്കിക്കളയും. 19ജാതികളിൽ നിന്നെ അറിയുന്നവരെല്ലാവരും നിന്നെ കണ്ടു സ്തംഭിച്ചുപോകും; നിനക്കു ശിഘ്രനാശം ഭവിച്ചിട്ടു നീ സദാകാലത്തേക്കും ഇല്ലാതെയാകും.
Copyright information for MalSC