Ezekiel 29

1 aപത്താം ആണ്ടു, പത്താം മാസം, പന്ത്രണ്ടാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: 2മനുഷ്യപുത്രാ, നീ മിസ്രയീംരാജാവായ ഫറവോന്റെനേരെ മുഖംതിരിച്ചു അവനെക്കുറിച്ചും എല്ലാമിസ്രയീമിനെക്കുറിച്ചും പ്രവചിച്ചു പറയേണ്ടതെന്തെന്നാൽ: 3യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: മിസ്രയീംരാജാവായ ഫറവോനേ, തന്റെ നദികളുടെ നടുവിൽ കിടന്നു: ഈ നദി എനിക്കുള്ളതാകുന്നു; ഞാൻ അതിനെ എനിക്കായിട്ടുണ്ടാക്കിയിരിക്കുന്നു എന്നു പറയുന്ന മഹാനക്രമേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു. 4ഞാൻ നിന്റെ ചെകിളയിൽ ചൂണ്ടൽ കൊളുത്തി നിന്റെ നദികളിലെ മത്സ്യങ്ങളെ നിന്റെ ചെതുമ്പലിൽ പറ്റുമാറാക്കി നിന്നെ നിന്റെ നദികളുടെ നടുവിൽനിന്നു വലിച്ചുകയറ്റും; നിന്റെ നദികളിലെ മത്സ്യം ഒക്കെയും നിന്റെ ചെതുമ്പലിൽ പറ്റിയിരിക്കും. 5ഞാൻ നിന്നെയും നിന്റെ നദികളിലെ മത്സ്യങ്ങളെ ഒക്കെയും മരുഭൂമിയിൽ എറിഞ്ഞുകളയും; നീ വെളിമ്പ്രദേശത്തു വീഴും; ആരും നിന്നെ പെറുക്കുകയോ ശേഖരിക്കയോ ചെയ്കയില്ല; ഞാൻ നിന്നെ കാട്ടുമൃഗങ്ങൾക്കും ആകാശത്തിലെ പക്ഷികൾക്കും ഇരയായി കൊടുക്കും. 6 bമിസ്രയീംനിവാസികൾ യിസ്രായേൽഗൃഹത്തിന്നു ഒരു ഓടക്കോലായിരുന്നതുകൊണ്ടു അവരൊക്കെയും ഞാൻ യഹോവ എന്നു അറിയും. 7അവർ നിന്നെ കയ്യിൽ പിടിച്ചപ്പോഴേക്കു നീ ഒടിഞ്ഞു അവരുടെ തോൾ ഒക്കെയും കീറിക്കളഞ്ഞു; അവർ ഊന്നിയപ്പോഴേക്കു നീ ഒടിഞ്ഞു അവരുടെ നടുവൊക്കെയും കുലുങ്ങുമാറാക്കി. 8അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്റെ നേരെ വാൾ വരുത്തി നിങ്കൽനിന്നു മനുഷ്യനെയും മൃഗത്തെയും ഛേദിച്ചുകളയും. 9മിസ്രയീംദേശം പാഴും ശൂന്യവുമായ്തീരും; ഞാൻ യഹോവ എന്നു അവർ അറിയും; നദി എനിക്കുള്ളതാകുന്നു; ഞാൻ അതിനെ ഉണ്ടാക്കിയിരിക്കുന്നു എന്നു അവൻ പറഞ്ഞുവല്ലോ. 10അതുകൊണ്ടു ഞാൻ നിനക്കും നിന്റെ നദികൾക്കും വിരോധമായിരുന്നു മിസ്രയീംദേശത്തെ സെവേനെഗോപുരം മുതൽ കൂശിന്റെ അതൃത്തിവരെ അശേഷം പാഴും ശൂന്യവുമാക്കും. 11മനുഷ്യന്റെ കാൽ അതിൽകൂടി കടന്നുപോകയില്ല; മൃഗത്തിന്റെ കാൽ അതിൽ ചവിട്ടുകയുമില്ല; നാല്പതു സംവത്സരത്തേക്കു അതിൽ നിവാസികൾ ഇല്ലാതെയിരിക്കും. 12ഞാൻ മിസ്രയീംദേശത്തെ ശൂന്യദേശങ്ങളുടെ കൂട്ടത്തിൽ ശൂന്യമാക്കും; അതിലെ പട്ടണങ്ങൾ ശൂന്യപട്ടണങ്ങളുടെ കൂട്ടത്തിൽ നാല്പതു സംവത്സരത്തേക്കു ശൂന്യമായിരിക്കും; ഞാൻ മിസ്രയീമ്യരെ ജാതികളുടെ ഇടയിൽ ചിന്നിച്ചു ദേശങ്ങളിൽ ചിതറിച്ചുകളയും. 13യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നാല്പതു സംവത്സരം കഴിഞ്ഞിട്ടു ഞാൻ മിസ്രയീമ്യരെ അവർ ചിന്നിപ്പോയിരിക്കുന്ന ജാതികളിൽനിന്നു ശേഖരിക്കും. 14ഞാൻ മിസ്രയീമിന്റെ പ്രവാസം മാറ്റി അവരെ അവരുടെ ജന്മദേശമായ പത്രോസ് ദേശത്തേക്കു മടക്കിവരുത്തും; അവിടെ അവർ ഒരു ഹീനരാജ്യമായിരിക്കും. 15അതു രാജ്യങ്ങളിൽവെച്ചു അതിഹീനമായിരിക്കും; ഇനി ജാതികൾക്കു മേലായി അതു തന്നെത്താൻ ഉയർത്തുകയും ഇല്ല; അവർ ജാതികളുടെമേൽ വാഴാതവണ്ണം ഞാൻ അവരെ കുറെച്ചുകളയും. 16യിസ്രായേൽഗൃഹം തിരിഞ്ഞു അവരെ നോക്കുമ്പോൾ, അതു ഇനി അവരുടെ അകൃത്യം ഓർപ്പിക്കുന്നതായോരു ശരണമായിരിക്കയില്ല; ഞാൻ യഹോവയായ കർത്താവു എന്നു അവർ അറിയും.

17ഇരുപത്തേഴാം ആണ്ടു, ഒന്നാം മാസം, ഒന്നാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: 18മനുഷ്യപുത്രാ, ബാബേൽരാജാവായ നെബൂഖദ്നേസർ സോരിന്റെ നേരെ തന്റെ സൈന്യത്തെക്കൊണ്ടു വലിയ വേല ചെയ്യിച്ചു; എല്ലാതലയും കഷണ്ടിയായി എല്ലാചുമലും തോലുരിഞ്ഞുപോയി; എങ്കിലും സോരിന്നു വിരോധമായി ചെയ്ത വേലെക്കു അവന്നോ അവന്റെ സൈന്യത്തിന്നോ അവിടെനിന്നു പ്രതിഫലം കിട്ടിയില്ല. 19അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ മിസ്രയീംദേശത്തെ ബാബേൽരാജാവായ നെബൂഖദ്നേസരിന്നു കൊടുക്കും; അവൻ അതിലെ സമ്പത്തു എടുത്തു അതിനെ കൊള്ളയിട്ടു കവർച്ചചെയ്യും; അതു അവന്റെ സൈന്യത്തിന്നു പ്രതിഫലമായിരിക്കും. 20ഞാൻ അവന്നു മിസ്രയീംദേശത്തെ അവൻ ചെയ്തവേലെക്കു പ്രതിഫലമായി കൊടുക്കുന്നു; അവർ എനിക്കായിട്ടല്ലോ പ്രവർത്തിച്ചതു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു. 21അന്നാളിൽ ഞാൻ യിസ്രായേൽഗൃഹത്തിന്നു ഒരു കൊമ്പു മുളെക്കുമാറാക്കി അവരുടെ നടുവിൽ നിനക്കു തുറന്ന വായ് നല്കും; ഞാൻ യഹോവ എന്നു അവർ അറിയും.

Ezekiel 30

1യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: 2മനുഷ്യപുത്രാ, നീ പ്രവചിച്ചുപറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അയ്യോ, കഷ്ടദിവസം! എന്നു മുറയിടുവിൻ. 3നാൾ അടുത്തിരിക്കുന്നു! അതേ, യഹോവയുടെ നാൾ അടുത്തിരിക്കുന്നു! അതു മേഘമുള്ള ദിവസം, ജാതികളുടെ കാലം തന്നേ ആയിരിക്കും. 4മിസ്രയീമിന്റെ നേരെ വാൾ വരും; മിസ്രയീമിൽ നിഹതന്മാർ വീഴുകയും അവർ അതിലെ സമ്പത്തു അപഹരിക്കയും അതിന്റെ അടിസ്ഥാനങ്ങൾ ഇടിക്കയും ചെയ്യുമ്പോൾ കൂശിൽ അതിവേദനയുണ്ടാകും. 5കൂശ്യരും പൂത്യരും ലൂദ്യരും സമ്മിശ്രജാതികളൊക്കെയും കൂബ്യരും സഖ്യതയിൽപെട്ട ദേശക്കാരും അവരോടുകൂടെ വാൾകൊണ്ടു വീഴും. 6യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മിസ്രയീമിനെ താങ്ങുന്നവർ വീഴും; അതിന്റെ ബലത്തിന്റെ പ്രതാപം താണുപോകും; സെവേനേഗോപുരംമുതൽ അവർ വാൾകൊണ്ടു വീഴും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു. 7അവർ ശൂന്യദേശങ്ങളുടെ മദ്ധ്യേ ശൂന്യമായ്പോകും; അതിലെ പട്ടണങ്ങൾ ശൂന്യപട്ടണങ്ങളുടെ കൂട്ടത്തിൽ ആയിരിക്കും. 8ഞാൻ മിസ്രയീമിന്നു തീ വെച്ചിട്ടു അതിന്റെ സഹായക്കാരൊക്കെയും തകർന്നുപോകുമ്പോൾ ഞാൻ യഹോവയെന്നു അവർ അറിയും. 9ആ നാളിൽ ദൂതന്മാർ നിശ്ചിന്തന്മാരായ കൂശ്യരെ ഭയപ്പെടുത്തേണ്ടതിന്നു കപ്പലുകളിൽ കയറി എന്റെ മുമ്പിൽനിന്നു പുറപ്പെടും; അപ്പോൾ മിസ്രയീമിന്റെ നാളിൽ എന്നപോലെ അവർക്കു അതിവേദന ഉണ്ടാകും; ഇതാ, അതു വരുന്നു. 10യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ബാബേൽ രാജാവായ നെബൂഖദ്നേസരിന്റെ കയ്യാൽ മിസ്രയീമിന്റെ പുരുഷാരത്തെ ഇല്ലാതാക്കും. 11ദേശത്തെ നശിപ്പിക്കേണ്ടതിന്നു അവനെയും അവനോടുകൂടെ ജാതികളിൽ ഭയങ്കരന്മാരായ അവന്റെ ജനത്തെയും വരുത്തും; അവർ മിസ്രയീമിന്റെ നേരെ വാൾ ഊരി ദേശത്തെ നിഹതന്മാരെക്കൊണ്ടു നിറെക്കും. 12ഞാൻ നദികളെ വറ്റിച്ചു ദേശത്തെ ദുഷ്ടന്മാർക്കു വിറ്റുകളയും; ദേശത്തെയും അതിലുള്ള സകലത്തെയും ഞാൻ അന്യജാതികളുടെ കയ്യാൽ ശൂന്യമാക്കും; യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു. 13യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ വിഗ്രഹങ്ങളെ നശിപ്പിച്ചു അവരുടെ മിത്ഥ്യാമൂർത്തികളെ നോഫിൽനിന്നു ഇല്ലാതാക്കും; ഇനി മിസ്രയീംദേശത്തുനിന്നു ഒരു പ്രഭു ഉത്ഭവിക്കയില്ല; ഞാൻ മിസ്രയീംദേശത്തു ഭയം വരുത്തും. 14ഞാൻ പത്രോസിനെ ശൂന്യമാക്കും; സോവാന്നു തീ വെക്കും, നോവിൽ ന്യായവിധി നടത്തും. 15മിസ്രയീമിന്റെ കോട്ടയായ സീനിൽ ഞാൻ എന്റെ ക്രോധം പകരും; ഞാൻ നോവിലെ പുരുഷാരത്തെ ഛേദിച്ചുകളയും. 16ഞാൻ മിസ്രയീമിന്നു തീ വെക്കും; സീൻ അതിവേദനയിൽ ആകും; നോവ് പിളർന്നുപോകും; നോഫിന്നു പകൽസമയത്തു വൈരികൾ ഉണ്ടാകും. 17ആവെനിലെയും പി-ബേസെത്തിലെയും യൗവനക്കാർ വാൾകൊണ്ടു വീഴും; അവയോ പ്രവാസത്തിലേക്കു പോകേണ്ടിവരും. 18ഞാൻ മിസ്രയീമിന്റെ നുകം ഒടിച്ചു അവളുടെ ബലത്തിന്റെ പ്രതാപം ഇല്ലാതാക്കുമ്പോൾ തഹഫ്നേഹെസിൽ പകൽ ഇരുണ്ടുപോകും; അവളെയോ ഒരു മേഘം മൂടും; അവളുടെ പുത്രിമാർ പ്രവാസത്തിലേക്കു പോകേണ്ടിവരും. 19ഇങ്ങനെ ഞാൻ മിസ്രയീമിൽ ന്യായവിധികളെ നടത്തും; ഞാൻ യഹോവ എന്നു അവർ അറിയും.

20പതിനൊന്നാമാണ്ടു, ഒന്നാം മാസം ഏഴാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: 21മനുഷ്യപുത്രാ, മിസ്രയീംരാജാവായ ഫറവോന്റെ ഭുജത്തെ ഞാൻ ഒടിച്ചിരിക്കുന്നു; അതു വാൾ പിടിപ്പാൻ തക്കവണ്ണം ശക്തി പ്രാപിക്കേണ്ടതിന്നു അതിന്നു മരുന്നുവെച്ചു കെട്ടുകയില്ല, ചികിത്സ ചെയ്കയുമില്ല. 22അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ മിസ്രയീംരാജാവായ ഫറവോന്നു വിരോധമായിരിക്കുന്നു; ഞാൻ അവന്റെ ഭുജങ്ങളെ, ബലമുള്ളതിനെയും ഒടിഞ്ഞിരിക്കുന്നതിനെയും തന്നേ, ഒടിച്ചുകളയും; വാളിനെ ഞാൻ അവന്റെ കയ്യിൽനിന്നു വീഴിച്ചുകളകയും ചെയ്യും. 23ഞാൻ മിസ്രയീമ്യരെ ജാതികളുടെ ഇടയിൽ ചിന്നിച്ചു ദേശങ്ങളിൽ ചിതറിച്ചുകളയും. 24ഞാൻ ബാബേൽരാജാവിന്റെ ഭുജങ്ങളെ ബലപ്പെടുത്തി എന്റെ വാളിനെ അവന്റെ കയ്യിൽ കൊടുക്കും; ഫറവോന്റെ ഭുജങ്ങളെയോ ഞാൻ ഒടിച്ചുകളയും; മുറിവേറ്റവൻ ഞരങ്ങുന്നതുപോലെ അവൻഅവന്റെ മുമ്പിൽ ഞരങ്ങും. 25ഇങ്ങനെ ഞാൻ ബാബേൽരാജാവിന്റെ ഭുജങ്ങളെ ബലപ്പെടുത്തും; ഫറവോന്റെ ഭുജങ്ങൾ വീണുപോകും; ഞാൻ എന്റെ വാളിനെ ബാബേൽരാജാവിന്റെ കയ്യിൽ കൊടുത്തിട്ടു അവൻ അതിനെ മിസ്രയീംദേശത്തിന്റെ നേരെ ഓങ്ങുമ്പോൾ ഞാൻ യഹോവ എന്നു അവർ അറിയും. 26ഞാൻ മിസ്രയീമ്യരെ ജാതികളുടെ ഇടയിൽ ചിന്നിച്ചു ദേശങ്ങളിൽ ചിതറിച്ചുകളയും; ഞാൻ യഹോവ എന്നു അവർ അറിയും.

Ezekiel 31

1പതിനൊന്നാം ആണ്ടു, മൂന്നാം മാസം, ഒന്നാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: 2മനുഷ്യപുത്രാ, നീ മിസ്രയീംരാജാവായ ഫറവോനോടും അവന്റെ പുരുഷാരത്തോടും പറയേണ്ടതു: നിന്റെ മഹത്വത്തിൽ നീ ആർക്കു സമൻ? 3അശ്ശൂർ ലെബാനോനിൽ ഭംഗിയുള്ള കൊമ്പുകളോടും തണലുള്ള ഇലകളോടും പൊക്കത്തിലുള്ള വളർച്ചയോടും കൂടിയ ഒരു ദേവദാരുവായിരുന്നുവല്ലോ; അതിന്റെ തുഞ്ചം മേഘങ്ങളോളം എത്തിയിരുന്നു. 4വെള്ളം അതിനെ വളർത്തി ആഴി അതിനെ ഉയരുമാറാക്കി; അതിന്റെ നദികൾ തോട്ടത്തെ ചുറ്റി ഒഴുകി, അതു തന്റെ ഒഴുക്കുകളെ വയലിലെ സകല വൃക്ഷങ്ങളുടെയും അടുക്കലേക്കു അയച്ചുകൊടുത്തു. 5അതുകൊണ്ടു അതു വളർന്നു വയലിലെ സകലവൃക്ഷങ്ങളെക്കാളും പൊങ്ങി; അതു വെള്ളത്തിന്റെ പെരുപ്പംകൊണ്ടു പടർന്നു തന്റെ കൊമ്പുകളെ പെരുക്കി ചില്ലികളെ നീട്ടി. 6അതിന്റെ ചില്ലികളിൽ ആകാശത്തിലെ പറവ ഒക്കെയും കൂടുണ്ടാക്കി; അതിന്റെ കൊമ്പുകളുടെ കീഴെ കാട്ടുമൃഗം ഒക്കെയും പെറ്റുകിടന്നു; അതിന്റെ തണലിൽ വലിയ ജാതികളൊക്കെയും പാർത്തു. 7ഇങ്ങനെ അതിന്റെ വേർ വളരെ വെള്ളത്തിന്നരികെ ആയിരുന്നതുകൊണ്ടു അതു വലുതായി കൊമ്പുകളെ നീട്ടി ശോഭിച്ചിരുന്നു. 8 cദൈവത്തിന്റെ തോട്ടത്തിലെ ദേവദാരുക്കൾക്കു അതിനെ മറെപ്പാൻ കഴിഞ്ഞില്ല; സരളവൃക്ഷങ്ങൾ അതിന്റെ കൊമ്പുകളോടു തുല്യമായിരുന്നില്ല; അരിഞ്ഞിൽവൃക്ഷങ്ങൾ അതിന്റെ ചില്ലികളോടു ഒത്തിരുന്നില്ല; ദൈവത്തിന്റെ തോട്ടത്തിലെ ഒരു വൃക്ഷവും ഭംഗിയിൽ അതിനോടു സമമായിരുന്നതുമില്ല. 9കൊമ്പുകളുടെ പെരുപ്പം കൊണ്ടു ഞാൻ അതിന്നു ഭംഗിവരുത്തിയതിനാൽ ദൈവത്തിന്റെ തോട്ടമായ ഏദെനിലെ സകലവൃക്ഷങ്ങളും അതിനോടു അസൂയപ്പെട്ടു. 10അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അതു വളർന്നുപൊങ്ങി തുഞ്ചം മേഘങ്ങളോളം നീട്ടി അതിന്റെ ഹൃദയം തന്റെ വളർച്ചയിങ്കൽ ഗർവ്വിച്ചുപോയതുകൊണ്ടു 11ഞാൻ അതിനെ ജാതികളിൽ ബലവാനായവന്റെ കയ്യിൽ ഏല്പിക്കും; അവൻ അതിനോടു ഇടപെടും; അതിന്റെ ദുഷ്ടതനിമിത്തം ഞാൻ അതിനെ തള്ളിക്കളഞ്ഞിരിക്കുന്നു. 12ജാതികളിൽ ഉഗ്രന്മാരായ അന്യജാതിക്കാർ അതിനെ വെട്ടി തള്ളിയിട്ടു; അതിന്റെ കൊമ്പുകൾ മലകളിലും എല്ലാ താഴ്‌വരകളിലും വീണു; അതിന്റെ ശാഖകൾ ദേശത്തിലെ എല്ലാതോടുകളുടെയും അരികത്തു ഒടിഞ്ഞുകിടക്കുന്നു; ഭൂമിയിലെ സകലജാതികളും അതിന്റെ തണൽ വിട്ടിറങ്ങി അതിനെ ഉപേക്ഷിച്ചുപോയി. 13വീണുകിടക്കുന്ന അതിന്റെ തടിമേൽ ആകാശത്തിലെ പറവ ഒക്കെയും പാർക്കും; അതിന്റെ കൊമ്പുകളുടെ ഇടയിലേക്കു കാട്ടുമൃഗം ഒക്കെയും വരും. 14വെള്ളത്തിന്നരികെയുള്ള സകലവൃക്ഷങ്ങളും ഉയരം ഹേതുവായി ഗർവ്വിക്കയോ തുഞ്ചം മേഘങ്ങളോളം നീട്ടുകയോ വെള്ളം കുടിക്കുന്നവരായ അവരുടെ സകലബലശാലികളും തങ്ങളുടെ ഉയർച്ചയിങ്കൽ നിഗളിച്ചു നില്ക്കയോ ചെയ്യാതിരിക്കേണ്ടതിന്നു തന്നേ; അവരൊക്കെയും മനുഷ്യപുത്രന്മാരുടെ ഇടയിൽ കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ ഭൂമിയുടെ അധോഭാഗത്തു മരണത്തിന്നു ഏല്പിക്കപ്പെട്ടിരിക്കുന്നു.

15യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അതു പാതാളത്തിൽ ഇറങ്ങിപ്പോയനാളിൽ ഞാൻ ഒരു വിലാപം കഴിപ്പിച്ചു; അതിന്നു വേണ്ടി ആഴത്തെ മൂടി പെരുവെള്ളം കെട്ടിനില്പാൻ തക്കവണ്ണം അതിന്റെ നദികളെ തടുത്തു; അതുനിമിത്തം ഞാൻ ലെബാനോനെ കറുപ്പുടുപ്പിച്ചു; കാട്ടിലെ സകലവൃക്ഷങ്ങളും അതുനിമിത്തം ക്ഷീണിച്ചുപോയി. 16ഞാൻ അതിനെ കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ പാതാളത്തിൽ തള്ളിയിട്ടപ്പോൾ, അതിന്റെ വീഴ്ചയുടെ മുഴക്കത്തിങ്കൽ ഞാൻ ജാതികളെ നടുങ്ങുമാറാക്കി; ഏദെനിലെ സകലവൃക്ഷങ്ങളും ലെബാനോനിലെ ശ്രേഷ്ഠവും ഉത്തമവുമായി വെള്ളം കുടിക്കുന്ന സകലവൃക്ഷങ്ങളും ഭൂമിയുടെ അധോഭാഗത്തു ആശ്വാസം പ്രാപിച്ചു. 17അവയും അതിനോടുകൂടെ വാളാൽ നിഹതന്മാരായവരുടെ അടുക്കൽ പാതാളത്തിൽ ഇറങ്ങിപ്പോയി; അതിന്റെ തുണയായി അതിന്റെ നിഴലിൽ ജാതികളുടെ മദ്ധ്യേ പാർത്തവർ തന്നേ. 18അങ്ങനെ നീ മഹത്വത്തിലും വലിപ്പത്തിലും ഏദെനിലെ വൃക്ഷങ്ങളിൽ ഏതിനോടു തുല്യമാകുന്നു? എന്നാൽ നീ ഏദെനിലെ വൃക്ഷങ്ങളോടുകൂടെ ഭൂമിയുടെ അധോഭാഗത്തു ഇറങ്ങിപ്പോകേണ്ടിവരും; വാളാൽ നിഹതന്മാരായവരോടുകൂടെ നീ അഗ്രചർമ്മികളുടെ ഇടയിൽ കിടക്കും. ഇതു ഫറവോനും അവന്റെ സകലപുരുഷാരവും തന്നേ എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.

Ezekiel 32

1പന്ത്രണ്ടാം ആണ്ടു, പന്ത്രണ്ടാം മാസം, ഒന്നാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: 2മനുഷ്യപുത്രാ, നീ മിസ്രയീംരാജാവായ ഫറവോനെക്കുറിച്ചു ഒരു വിലാപം തുടങ്ങി അവനോടു പറയേണ്ടതു: ജാതികളിൽ ബാലസിംഹമായുള്ളോവേ, നീ നശിച്ചിരിക്കുന്നു; നീ കടലിലെ നക്രംപോലെ ആയിരുന്നു; നീ നദികളിൽ ചാടി കാൽകൊണ്ടു വെള്ളം കലക്കി നദികളെ അഴുക്കാക്കിക്കളഞ്ഞു. 3യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അനേകം ജാതികളുടെ കൂട്ടത്തെക്കൊണ്ടു നിന്റെമേൽ എന്റെ വലയെ വീശിക്കും; അവർ എന്റെ വലയിൽ നിന്നെ വലിച്ചെടുക്കും; 4ഞാൻ നിന്നെ കരെക്കു വലിച്ചിടും; നിന്നെ വെളിമ്പ്രദേശത്തു എറിഞ്ഞുകളയും; ആകാശത്തിലെ പറവ ഒക്കെയും നിന്റെമേൽ ഇരിക്കുമാറാക്കി സർവ്വഭൂമിയിലെയും മൃഗങ്ങൾക്കു നിന്നെ ഇരയാക്കി തൃപ്തിവരുത്തും. 5ഞാൻ നിന്റെ മാംസത്തെ പർവ്വതങ്ങളിന്മേൽ കൂട്ടി നിന്റെ പിണംകൊണ്ടു താഴ്‌വരകളെ നിറെക്കും. 6ഞാൻ നിന്റെ ചെളിനിലത്തെ മലകളോളം നിന്റെ രക്തംകൊണ്ടു നനെക്കും; നീർച്ചാലുകൾ നിന്നാൽ നിറയും. 7 dനിന്നെ കെടുത്തുകളയുമ്പോൾ ഞാൻ ആകാശത്തെ മൂടി അതിലെ നക്ഷത്രങ്ങളെ കറുപ്പുടുപ്പിക്കും; ഞാൻ സൂര്യനെ മേഘംകൊണ്ടു മറെക്കും; ചന്ദ്രൻ പ്രകാശം നല്കുകയും ഇല്ല. 8ആകാശത്തിലെ ശോഭയുള്ള ജ്യോതിസ്സുകളെ ഒക്കെയും ഞാൻ നിന്റെ നിമിത്തം കറുപ്പുടുപ്പിക്കയും നിന്റെ ദേശത്തിൽ അന്ധകാരം വരുത്തുകയും ചെയ്യും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു. 9നിന്റെ നാശം ജാതികളുടെ ഇടയിലും നീ അറിയാത്ത ദേശങ്ങളോളവും പ്രസിദ്ധമാക്കുമ്പോൾ ഞാൻ അനേക ജാതികളുടെ ഹൃദയങ്ങളെ വ്യസനിപ്പിക്കും. 10ഞാൻ അനേകം ജാതികളെ നിന്നെച്ചൊല്ലി സ്തംഭിക്കുമാറാക്കും; അവരുടെ രാജാക്കന്മാർ കാൺകെ ഞാൻ എന്റെ വാൾ വീശുമ്പോൾ, അവർ നിന്റെനിമിത്തം അത്യന്തം പേടിച്ചുപോകും; നിന്റെ വീഴ്ചയുടെ നാളിൽ അവർ ഓരോരുത്തനും താന്താന്റെ പ്രാണനെ ഓർത്തു മാത്രതോറും വിറെക്കും. 11യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേൽരാജാവിന്റെ വാൾ നിന്റെ നേരെ വരും. 12വീരന്മാരുടെ വാൾകൊണ്ടു ഞാൻ നിന്റെ പുരുഷാരത്തെ വീഴുമാറാക്കും; അവരെല്ലാവരും ജാതികളിൽവെച്ചു ഉഗ്രന്മാർ; അവർ മിസ്രയീമിന്റെ പ്രതാപത്തെ ശൂന്യമാക്കും; അതിലെ പുരുഷാരമൊക്കെയും നശിച്ചുപോകും. 13വളരെ വെള്ളത്തിന്നരികെനിന്നു ഞാൻ അതിലെ സകലമൃഗങ്ങളെയും നശിപ്പിക്കും; ഇനിമേൽ മനുഷ്യന്റെ കാൽ അതിനെ കലക്കുകയില്ല; മൃഗങ്ങളുടെ കുളമ്പും അതിനെ കലക്കുകയില്ല. 14ആ കാലത്തു ഞാൻ അവരുടെ വെള്ളം തെളിയുമാറാക്കി അവരുടെ നദികളെ എണ്ണപോലെ ഒഴുകുമാറാക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു. 15ഞാൻ മിസ്രയീംദേശത്തെ പാഴാക്കി ദേശം ശൂന്യമായി അതിലുള്ളതൊക്കെയും ഇല്ലാതാകുമ്പോഴും ഞാൻ അതിലെ നിവാസികളെ ഒക്കെയും നശിപ്പിക്കുമ്പോഴും, ഞാൻ യഹോവ എന്നു അവർ അറിയും. 16അവർ അതിനെക്കുറിച്ചു വിലപിക്കുന്ന വിലാപം ഇതത്രേ; ജാതികളുടെ പുത്രിമാർ ഇതു ചൊല്ലി വിലപിക്കും; അവർ മിസ്രയീമിനെക്കുറിച്ചും അതിലെ സകലപുരുഷന്മാരെക്കുറിച്ചും ഇതു ചൊല്ലി വിലപിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.

17പന്ത്രണ്ടാം ആണ്ടു, ആ മാസം, പതിനഞ്ചാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: 18മനുഷ്യപുത്രാ, നീ മിസ്രയീമിലെ പുരുഷാരത്തെക്കുറിച്ചു വിലപിച്ചു അതിനെയും ശ്രുതിപ്പെട്ട ജാതികളുടെ പുത്രിമാരെയും കുഴിയിൽ ഇറങ്ങുന്നവരോടു കൂടെ ഭൂമിയുടെ അധോഭാഗത്തു തള്ളിയിടുക. 19സൗന്ദര്യത്തിൽ നീ ആരെക്കാൾ വിശേഷപ്പെട്ടിരിക്കുന്നു; നീ ഇറങ്ങിച്ചെന്നു അഗ്രചർമ്മികളുടെ കൂട്ടത്തിൽ കിടക്കുക. 20വാളാൽ നിഹതന്മാരായവരുടെ നടുവിൽ അവർ വീഴും; വാൾ നിയമിക്കപ്പെട്ടിരിക്കുന്നു; അതിനെയും അതിന്റെ സകലപുരുഷാരത്തെയും വലിച്ചുകൊണ്ടുപോകുവിൻ. 21വീരന്മാരിൽ ബലവാന്മാരായവർ അവന്റെ സഹായക്കാരോടുകൂടെ പാതാളത്തിന്റെ നടുവിൽനിന്നു അവനോടു സംസാരിക്കും; അഗ്രചർമ്മികളായി വാളാൽ നിഹതന്മാരയവർ ഇറങ്ങിച്ചെന്നു അവിടെ കിടക്കുന്നു. 22അവിടെ അശ്ശൂരും അതിന്റെ സർവ്വസമൂഹവും ഉണ്ടു; അവന്റെ ശവക്കുഴികൾ അവന്റെ ചുറ്റും കിടക്കുന്നു; അവരെല്ലാവരും വാളാൽ നിഹതന്മാരായി വീണവർ തന്നേ. 23അവരുടെ ശവക്കുഴികൾ പാതാളത്തിന്റെ അങ്ങെയറ്റത്തിരിക്കുന്നു; അതിന്റെ സമൂഹം അതിന്റെ ശവക്കുഴിയുടെ ചുറ്റും ഇരിക്കുന്നു; ജീവനുള്ളവരുടെ ദേശത്തു ഭീതിപരത്തിയ അവരെല്ലാവരും വാളാൽ നിഹതന്മാരായി വീണിരിക്കുന്നു. 24അവിടെ ഏലാമും അതിന്റെ ശവക്കുഴിയുടെ ചുറ്റും അതിന്റെ സകലപുരുഷാരവും ഉണ്ടു; അവർ എല്ലാവരും വാളാൽ നിഹതന്മാരായി വീണു അഗ്രചർമ്മികളായി ഭൂമിയുടെ അധോഭാഗത്തു ഇറങ്ങിപ്പോയിരിക്കുന്നു; ജീവനുള്ളവരുടെ ദേശത്തു അവർ നീതി പരത്തി; എങ്കിലും കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ അവർ ലജ്ജ വഹിക്കുന്നു. 25നിഹതന്മാരുടെ മദ്ധ്യേ അവർ അതിന്നും അതിന്റെ സകലപുരുഷാരത്തിന്നും ഒരു കിടക്ക വിരിച്ചിരിക്കുന്നു; അതിന്റെ ശവക്കുഴികൾ അതിന്റെ ചുറ്റും ഇരിക്കുന്നു; അവരൊക്കെയും അഗ്രചർമ്മികളായി വാളാൽ നിഹതന്മാരാകുന്നു; ജീവനുള്ളവരുടെ ദേശത്തു അവർ ഭീതി പരത്തിയിരിക്കയാൽ കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ ലജ്ജ വഹിക്കുന്നു; നിഹതന്മാരുടെ മദ്ധ്യേ അതു കിടക്കുന്നു. 26അവിടെ മേശെക്കും തൂബലും അതിന്റെ സകലപുരുഷാരവും ഉണ്ടു; അതിന്റെ ശവക്കുഴികൾ അതിന്റെ ചുറ്റും ഇരിക്കുന്നു; അവർ ജീവനുള്ളവരുടെ ദേശത്തു ഭീതി പരത്തിയിരിക്കയാൽ അവരൊക്കെയും അഗ്രചർമ്മികളായി വാളാൽ നിഹതന്മാരായിരിക്കുന്നു. 27അവർ ജീവനുള്ളവരുടെ ദേശത്തു വീരന്മാർക്കു ഭീതി ആയിരുന്നതുകൊണ്ടു തങ്ങളുടെ അകൃത്യങ്ങളെ അസ്ഥികളിന്മേൽ ചുമന്നും തങ്ങളുടെ വാളുകളെ തലെക്കു കീഴെ വെച്ചുംകൊണ്ടു അഗ്രചർമ്മികളിൽ പട്ടുപോയ വീരന്മാരായി പടക്കോപ്പോടുകൂടെ പാതാളത്തിൽ ഇറങ്ങിയവരുടെ കൂട്ടത്തിൽ കിടക്കേണ്ടതല്ലയോ? 28നീയോ അഗ്രചർമ്മികളുടെ കൂട്ടത്തിൽ തകർന്നുപോകയും വാളാൽ നിഹതന്മാരായവരോടുകൂടെ കിടക്കുകയും ചെയ്യും. 29അവിടെ ഏദോമും അതിന്റെ രാജാക്കന്മാരും സകലപ്രഭുക്കന്മാരും ഉണ്ടു; അവർ തങ്ങളുടെ വല്ലഭത്വത്തിൽ വാളാൽ നിഹതന്മാരായവരുടെ കൂട്ടത്തിൽ കിടക്കേണ്ടിവന്നു; അവർ അഗ്രചർമ്മികളോടും കുഴിയിൽ ഇറങ്ങുന്നവരോടും കൂടെ കിടക്കുന്നു. 30അവിടെ വടക്കെ പ്രഭുക്കന്മാരെല്ലാവരും നിഹതന്മാരോടു കൂടെ ഇറങ്ങിപ്പോയ സകലസീദോന്യരും ഉണ്ടു; അവർ തങ്ങളുടെ വല്ലഭത്വത്താൽ പരത്തിയ ഭീതിനിമിത്തം ലജ്ജിക്കുന്നു; അവർ അഗ്രചർമ്മികളായി വാളാൽ നിഹതന്മാരായവരോടുകൂടെ കിടക്കുകയും കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ ലജ്ജ വഹിക്കയും ചെയ്യുന്നു. 31അവരെ ഫറവോൻ കണ്ടു തന്റെ സകലപുരുഷാരത്തെയും കുറിച്ചു ആശ്വസിക്കും; ഫറവോനും അവന്റെ സകലസൈന്യവും വാളാൽ നിഹതന്മാരായിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു. 32ഞാനല്ലോ അവന്റെ ഭീതി ജീവനുള്ളവരുടെ ദേശത്തു പരത്തിയതു; ഫറവോനും അവന്റെ പുരുഷാരമൊക്കെയും വാളാൽ നിഹതന്മാരായവരോടുകൂടെ അഗ്രചർമ്മികളുടെ കൂട്ടത്തിൽ കിടക്കേണ്ടിവരും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
Copyright information for MalSC