Genesis 19:1-24

1ആ രണ്ടു ദൂതന്മാർ വൈകുന്നേരത്തു സൊദോമിൽ എത്തി; ലോത്ത് സൊദോംപട്ടണവാതിൽക്കൽ ഇരിക്കയായിരുന്നു; അവരെ കണ്ടിട്ടു ലോത്ത് എഴുന്നേറ്റു എതിരേറ്റുചെന്നു നിലംവരെ കുനിഞ്ഞു നമസ്കരിച്ചു: 2യജമാനന്മാരേ, അടിയന്റെ വീട്ടിൽ വന്നു നിങ്ങളുടെ കാലുകളെ കഴുകി രാപാർപ്പിൻ; കാലത്തു എഴുന്നേറ്റു നിങ്ങളുടെ വഴിക്കു പോകയുമാം എന്നു പറഞ്ഞതിന്നു: അല്ല, ഞങ്ങൾ വീഥിയിൽ തന്നേ രാപാർക്കും എന്നു അവർ പറഞ്ഞു. 3അവൻ അവരെ ഏറ്റവും നിർബന്ധിച്ചു; അപ്പോൾ അവർ അവന്റെ അടുക്കൽ തിരിഞ്ഞു അവന്റെ വീട്ടിൽ ചെന്നു; അവൻ അവർക്കു വിരുന്നൊരുക്കി, പുളിപ്പില്ലാത്ത അപ്പം ചുട്ടു; അവർ ഭക്ഷണം കഴിച്ചു. 4അവർ ഉറങ്ങുവാൻ പോകുമ്മുമ്പെ സൊദോംപട്ടണത്തിലെ പുരുഷന്മാർ സകല ഭാഗത്തുനിന്നും ആബാലവൃദ്ധം എല്ലാവരും വന്നു വീടു വളഞ്ഞു. 5 aഅവർ ലോത്തിനെ വിളിച്ചു: ഈ രാത്രി നിന്റെ അടുക്കൽ വന്ന പുരുഷന്മാർ എവിടെ? ഞങ്ങൾ അവരെ ഭോഗിക്കേണ്ടതിന്നു ഞങ്ങളുടെ അടുക്കൽ പുറത്തു കൊണ്ടുവാ എന്നു അവനോടു പറഞ്ഞു. 6ലോത്ത് വാതിൽക്കൽ അവരുടെ അടുക്കൽ പുറത്തു ചെന്നു, കതകു അടെച്ചുംവെച്ചു: 7സഹോദരന്മാരേ, ഇങ്ങനെ ദോഷം ചെയ്യരുതേ. 8പുരുഷൻ തൊടാത്ത രണ്ടു പുത്രിമാർ എനിക്കുണ്ടു; അവരെ ഞാൻ നിങ്ങളുടെ അടുക്കൽ പുറത്തു കൊണ്ടുവരാം; നിങ്ങൾക്കു ബോധിച്ചതുപോലെ അവരോടു ചെയ്തുകൊൾവിൻ; ഈ പുരുഷന്മാരോടു മാത്രം ഒന്നും ചെയ്യരുതേ; ഇതിന്നായിട്ടല്ലോ അവർ എന്റെ വീട്ടിന്റെ നിഴലിൽ വന്നതു എന്നു പറഞ്ഞു. 9മാറിനിൽക എന്നു അവർ പറഞ്ഞു. ഇവനൊരുത്തൻ പരദേശിയായി വന്നു പാർക്കുന്നു; ന്യായംവിധിപ്പാനും ഭാവിക്കുന്നു. ഇപ്പോൾ ഞങ്ങൾ അവരോടു ഭാവിച്ചതിലധികം നിന്നോടു ദോഷം ചെയ്യും എന്നും അവർ പറഞ്ഞു ലോത്തിനെ ഏറ്റവും തിക്കി വാതിൽ പൊളിപ്പാൻ അടുത്തു. 10അപ്പോൾ ആ പുരുഷന്മാർ കൈ പുറത്തോട്ടു നീട്ടി ലോത്തിനെ തങ്ങളുടെ അടുക്കൽ അകത്തു കയറ്റി വാതിൽ അടെച്ചു, 11 bവാതിൽക്കൽ ഉണ്ടായിരുന്ന പുരുഷന്മാർക്കു അബാലവൃദ്ധം അന്ധത പിടിപ്പിച്ചു. അതുകൊണ്ടു അവർ വാതിൽ തപ്പിനടന്നു വിഷമിച്ചു. 12ആ പുരുഷന്മാർ ലോത്തിനോടു: ഇവിടെ നിനക്കു മറ്റു വല്ലവരുമുണ്ടോ? മരുമക്കളോ പുത്രന്മാരോ പുത്രിമാരോ ഇങ്ങനെ പട്ടണത്തിൽ നിനക്കുള്ളവരെയൊക്കെയും ഈ സ്ഥലത്തുനിന്നു കൊണ്ടുപൊയ്ക്കെൾക; 13ഇവരെക്കുറിച്ചുള്ള ആവലാധി യഹോവയുടെ മുമ്പാകെ വലുതായിത്തീർന്നിരിക്കകൊണ്ടു ഞങ്ങൾ ഈ സ്ഥലത്തെ നശിപ്പിക്കും. അതിനെ നശിപ്പിപ്പാൻ യഹോവ ഞങ്ങളെ അയച്ചിരിക്കുന്നു എന്നു പറഞ്ഞു. 14അങ്ങനെ ലോത്ത് ചെന്നു തന്റെ പുത്രിമാരെ വിവാഹം ചെയ്‌വാനുള്ള മരുമക്കളോടു സംസാരിച്ചു: നിങ്ങൾ എഴുന്നേറ്റു ഈ സ്ഥലം വിട്ടു പുറപ്പെടുവിൻ; യഹോവ ഈ പട്ടണം നശിപ്പിക്കും എന്നു പറഞ്ഞു. എന്നാൽ അവൻ കളി പറയുന്നു എന്നു അവന്റെ മരുമക്കൾക്കു തോന്നി. 15ഉഷസ്സായപ്പോൾ ദൂതന്മാർ ലോത്തിനെ ബദ്ധപ്പെടുത്തി: ഈ പട്ടണത്തിന്റെ അകൃത്യത്തിൽ നശിക്കാതിരിപ്പാൻ എഴുന്നേറ്റു നിന്റെ ഭാര്യയെയും ഇവിടെ കാണുന്ന നിന്റെ രണ്ടു പുത്രിമാരെയും കൂട്ടിക്കൊണ്ടു പൊയ്ക്കൾക എന്നു പറഞ്ഞു. 16 cഅവൻ താമസിച്ചപ്പോൾ, യഹോവ അവനോടു കരുണ ചെയ്കയാൽ, ആ പുരുഷന്മാർ അവനെയും ഭാര്യയെയും രണ്ടു പുത്രിമാരെയും കൈക്കു പിടിച്ചു പട്ടണത്തിന്റെ പുറത്തു കൊണ്ടുപോയി ആക്കി. 17അവരെ പുറത്തു കൊണ്ടുവന്ന ശേഷം അവൻ: ജീവരക്ഷെക്കായി ഓടിപ്പോക; പുറകോട്ടു നോക്കരുതു; ഈ പ്രദേശത്തെങ്ങും നിൽക്കയുമരുതു; നിനക്കു നാശം ഭവിക്കാതിരിപ്പാൻ പർവ്വതത്തിലേക്കു ഓടിപ്പോക എന്നു പറഞ്ഞു. 18ലോത്ത് അവരോടു പറഞ്ഞതു: അങ്ങനെയല്ല കർത്താവേ; 19നിനക്കു അടിയനോടു കൃപ തോന്നിയല്ലോ; എന്റെ ജീവനെ രക്ഷിപ്പാൻ എനിക്കു വലിയ കൃപ നീ കാണിച്ചിരിക്കുന്നു; പർവ്വതത്തിൽ ഓടി എത്തുവാൻ എനിക്കു കഴികയില്ല; പക്ഷേ എനിക്കു ദോഷം തട്ടി മരണം ഭവിക്കും. 20ഇതാ, ഈ പട്ടണം സമീപമാകുന്നു; അവിടേക്കു എനിക്കു ഓടാം; അതു ചെറിയതുമാകുന്നു; ഞാൻ അവിടേക്കു ഓടിപ്പേകട്ടെ. അതു ചെറിയതല്ലോ; എന്നാൽ എനിക്കു ജീവരക്ഷ ഉണ്ടാകും. 21അവൻ അവനോടു: ഇക്കാര്യത്തിലും ഞാൻ നിന്നെ കടാക്ഷിച്ചിരിക്കുന്നു; നീ പറഞ്ഞ പട്ടണം ഞാൻ മറിച്ചുകളകയില്ല. 22ബദ്ധപ്പെട്ടു അവിടേക്കു ഓടിപ്പോക; നീ അവിടെ എത്തുവോളം എനിക്കു ഒന്നും ചെയ്‌വാൻ കഴികയില്ല എന്നു പറഞ്ഞു. അതുകൊണ്ടു ആ പട്ടണത്തിന്നു സോവർ എന്നു പേരായി. 23ലോത്ത് സോവരിൽ കടന്നപ്പോൾ സൂര്യൻ ഉദിച്ചിരുന്നു. 24 dയഹോവ സൊദോമിന്റെയും ഗൊമോരയുടെയും മേൽ യഹോവയുടെ സന്നിധിയിൽനിന്നു, ആകാശത്തു നിന്നു തന്നെ, ഗന്ധകവും തീയും വർഷിപ്പിച്ചു.
Copyright information for MalSC