Isaiah 13

1 aആമോസിന്റെ മകനായ യെശയ്യാവു ബാബേലിനെക്കുറിച്ചു ദർശിച്ച പ്രവാചകം: 2മൊട്ടക്കുന്നിന്മേൽ കൊടി ഉയർത്തുവിൻ; അവർ പ്രഭുക്കന്മാരുടെ വാതിലുകൾക്കകത്തു കടക്കേണ്ടതിന്നു ശബ്ദം ഉയർത്തി അവരെ കൈ കാട്ടി വിളിപ്പിൻ. 3ഞാൻ എന്റെ വിശുദ്ധീകരിക്കപ്പെട്ടവരോടു കല്പിച്ചു, ഗർവ്വത്തോടെ ഉല്ലസിക്കുന്ന എന്റെ വീരന്മാരെ ഞാൻ എന്റെ കോപത്തെ നിവർത്തിക്കേണ്ടതിന്നു വിളിച്ചിരിക്കുന്നു. 4ബഹുജനത്തിന്റെ ഘോഷംപോലെ പർവ്വതങ്ങളിൽ പുരുഷാരത്തിന്റെ ഒരു ഘോഷം! കൂടിയിരിക്കുന്ന ജാതികളുടെ രാജ്യങ്ങളുടെ ആരവം! സൈന്യങ്ങളുടെ യഹോവ യുദ്ധസൈന്യത്തെ പരിശോധിക്കുന്നു. 5ദേശത്തെ ഒക്കെയും നശിപ്പിപ്പാൻ ദൂരദേശത്തുനിന്നും ആകാശത്തിന്റെ അറ്റത്തുനിന്നും യഹോവയും അവന്റെ കോപത്തിന്റെ ആയുധങ്ങളും വരുന്നു. 6 bയഹോവയുടെ ദിവസം സമീപിച്ചിരിക്കകൊണ്ടു മുറയിടുവിൻ; അതു സർവ്വശക്തങ്കൽനിന്നു സർവ്വനാശംപോലെ വരുന്നു. 7അതുകൊണ്ടു എല്ലാകൈകളും തളർന്നുപോകും; സകലഹൃദയവും ഉരുകിപ്പോകും. 8അവർ ഭ്രമിച്ചുപോകും; വേദനയും ദുഃഖവും അവർക്കു പിടിപെടും; നോവു കിട്ടിയ സ്ത്രീയെപ്പോലെ അവർ വേദനപ്പെടും; അവർ അന്യോന്യം തുറിച്ചുനോക്കും; അവരുടെ മുഖം ജ്വലിച്ചിരിക്കും. 9ദേശത്തെ ശൂന്യമാക്കുവാനും പാപികളെ അതിൽനിന്നു മുടിച്ചുകളവാനും യഹോവയുടെ ദിവസം ക്രൂരമായിട്ടു ക്രോധത്തോടും അതികോപത്തോടും കൂടെ വരുന്നു. 10 cആകാശത്തിലെ നക്ഷത്രങ്ങളും നക്ഷത്രരാശികളും പ്രകാശം തരികയില്ല; സൂര്യൻ ഉദയത്തിങ്കൽ തന്നേ ഇരുണ്ടു പോകും; ചന്ദ്രൻ പ്രകാശം നല്കുകയുമില്ല. 11ഞാൻ ഭൂതലത്തെ ദോഷംനിമിത്തവും ദുഷ്ടന്മാരെ അവരുടെ അകൃത്യംനിമിത്തവും സന്ദർശിക്കും; അഹങ്കാരികളുടെ ഗർവ്വത്തെ ഞാൻ ഇല്ലാതാക്കും; ഉഗ്രന്മാരുടെ നിഗളത്തെ താഴ്ത്തും. 12ഞാൻ ഒരു പുരുഷനെ തങ്കത്തെക്കാളും ഒരു മനുഷ്യനെ ഓഫീർതങ്കത്തെക്കാളും ദുർല്ലഭമാക്കും. 13അങ്ങനെ ഞാൻ ആകാശത്തെ നടുങ്ങുമാറാക്കും; സൈന്യങ്ങളുടെ യഹോവയുടെ ക്രോധത്തിലും അവന്റെ ഉഗ്രകോപത്തിന്റെ നാളിലും ഭൂമി അതിന്റെ സ്ഥാനത്തുനിന്നു ഇളകിപ്പോകും; 14ഓടിച്ചുവിട്ട ഇളമാനിനെപ്പോലെയും ആരും കൂട്ടിച്ചേർക്കാത്ത ആടുകളെപ്പോലെയും അവർ ഓരോരുത്തൻ താന്താന്റെ ജാതിയുടെ അടുക്കലേക്കു തിരിയും; ഓരോരുത്തൻ താന്താന്റെ സ്വദേശത്തിലേക്കു ഓടിപ്പോകും. 15കണ്ടുകിട്ടുന്നവനെ ഒക്കെയും കുത്തിക്കൊല്ലും; പിടിപെടുന്നവനൊക്കെയും വാളാൽ വീഴും. 16അവർ കാൺകെ അവരുടെ ശിശുക്കളെ അടിച്ചു തകർത്തുകളയും; അവരുടെ വീടുകളെ കൊള്ളയിടും; അവരുടെ ഭാര്യമാരെ അപമാനിക്കും. 17ഞാൻ മേദ്യരെ അവർക്കു വിരോധമായി ഉണർത്തും; അവർ വെള്ളിയെ കാര്യമാക്കുകയില്ല; പൊന്നിൽ അവർക്കു താല്പര്യവുമില്ല. 18അവരുടെ വില്ലുകൾ യുവാക്കളെ തകർത്തുകളയും; ഗർഭഫലത്തോടു അവർക്കു കരുണ തോന്നുകയില്ല; പൈതങ്ങളെയും അവർ ആദരിക്കയില്ല. 19 dരാജ്യങ്ങളുടെ മഹത്വവും കല്ദയരുടെ പ്രശംസാലങ്കാരവുമായ ബാബേൽ, ദൈവം സൊദോമിനെയും ഗൊമോറയെയും മറിച്ചുകളഞ്ഞതുപോലെ ആയിത്തീരും. 20അതിൽ ഒരുനാളും കുടിപാർപ്പുണ്ടാകയില്ല; തലമുറതലമുറയോളം അതിൽ ആരും വസിക്കയുമില്ല; അറബിക്കാരൻ അവിടെ കൂടാരം അടിക്കയില്ല; ഇടയന്മാർ അവിടെ ആടുകളെ കിടത്തുകയും ഇല്ല. 21 eമരുമൃഗങ്ങൾ അവിടെ കിടക്കും; അവരുടെ വീടുകളിൽ മൂങ്ങാ നിറയും; ഒട്ടകപ്പക്ഷികൾ അവിടെ പാർക്കും; ഭൂതങ്ങൾ അവിടെ നൃത്തംചെയ്യും. 22അവരുടെ അരമനകളിൽ ചെന്നായ്ക്കളും അവരുടെ മനോഹരമന്ദിരങ്ങളിൽ കുറുനരികളും ഓളിയിടും; അതിന്റെ സമയം അടുത്തിരിക്കുന്നു; അതിന്റെ കാലം ദീർഘിച്ചുപോകയുമില്ല.

Isaiah 14:1-23

1യഹോവ യാക്കോബിനോടു മനസ്സലിഞ്ഞു യിസ്രായേലിനെ വീണ്ടും തിരഞ്ഞെടുത്തു സ്വദേശത്തു അവരെ പാർപ്പിക്കും; അന്യജാതിക്കാരും അവരോടു യോജിച്ചു യാക്കോബ് ഗൃഹത്തോടു ചേർന്നുകൊള്ളും. 2ജാതികൾ അവരെ കൂട്ടി അവരുടെ സ്ഥലത്തേക്കു കൊണ്ടുവരും; യിസ്രായേൽ ഗൃഹം അവരെ യഹോവയുടെ ദേശത്തു ദാസന്മാരായും ദാസിമാരായും അടക്കിക്കൊള്ളും; തങ്ങളെ ബദ്ധന്മാരാക്കിയവരെ അവർ ബദ്ധന്മാരാക്കുകയും തങ്ങളെ പീഡിപ്പിച്ചവരെ വാഴുകയും ചെയ്യും. 3യഹോവ നിന്റെ വ്യസനവും നിന്റെ കഷ്ടതയും നീ ചെയ്യേണ്ടിവന്ന നിന്റെ കഠിനദാസ്യവും നീക്കി നിനക്കു വിശ്രാമം നല്കുന്ന നാളിൽ 4നീ ബാബേൽരാജാവിനെക്കുറിച്ചു ഈ പാട്ടു ചൊല്ലും: പീഡിപ്പിക്കുന്നവൻ എങ്ങനെ ഇല്ലാതെയായി! സ്വർണ്ണനഗരം എങ്ങനെ മുടിഞ്ഞുപോയി! 5യഹോവ ദുഷ്ടന്മാരുടെ വടിയും വാഴുന്നവരുടെ ചെങ്കോലും ഒടിച്ചുകളഞ്ഞു. 6വംശങ്ങളെ ഇടവിടാതെ ക്രോധത്തോടെ അടിക്കയും ആർക്കും അടുത്തുകൂടാത്ത ഉപദ്രവത്താൽ ജാതികളെ കോപത്തോടെ ഭരിക്കയും ചെയ്തവനെ തന്നേ. 7സർവ്വഭൂമിയും വിശ്രമിച്ചു സ്വസ്ഥമായിരിക്കുന്നു; അവർ ആർത്തുപാടുന്നു. 8സരളവൃക്ഷങ്ങളും ലെബാനോനിലെ ദേവദാരുക്കളും നിന്നെക്കുറിച്ചു സന്തോഷിച്ചു: നീ വീണുകിടന്നതുമുതൽ ഒരു വെട്ടുകാരനും ഞങ്ങളുടെ നേരെ കയറിവരുന്നില്ല എന്നു പറയുന്നു. 9നിന്റെ വരവിങ്കൽ നിന്നെ എതിരേല്പാൻ താഴേ പാതാളം നിന്റെ നിമിത്തം ഇളകിയിരിക്കുന്നു; അതു നിന്നെച്ചൊല്ലി സകലഭൂപാലന്മാരുമായ പ്രേതന്മാരെ ഉണർത്തുകയും ജാതികളുടെ സകലരാജാക്കന്മാരെയും സിംഹാസനങ്ങളിൽനിന്നു എഴുന്നേല്പിക്കയും ചെയ്തിരിക്കുന്നു. 10അവരൊക്കെയും നിന്നോടു: നീയും ഞങ്ങളെപ്പോലെ ബലഹീനനായോ? നീയും ഞങ്ങൾക്കു തുല്യനായ്തീർന്നുവോ? എന്നു പറയും. 11നിന്റെ ആഡംബരവും വാദ്യഘോഷവും പാതാളത്തിലേക്കു ഇറങ്ങിപ്പോയി; നിന്റെ കീഴെ പുഴുക്കളെ വിരിച്ചിരിക്കുന്നു; കൃമികൾ നിനക്കു പുതെപ്പായിരിക്കുന്നു. 12 fഅരുണോദയപുത്രനായ ശുക്രാ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജാതികളെ താഴ്ത്തിക്കളഞ്ഞവനേ, നീ എങ്ങനെ വെട്ടേറ്റു നിലത്തു വീണു! 13 g“ഞാൻ സ്വർഗ്ഗത്തിൽ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ വെക്കും; ഉത്തരദിക്കിന്റെ അതൃത്തിയിൽ സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും; 14ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും” എന്നല്ലോ നീ ഹൃദയത്തിൽ പറഞ്ഞതു. 15എന്നാൽ നീ പാതാളത്തിലേക്കു, നാശകൂപത്തിന്റെ അടിയിലേക്കു തന്നേ വീഴും. 16നിന്നെ കാണുന്നവർ നിന്നെ ഉറ്റുനോക്കി: ഭൂമിയെ നടുക്കുകയും രാജ്യങ്ങളെ കുലുക്കുകയും 17ഭൂതലത്തെ മരുഭൂമിപോലെ ആക്കുകയും അതിലെ പട്ടണങ്ങളെ ഇടിച്ചുകളകയും തന്റെ ബദ്ധന്മാരെ വീട്ടിലേക്കു അഴിച്ചുവിടാതിരിക്കയും ചെയ്തവൻ ഇവനല്ലയോ എന്നു നിരൂപിക്കും. 18ജാതികളുടെ സകലരാജാക്കന്മാരും ഒട്ടൊഴിയാതെ താന്താന്റെ ഭവനത്തിൽ മഹത്വത്തോടെ കിടന്നുറങ്ങുന്നു. 19നിന്നെയോ നിന്ദ്യമായോരു ചുള്ളിയെപ്പോലെയും വാൾകൊണ്ടു കുത്തേറ്റു മരിച്ചു കുഴിയിലെ കല്ലുകളോളം ഇറങ്ങിയവരെക്കൊണ്ടു പൊതിഞ്ഞിരിക്കുന്നവനായി ചവിട്ടിമെതിച്ച ശവംപോലെയും നിന്റെ കല്ലറയിൽനിന്നു എറിഞ്ഞുകളഞ്ഞിരിക്കുന്നു. 20നീ നിന്റെ ദേശത്തെ നശിപ്പിച്ചു, നിന്റെ ജനത്തെ കൊന്നുകളഞ്ഞതുകൊണ്ടു നിനക്കു അവരെപ്പോലെ ശവസംസ്കാരം ഉണ്ടാകയില്ല; ദുഷ്ടന്മാരുടെ സന്തതിയുടെ പേർ എന്നും നിലനില്ക്കയില്ല. 21അവന്റെ മക്കൾ എഴുന്നേറ്റു ഭൂമിയെ കൈവശമാക്കുകയും ഭൂതലത്തിന്റെ ഉപരിഭാഗത്തെ പട്ടണങ്ങൾകൊണ്ടു നിറെക്കയും ചെയ്യാതിരിക്കേണ്ടതിന്നു അവർക്കു അവരുടെ പിതാക്കന്മാരുടെ അകൃത്യംനിമിത്തം ഒരു കൊലനിലം ഒരുക്കിക്കൊൾവിൻ. 22ഞാൻ അവർക്കു വിരോധമായി എഴുന്നേല്ക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; ബാബേലിൽനിന്നു പേരിനെയും ശേഷിപ്പിനെയും പുത്രനെയും പൗത്രനെയും ഛേദിച്ചുകളയും എന്നു യഹോവ അരുളിച്ചെയ്യുന്നു. 23ഞാൻ അതിനെ മുള്ളൻ പന്നിയുടെ അവകാശവും നീർപ്പൊയ്കകളും ആക്കും; ഞാൻ അതിനെ നാശത്തിന്റെ ചൂലുകൊണ്ടു തൂത്തുവാരും എന്നും സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
Copyright information for MalSC