Jeremiah 49:7-22

7 aഎദോമിനെക്കുറിച്ചുള്ള അരുളപ്പാടു. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: തേമാനിൽ ഇനി ജ്ഞാനമില്ലയോ? ആലോചന വിവേകികളെ വിട്ടു നശിച്ചുപോയോ? അവരുടെ ജ്ഞാനം ക്ഷയിച്ചുപോയോ? 8ദെദാൻനിവാസികളേ, ഓടിപ്പോകുവിൻ; പിന്തിരിഞ്ഞു കുഴികളിൽ പാർത്തുകൊൾവിൻ; ഞാൻ ഏശാവിന്റെ ആപത്തു, അവന്റെ ദർശനകാലം തന്നേ, അവന്നു വരുത്തും. 9മുന്തിരിപ്പഴം പറിക്കുന്നവർ നിന്റെ അടുക്കൽ വന്നാൽ കാലാ പറിപ്പാൻ ചിലതു ശേഷിപ്പിക്കയില്ലയോ? രാത്രിയിൽ കള്ളന്മാർ വന്നാൽ തങ്ങൾക്കു മതിയാകുവോളം മാത്രമല്ലോ നശിപ്പിക്കുന്നതു? 10എന്നാൽ ഏശാവിനെ ഞാൻ നഗ്നമാക്കി അവന്റെ ഗൂഢസ്ഥലങ്ങളെ അനാവൃതമാക്കിയിരിക്കുന്നു; അവന്നു ഒളിച്ചുകൊൾവാൻ കഴികയില്ല; അവന്റെ സന്തതിയും സഹോദരന്മാരും അയല്ക്കാരും നശിച്ചുപോയി; അവനും ഇല്ലാതെ ആയിരിക്കുന്നു. 11നിന്റെ അനാഥന്മാരെ ഉപേക്ഷിക്ക; ഞാൻ അവരെ ജീവനോടെ രക്ഷിക്കും; നിന്റെ വിധവമാർ എന്നിൽ ആശ്രയിക്കട്ടെ. 12യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: പാനപാത്രം കുടിപ്പാൻ അർഹതയില്ലാത്തവർ കുടിക്കേണ്ടിവന്നു; പിന്നെ നിനക്കു ശിക്ഷ വരാതെ പോകുമോ? നിനക്കു ശിക്ഷ വരാതെ പോകയില്ല; നീയും കുടിക്കേണ്ടിവരും. 13ബൊസ്രാ സ്തംഭനവും നിന്ദയും ശൂന്യവും ശാപവുമായി ഭവിക്കും; അതിന്റെ എല്ലാപട്ടണങ്ങളും നിത്യശൂന്യങ്ങളായ്തീരും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു. 14നിങ്ങൾ ഒരുമിച്ചുകൂടി അതിന്റെ നേരെ ചെല്ലുവിൻ; യുദ്ധത്തിന്നായി എഴുന്നേല്പിൻ! എന്നിങ്ങനെ വിളിച്ചുപറവാൻ ഒരു ദൂതനെ ജാതികളുടെ അടുക്കലേക്കു അയച്ചിരിക്കുന്നു എന്നൊരു വർത്തമാനം ഞാൻ യഹോവയിങ്കൽനിന്നു കേട്ടു. 15ഞാൻ നിന്നെ ജാതികളുടെ ഇടയിൽ ചെറിയവനും മനുഷ്യരുടെ ഇടയിൽ നിന്ദിതനും ആക്കും. 16പാറപ്പിളർപ്പുകളിൽ പാർത്തു കുന്നുകളുടെ മുകൾ പിടിച്ചുകൊണ്ടിരിക്കുന്നവനേ, നിന്റെ ഭയങ്കരത്വം വിചാരിച്ചാൽ നിന്റെ ഹൃദയത്തിലെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു; നീ കഴുകനെപ്പോലെ നിന്റെ കൂടു ഉയരത്തിൽ വെച്ചാലും അവിടെനിന്നു ഞാൻ നിന്നെ താഴെ ഇറങ്ങുമാറാക്കും എന്നു യഹോവയുടെ അരുളപ്പാടു. 17എദോം സ്തംഭനവിഷയമായ്തീരും; അതിന്നരികത്തുകൂടി കടന്നുപോകുന്ന ഏവരും സ്തംഭിച്ചു അതിന്റെ സകലബാധകളും നിമിത്തം ചൂളകുത്തും. 18 bസൊദോമിന്റെയും ഗൊമോരയുടെയും അവയുടെ അയൽപട്ടണങ്ങളുടെയും ഉന്മൂലനാശശേഷം എന്നപോലെ അവിടെയും ആരും പാർക്കയില്ല; ഒരു മനുഷ്യനും അവിടെ വസിക്കയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു. 19യോർദ്ദാന്റെ വൻകാട്ടിൽനിന്നു ഒരു സിംഹം എന്നപോലെ അവൻ എപ്പോഴും പച്ചയായിരിക്കുന്ന മേച്ചൽപുറങ്ങളിലേക്കു കയറിവരുന്നു; ഞാൻ അവരെ പെട്ടന്നു അതിൽനിന്നു ഓടിച്ചുകളയും; ഞാൻ തിരഞ്ഞെടുക്കുന്ന ഒരാളെ അതിന്നു നിയമിക്കും; എനിക്കു സമനായവൻ ആർ? എനിക്കു നേരം കുറിക്കുന്നവൻ ആർ? എന്റെ മുമ്പാകെ നില്ക്കാകുന്ന ഇടയൻ ആർ? 20അതുകൊണ്ടു യഹോവ എദോമിനെക്കുറിച്ചു ആലോചിച്ച ആലോചനയും തേമാൻ നിവാസികളെക്കുറിച്ചു നിരൂപിച്ച നിരൂപണങ്ങളും കേൾപ്പിൻ: ആട്ടിൻ കൂട്ടത്തിൽ ചെറിയവരെ അവർ ഇഴെച്ചുകൊണ്ടുപോകും; അവൻ അവരുടെ മേച്ചൽപുറങ്ങളെ അവരോടുകൂടെ ശൂന്യമാക്കും. 21അവരുടെ വീഴ്ചയുടെ മുഴക്കത്തിങ്കൽ ഭൂമി നടുങ്ങുന്നു; ഒരു നിലവിളി; അതിന്റെ ഒച്ച ചെങ്കടലിൽ കേൾക്കുന്നു! 22അവൻ കഴുകനെപ്പോലെ പൊങ്ങി പറന്നുവന്നു ബൊസ്രയുടെമേൽ ചിറകു വിടർക്കും; അന്നാളിൽ എദോമിലെ വീരന്മാരുടെ ഹൃദയം നോവുകിട്ടിയ സ്ത്രീയുടെ ഹൃദയം പോലെയാകും.
Copyright information for MalSC