Jeremiah 50

1 aയിരെമ്യാപ്രവാചകൻമുഖാന്തരം യഹോവ ബാബേലിനെക്കുറിച്ചും കല്ദയദേശത്തെക്കുറിച്ചും കല്പിച്ച അരുളപ്പാടു: 2ജാതികളുടെ ഇടയിൽ പ്രസ്താവിച്ചു പ്രസിദ്ധമാക്കുവിൻ; കൊടി ഉയർത്തുവിൻ; മറെച്ചുവെക്കാതെ ഘോഷിപ്പിൻ; ബാബേൽ പിടിക്കപ്പെട്ടിരിക്കുന്നു; ബേൽ ലജ്ജിച്ചുപോയി, മേരോദാക്ക് തകർന്നിരിക്കുന്നു; അതിലെ വിഗ്രഹങ്ങൾ ലജ്ജിച്ചുപോയി, അതിലെ ബിംബങ്ങൾ തകർന്നിരിക്കുന്നു എന്നു പറവിൻ. 3വടക്കുനിന്നു ഒരു ജാതി അതിന്റെ നേരെ പുറപ്പെട്ടുവരുന്നു; അതു ആ ദേശത്തെ ശൂന്യമാക്കുന്നു; അതിൽ ആരും വസിക്കുന്നില്ല; മനുഷ്യരും മൃഗങ്ങളും ഓടിപ്പോയ്ക്കളയുന്നു. 4ആ നാളുകളിൽ, ആ കാലത്തു, യിസ്രായേൽമക്കളും യെഹൂദാമക്കളും ഒരുമിച്ചു കരഞ്ഞുംകൊണ്ടു വന്നു തങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിക്കും എന്നു യഹോവയുടെ അരുളപ്പാടു. 5അവർ സീയോനിലേക്കു മുഖം തിരിച്ചു അതിനെക്കുറിച്ചു ചോദിച്ചുകൊണ്ടു: വരുവിൻ; മറന്നുപോകാത്തതായ ഒരു ശാശ്വത നിയമത്താൽ നമുക്കു യഹോവയോടു ചേർന്നുകൊള്ളാം എന്നു പറയും. 6എന്റെ ജനം കാണാതെപോയ ആടുകൾ ആയീത്തീർന്നിരിക്കുന്നു; അവരുടെ ഇടയന്മാർ അവരെ തെറ്റിച്ചു മലകളിൽ ഉഴന്നുനടക്കുമാറാക്കിയിരിക്കുന്നു; അവർ മലയിൽനിന്നു കുന്നിന്മേൽ പോയി തങ്ങളുടെ കിടപ്പിടം മറന്നുകളഞ്ഞു. 7അവരെ കാണുന്നവരൊക്കെയും അവരെ തിന്നുകളയുന്നു; അവരുടെ വൈരികൾ: നാം കുറ്റം ചെയ്യുന്നില്ല; അവർ നീതിനിവാസമായ യഹോവയോടു, അവരുടെ പിതാക്കന്മാരുടെ പ്രത്യാശയായ യഹോവയോടു തന്നേ, പാപം ചെയ്തുവല്ലോ എന്നു പറഞ്ഞു. 8 bബാബേലിൽനിന്നു ഓടി കല്ദയദേശം വിട്ടു പോകുവിൻ; ആട്ടിൻ കൂട്ടത്തിന്നു മുമ്പായി നടക്കുന്ന മുട്ടാടുകളെപ്പോലെ ആയിരിപ്പിൻ. 9ഞാൻ ബാബേലിന്റെ നേരെ വടക്കെ ദേശത്തുനിന്നു മഹാജാതികളുടെ കൂട്ടത്തെ ഉണർത്തിവരുത്തും; അവർ അതിന്റെ നേരെ അണി നിരത്തും; അവിടെവെച്ചു അതു പിടിക്കപ്പെടും; അവരുടെ അമ്പുകൾ വെറുതെ മടങ്ങാതെ സമർത്ഥവീരന്റെ അമ്പുകൾ പോലെ ഇരിക്കും. 10കല്ദയദേശം കൊള്ളയിട്ടുപോകും; അതിനെ കൊള്ളയിടുന്നവർക്കു ഏവർക്കും തൃപ്തിവരും എന്നു യഹോവയുടെ അരുളപ്പാടു. 11എന്റെ അവകാശം കൊള്ളയിട്ടവരേ, നിങ്ങൾ സന്തോഷിക്കുന്നതുകൊണ്ടു, നിങ്ങൾ ഉല്ലസിക്കുന്നതുകൊണ്ടു, ധാന്യം മെതിക്കുന്ന പശുക്കിടാവിനെപ്പോലെ തുള്ളിക്കളിക്കുന്നതുകൊണ്ടു, ബലമുള്ള കുതിരയെപ്പോലെ നിങ്ങൾ ചിറാലിക്കുന്നതുകൊണ്ടു, 12നിങ്ങളുടെ അമ്മ ഏറ്റവും ലജ്ജിക്കും; നിങ്ങളെ പ്രസവിച്ചവൾ നാണിച്ചുപോകും; അവൾ ജാതികളിൽ അന്ത്യജാതിയും മരുഭൂമിയും വരണ്ട നിലവും ശൂന്യദേശവും ആകും. 13യഹോവയുടെ ക്രോധം ഹേതുവായി അതു നിവാസികൾ ഇല്ലാതെ അശേഷം ശൂന്യമായിത്തീരും; ബാബേലിന്നരികത്തു കൂടി കടന്നുപോകുന്ന ഏവരും സ്തംഭിച്ചു അതിന്റെ സകലബാധകളുംനിമിത്തം ചൂളുകുത്തും. 14ബാബേലിന്റെ നേരെ ചുറ്റം അണിനിരത്തുവിൻ; എല്ലാ വില്ലാളികളുമായുള്ളോരേ, അമ്പുകളെ ലോഭിക്കാതെ അതിലേക്കു എയ്തുവിടുവിൻ; അതു യഹോവയോടു പാപം ചെയ്തിരിക്കുന്നുവല്ലോ. 15അതിന്നുചുറ്റും നിന്നു ആർപ്പിടുവിൻ; അതു കീഴടങ്ങിയിരിക്കുന്നു; അതിന്റെ കൊത്തളങ്ങൾ വീണുപോയി; അതിന്റെ മതിലുകൾ ഇടിഞ്ഞിരിക്കുന്നു; ഇതു യഹോവയുടെ പ്രതികാരമല്ലോ; അതിനോടു പ്രതികാരം ചെയ്‌വിൻ; അതു ചെയ്തതുപോലെ അതിനോടും ചെയ്‌വിൻ. 16വിതെക്കുന്നവനെയും കൊയ്ത്തുകാലത്തു അരിവാൾ പിടിക്കുന്നവനെയും ബാബേലിൽനിന്നു ഛേദിച്ചുകളവിൻ; നശിപ്പിക്കുന്ന വാൾ പേടിച്ചു ഓരോരുത്തൻ സ്വജനത്തിന്റെ അടുക്കൽ മടങ്ങിപ്പോകയും സ്വദേശത്തേക്കു ഓടിപ്പോകയും ചെയ്യും.

17യിസ്രായേൽ ചിന്നിപ്പോയ ആട്ടിൻ കൂട്ടം ആകുന്നു; സിംഹങ്ങൾ അതിനെ ഓടിച്ചുകളഞ്ഞു; ആദ്യം അശ്ശൂർരാജാവു അതിനെ തിന്നു; ഒടുക്കം ഇപ്പോൾ ബാബേൽരാജാവായ നെബൂഖദ്നേസർ അതിന്റെ അസ്ഥികളെ ഒടിച്ചുകളഞ്ഞു. 18അതുകൊണ്ടു യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അശ്ശൂർരാജാവിനെ സന്ദർശിച്ചതുപോലെ ബാബേൽ രാജാവിനെയും അവന്റെ രാജ്യത്തെയും സന്ദർശിക്കും. 19പിന്നെ ഞാൻ യിസ്രായേലിനെ അവന്റെ മേച്ചൽപുറത്തേക്കു മടക്കിവരുത്തും; അവൻ കർമ്മേലിലും ബാശാനിലും മേഞ്ഞുകൊണ്ടിരിക്കും; എഫ്രയീംമലനാട്ടിലും ഗിലെയാദിലും മേഞ്ഞു അവന്നു തൃപ്തിവരും. 20ഞാൻ ശേഷിപ്പിച്ചുവെക്കുന്നവരോടു ക്ഷമിക്കയാൽ ആ നാളുകളിൽ, ആ കാലത്തു, യിസ്രായേലിന്റെ അകൃത്യം അന്വേഷിച്ചാൽ അതു ഇല്ലാതെ ഇരിക്കും; യെഹൂദയുടെ പാപങ്ങൾ അന്വേഷിച്ചാൽ കാണുകയില്ല എന്നു യഹോവയുടെ അരുളപ്പാടു.

21ദ്വിമത്സരം (മെറാഥയീം) എന്ന ദേശത്തിന്റെ നേരെ ചെല്ലുക; അതിന്റെ നേരെയും സന്ദർശനം (പെക്കോദ്) എന്ന പട്ടണത്തിലെ നിവാസികളുടെ നേരെയും തന്നേ; നീ അവരുടെ പിന്നാലെ ചെന്നു വെട്ടി നിർമ്മൂലനാശം വരുത്തി ഞാൻ കല്പിച്ചതുപോലെ ഒക്കെയും ചെയ്ക എന്നു യഹോവയുടെ അരുളപ്പാടു. 22യുദ്ധത്തിന്റെ ആരവവും മഹാസംഹാരവും ദേശത്തിൽ ഉണ്ടു. 23സർവ്വഭൂമിയുടെയും ചുറ്റിക പിളർന്നു തകർന്നുപോയതെങ്ങനെ? ജാതികളുടെ ഇടയിൽ ബാബേൽ ശൂന്യമായിത്തീർന്നതെങ്ങനെ? 24ബാബേലേ, ഞാൻ നിനക്കു കണിവെച്ചു, നീ അറിയാതെ അകപ്പെട്ടിരിക്കുന്നു; നിന്നെ കണ്ടെത്തി പിടിച്ചിരിക്കുന്നു; യഹോവയോടല്ലോ നീ പൊരുതിയതു. 25യഹോവ തന്റെ ആയുധശാല തുറന്നു തന്റെ ക്രോധത്തിന്റെ ആയുധങ്ങളെ എടുത്തു കൊണ്ടുവന്നിരിക്കുന്നു; സൈന്യങ്ങളുടെ യഹോവയായ കർത്താവിന്നു കല്ദയദേശത്തു ഒരു പ്രവൃത്തി ചെയ്‌വാനുണ്ടു. 26സകലദിക്കുകളിലും നിന്നു അതിന്റെ നേരെ വന്നു അതിന്റെ കളപ്പുരകളെ തുറപ്പിൻ; അതിനെ കറ്റപോലെ കൂമ്പാരം കൂട്ടുവിൻ; അതിൽ ഒന്നും ശേഷിപ്പിക്കാതെ നിർമ്മൂലനാശം വരുത്തുവിൻ; 27അതിലെ കാളയെ ഒക്കെയും കൊല്ലുവിൻ; അവ കൊലെക്കു ഇറങ്ങിപ്പോകട്ടെ; അവർക്കു അയ്യോ കഷ്ടം; അവരുടെ നാൾ, അവരുടെ സന്ദർശനകാലം വന്നിരിക്കുന്നു. 28നമ്മുടെ ദൈവമായ യഹോവയുടെ പ്രതികാരം, തന്റെ മന്ദിരത്തിന്നു വേണ്ടിയുള്ള പ്രതികാരം തന്നേ, സീയോനിൽ അറിയിക്കേണ്ടതിന്നു ബാബേൽദേശത്തുനിന്നു രക്ഷപ്പെട്ടു ഓടിപ്പോകുന്നവരുടെ ഘോഷം! 29 cബാബേലിന്റെ നേരെ വില്ലാളികളെ വിളിച്ചുകൂട്ടുവിൻ; വില്ലു കുലെക്കുന്ന ഏവരുമായുള്ളോരേ, അതിന്റെ നേരെ ചുറ്റും പാളയമിറങ്ങുവിൻ; ആരും അതിൽ നിന്നു ചാടിപ്പോകരുതു; അതിന്റെ പ്രവൃത്തിക്കു തക്കവണ്ണം അതിന്നു പകരം കൊടുപ്പിൻ; അതു ചെയ്തതുപോലെ ഒക്കെയും അതിനോടും ചെയ്‌വിൻ; അതു യഹോവയോടു, യിസ്രായേലിന്റെ പരിശുദ്ധനോടു തന്നേ, അഹങ്കാരം കാണിച്ചിരിക്കുന്നു. 30അതുകൊണ്ടു അതിലെ യൗവനക്കാർ അതിന്റെ വീഥികളിൽ വീഴും; അതിലെ യോദ്ധാക്കാൾ ഒക്കെയും അന്നു നശിച്ചുപോകും എന്നു യഹോവയുടെ അരുളപ്പാടു. 31അഹങ്കാരിയേ, ഞാൻ നിനക്കു വിരോധിയായിരിക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവിന്റെ അരുളപ്പാടു; നിന്റെ നാൾ, ഞാൻ നിന്നെ സന്ദർശിക്കുന്ന കാലം, വന്നിരിക്കുന്നു. 32അഹങ്കാരി ഇടറി വീഴും; ആരും അവനെ എഴുന്നേല്പിക്കയില്ല; ഞാൻ അവന്റെ പട്ടണങ്ങൾക്കു തീ വെക്കും; അതു അവന്റെ ചുറ്റുമുള്ള എല്ലാവരെയും ദഹിപ്പിച്ചുകളയും. 33സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽമക്കളും യെഹൂദാമക്കളും ഒരുപോലെ പീഡിതരായിരിക്കുന്നു; അവരെ ബദ്ധരാക്കി കൊണ്ടുപോയവരൊക്കെയും അവരെ വിട്ടയപ്പാൻ മനസ്സില്ലാതെ മുറുകെ പിടിച്ചുകൊള്ളുന്നു. 34എന്നാൽ അവരുടെ വീണ്ടെടുപ്പുകാരൻ ശക്തിമാൻ; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്റെ നാമം; ഭൂമിക്കു സ്വസ്ഥത വരുത്തേണ്ടതിന്നും ബാബേൽനിവാസികൾക്കു സ്വസ്ഥത വരുത്തേണ്ടതിന്നും അവരുടെ വ്യവഹാരം അവൻ ശ്രദ്ധയോടെ നടത്തും. 35കല്ദയരുടെമേലും ബാബേൽനിവാസികളുടെമേലും അതിന്റെ പ്രഭുക്കന്മാരുടെമേലും ജ്ഞാനികളുടെമേലും വാൾ വരുന്നു എന്നു യഹോവയുടെ അരുളപ്പാടു. 36വമ്പു പറയുന്നവർ ഭോഷന്മാരാകത്തക്കവണ്ണം അവരുടെ മേൽ വാൾ വരും; അതിലെ വീരന്മാർ ഭ്രമിച്ചുപോകത്തക്കവണ്ണം അവരുടെ മേലും വാൾ വരും. 37അവരുടെ കുതിരകളുടെമേലും രഥങ്ങളുടെമേലും അതിന്റെ നടുവിലെ സർവ്വസമ്മിശ്രജാതിയും സ്ത്രീകളെപ്പോലെ ആയിത്തീരത്തക്കവണ്ണം അവരുടെ മേലും വാൾ വരും; അതിന്റെ ഭണ്ഡാരങ്ങൾ കവർന്നുപോകത്തക്കവണ്ണം അവയുടെ മേലും വാൾവരും. 38അതിലെ വെള്ളം വറ്റിപ്പോകത്തക്കവണ്ണം ഞാൻ അതിന്മേൽ വറുതി വരുത്തും; അതു വിഗ്രഹങ്ങളുടെ ദേശമല്ലോ; ഘോരബിംബങ്ങൾ നിമിത്തം അവർ ഭ്രാന്തന്മാരായിരിക്കുന്നു. 39 dആകയാൽ അവിടെ മരുമൃഗങ്ങൾ കുറുനരികളോടുകൂടെ പാർക്കും; ഒട്ടകപ്പക്ഷിയും അവിടെ വസിക്കും; ഇനി അതിൽ ഒരു നാളും കുടിപാർപ്പുണ്ടാകയില്ല; തലമുറതലമുറയായി അതു നിവാസികൾ ഇല്ലാതെ കിടക്കും. 40 eദൈവം സൊദോമും ഗൊമോരയും അവയുടെ അയൽ പട്ടണങ്ങളും നശിപ്പിച്ചുകളഞ്ഞശേഷം എന്നപോലെ അവിടെയും ആരും പാർക്കയില്ല; ഒരു മനുഷ്യനും അവിടെ വസിക്കയില്ല എന്നു യഹോവയുടെ അരുളപ്പാടു. 41വടക്കുനിന്നു ഒരു ജാതി വരുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്നു ഒരു മഹാജാതിയും അനേകം രാജാക്കന്മാരും ഇളകിവരുന്നു. 42അവർ വില്ലും കുന്തവും എടുത്തിരിക്കുന്നു; അവർ ക്രൂരന്മാർ, കരുണയില്ലാത്തവർ തന്നേ; അവരുടെ ആരവം കടൽപോലെ ഇരെക്കുന്നു; ബാബേൽപുത്രീ, അവർ യുദ്ധസന്നദ്ധരായി ഓരോരുത്തനും കുതിരപ്പുറത്തു കയറി നിന്റെ നേരെ അണിനിരന്നു നില്ക്കുന്നു. 43ബാബേൽരാജാവു അവരുടെ വർത്തമാനം കേട്ടിട്ടു അവന്റെ ധൈര്യം ക്ഷയിച്ചുപോയി; നോവുകിട്ടിയ സ്ത്രീയെപ്പോലെ അവനെ അതിവ്യസനവും വേദനയും പിടിച്ചു. 44യോർദ്ദാന്റെ വൻകാട്ടിൽനിന്നു ഒരു സിംഹം എന്നപോലെ അവൻ, എപ്പോഴും പച്ചയായിരിക്കുന്ന മേച്ചൽ പുറങ്ങളിലേക്കു കയറിവരുന്നു; ഞാൻ അവരെ പെട്ടെന്നു അതിൽനിന്നു ഓടിച്ചുകളയും; ഞാൻ തിരഞ്ഞെടുക്കുന്ന ഒരാളെ അതിന്നു നിയമിക്കും; എനിക്കു സമനായവൻ ആർ? എനിക്കു നേരം കുറിക്കുന്നവൻ ആർ? എന്റെ മുമ്പാകെ നില്ക്കാകുന്ന ഇടയൻ ആർ? 45അതുകൊണ്ടു യഹോവ ബാബേലിനെക്കുറിച്ചു ആലോചിച്ച ആലേചനയും കല്ദയരുടെ ദേശത്തെക്കുറിച്ചു നിരൂപിച്ച നിരൂപണങ്ങളും കേൾപ്പിൻ! ആട്ടിൻ കൂട്ടത്തിൽ ചെറിയവരെ അവർ ഇഴെച്ചുകൊണ്ടുപോകും; അവൻ അവരുടെ മേച്ചൽപുറങ്ങളെ അവരോടുകൂടെ ശൂന്യമാക്കിക്കളയും. 46ബാബേൽ പിടിക്കപ്പെട്ടു എന്ന ഘോഷംകൊണ്ടു ഭൂമി നടുങ്ങുന്നു; അതിന്റെ നിലവിളി ജാതികളുടെ ഇടയിൽ കേൾക്കുന്നു.

Jeremiah 51

1യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ബാബേലിന്റെ നേരെയും എന്റെ എതിരാളികളുടെ ഹൃദയത്തിന്റെ നേരെയും സംഹാരകന്റെ മനസ്സു ഉണർത്തും. 2പാറ്റുന്നവരെ ഞാൻ ബാബേലിലേക്കു അയക്കും; അവർ അതിനെ പാറ്റി ദേശത്തെ ശൂന്യമാക്കും; അനർത്ഥദിവസത്തിൽ അവർ അതിനെ നാലുപുറവും വളയും. 3വില്ലാളി വില്ലു കുലെക്കാതിരിക്കട്ടെ; അവൻ കവചം ധരിച്ചു നിവിർന്നുനില്ക്കാതിരിക്കട്ടെ; അതിലെ യൗവനക്കാരെ ആദരിക്കാതെ സർവ്വസൈന്യത്തെയും നിർമ്മൂലമാക്കിക്കളവിൻ. 4അങ്ങനെ കല്ദയരുടെ ദേശത്തു നിഹതന്മാരും അതിന്റെ വീഥികളിൽ കുത്തിത്തുളക്കപ്പെട്ടവരും വീഴും. 5യിസ്രായേലിന്റെയും യെഹൂദയുടെയും ദേശങ്ങൾ യിസ്രായേലിന്റെ പരിശുദ്ധനോടുള്ള അകൃത്യംകൊണ്ടു നിറഞ്ഞിരിക്കുന്നു എങ്കിലും സൈന്യങ്ങളുടെ യഹോവയായ അവയുടെ ദൈവം അവയെ വിധവമാരായി വിട്ടിട്ടില്ല. 6ബാബേലിന്റെ നടുവിൽനിന്നു ഓടി ഓരോരുത്തൻ താന്താന്റെ പ്രാണനെ രക്ഷിച്ചുകൊൾവിൻ; നിങ്ങൾ അതിന്റെ അകൃത്യത്തിൽ നശിച്ചുപോകരുതു; ഇതു യഹോവയുടെ പ്രതികാരകാലമല്ലോ; അതിന്റെ പ്രവൃത്തിക്കു തക്കവണ്ണം അവൻ അതിനോടു പകരം ചെയ്യും; 7 fബാബേൽ യഹോവയുടെ കയ്യിൽ സർവ്വഭൂമിയെയും ലഹരിപിടിപ്പിക്കുന്ന പൊൻപാനപാത്രം ആയിരുന്നു; ജാതികൾ അതിലെ വീഞ്ഞു കുടിച്ചിട്ടു അവർക്കു ഭ്രാന്തു പിടിച്ചു. 8പെട്ടെന്നു ബാബേൽ വീണു തകർന്നുപോയി; അതിനെക്കുറിച്ചു മുറയിടുവിൻ; അതിന്റെ വേദനെക്കു തൈലം കൊണ്ടുവരുവിൻ; പക്ഷേ അതിന്നു സൗഖ്യം വരും. 9 gഞങ്ങൾ ബാബേലിന്നു ചികിത്സ ചെയ്തു എങ്കിലും സൗഖ്യം വന്നില്ല; അതിനെ ഉപേക്ഷിച്ചുകളവിൻ; നാം ഓരോരുത്തനും നമ്മുടെ സ്വദേശത്തേക്കു പോക; അതിന്റെ ശിക്ഷാവിധി സ്വർഗ്ഗത്തോളം എത്തി ആകാശത്തോളം പൊങ്ങിയിരിക്കുന്നു. 10യഹോവ നമ്മുടെ നീതി വെളിപ്പെടുത്തിയിരിക്കുന്നു; വരുവിൻ, നമ്മുടെ ദൈവമായ യഹോവയുടെ പ്രവൃത്തിയെ സീയോനിൽ പ്രസ്താവിക്കുക. 11അമ്പു മിനുക്കുവിൻ; പരിച ധരിപ്പിൻ; യഹോവ മേദ്യരാജാക്കന്മാരുടെ മനസ്സു ഉണർത്തിയിരിക്കുന്നു; ബാബേലിനെ നശിപ്പിപ്പാൻ തക്കവണ്ണം അവന്റെ നിരൂപണം അതിന്നു വിരോധമായിരിക്കുന്നു; ഇതു യഹോവയുടെ പ്രതികാരം, തന്റെ മന്ദിരത്തിന്നു വേണ്ടിയുള്ള പ്രതികാരം തന്നേ. 12ബാബേലിന്റെ മതിലുകൾക്കു നേരെ കൊടി ഉയർത്തുവിൻ; കാവൽ ഉറപ്പിപ്പിൻ; കാവല്ക്കാരെ നിർത്തുവിൻ; പതിയിരിപ്പുകാരെ ഒരുക്കുവിൻ; യഹോവ ബാബേൽനിവാസികളെക്കുറിച്ചു അരുളിച്ചെയ്തതു നിർണ്ണയിച്ചും അനുഷ്ഠിച്ചുമിരിക്കുന്നു. 13 hവലിയ വെള്ളങ്ങൾക്കരികെ വസിക്കുന്നവളായി വളരെ നിക്ഷേപങ്ങൾ ഉള്ളവളേ, നിന്റെ അവസാനം നിന്നെ ഛേദിച്ചുകളവാനുള്ള അവധി, വന്നിരിക്കുന്നു. 14ഞാൻ നിശ്ചയമായിട്ടു വിട്ടിലുകളെക്കൊണ്ടെന്നപോലെ മനുഷ്യരെക്കൊണ്ടു നിന്നെ നിറെക്കും; അവർ നിന്റെ നേരെ ആർപ്പിടും എന്നു സൈന്യങ്ങളുടെ യഹോവ തന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു. 15അവൻ തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു; തന്റെ ജ്ഞാനത്താൽ ഭൂമണ്ഡലത്തെ സ്ഥാപിച്ചു, തന്റെ വിവേകത്താൽ ആകാശത്തെ വിരിച്ചു. 16അവൻ തന്റെ നാദം പുറപ്പെടുവിക്കുമ്പോൾ ആകാശത്തു വെള്ളത്തിന്റെ മുഴക്കം ഉണ്ടാകുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്നു അവൻ ആവി കയറ്റുന്നു; മഴെക്കു മിന്നൽ ഉണ്ടാക്കി തന്റെ ഭണ്ഡാരത്തിൽനിന്നു കാറ്റു പുറപ്പെടുവിക്കുന്നു. 17ഏതു മനുഷ്യനും മൃഗപ്രായനും പരിജ്ഞാനമില്ലാത്തവനുമാകുന്നു. തട്ടാന്മാർ ഒക്കെയും വിഗ്രഹംനിമിത്തം ലജ്ജിച്ചുപോകുന്നു; അവർ വാർത്തുണ്ടാക്കിയ ബിംബം വ്യാജമത്രേ. 18അവയിൽ ശ്വാസവും ഇല്ല. അവ മായയും വ്യർത്ഥപ്രവൃത്തിയും തന്നേ; സന്ദർശനകാലത്തു അവ നശിച്ചുപോകും. 19യാക്കോബിന്റെ ഓഹരിയായവൻ ഇവയെപ്പോലെയല്ല; അവൻ സർവ്വത്തെയും നിർമ്മിച്ചവൻ; യിസ്രായേൽ അവന്റെ അവകാശഗോത്രം; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്റെ നാമം. 20നീ എന്റെ വെണ്മഴുവും യുദ്ധത്തിന്നുള്ള ആയുധങ്ങളും ആകുന്നു; ഞാൻ നിന്നെക്കൊണ്ടു ജാതികളെ തകർക്കയും നിന്നെക്കൊണ്ടു രാജ്യങ്ങളെ നശിപ്പിക്കയും ചെയ്യും. 21നിന്നെക്കൊണ്ടു ഞാൻ കുതിരയെയും അതിന്റെ പുറത്തു കയറിയിരിക്കുന്നവനെയും തകർക്കും; നിന്നെക്കൊണ്ടു ഞാൻ രഥത്തെയും അതിൽ ഇരിക്കുന്നവനെയും തകർക്കും; 22നിന്നെക്കൊണ്ടു ഞാൻ പുരുഷനെയും സ്ത്രീയെയും തകർക്കും; നിന്നെക്കൊണ്ടു ഞാൻ വൃദ്ധനെയും ബാലനെയും തകർക്കും; നിന്നെക്കൊണ്ടു ഞാൻ യുവാവിനെയും യുവതിയെയും തകർക്കും. 23നിന്നെക്കൊണ്ടു ഞാൻ ഇടയനെയും ആട്ടിൻകൂട്ടത്തെയും തകർക്കും; നിന്നെക്കൊണ്ടു ഞാൻ കൃഷിക്കാരനെയും അവന്റെ ഏർകാളയെയും തകർക്കും; നിന്നെക്കൊണ്ടു ഞാൻ ദേശാധിപതികളെയും സ്ഥാനാപതികളെയും തകർക്കും. 24നിങ്ങൾ കാൺകെ ഞാൻ ബാബേലിന്നും സകല കല്ദയനിവാസികൾക്കും അവർ സീയോനിൽ ചെയ്തിരിക്കുന്ന സകലദോഷത്തിന്നും തക്കവണ്ണം പകരം വീട്ടുമെന്നു യഹോവയുടെ അരുളപ്പാടു. 25സകലഭൂമിയെയും നശിപ്പിക്കുന്ന വിനാശകപർവ്വതമേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു; ഞാൻ നിന്റെ മേൽ കൈ നീട്ടി നിന്നെ പാറകളിൽനിന്നു ഉരുട്ടി ദഹനപർവ്വതം ആക്കും എന്നു യഹോവയുടെ അരുളപ്പാടു. 26നിന്നിൽനിന്നു അവർ മൂലക്കല്ലായിട്ടോ അടിസ്ഥാനക്കല്ലായിട്ടോ ഒരു കല്ലും എടുക്കാതവണ്ണം നീ നിത്യശൂന്യമായി ഭവിക്കും എന്നു യഹോവയുടെ അരുളപ്പാടു. 27ദേശത്തു ഒരു കൊടി ഉയർത്തുവിൻ; ജാതികളുടെ ഇടയിൽ കാഹളം ഊതുവിൻ; ജാതികളെ അതിന്റെ നേരെ സംസ്കരിപ്പിൻ; അറാറാത്ത്, മിന്നി, അസ്കെനാസ്, എന്നീ രാജ്യങ്ങളെ അതിന്നു വിരോധമായി വിളിച്ചുകൂട്ടുവിൻ; അതിന്നെതിരെ ഒരു സേനാപതിയെ നിയമിപ്പിൻ; പരുപരുത്ത വിട്ടിലുകളെപ്പോലെ കുതിരകളെ പുറപ്പെടുമാറാക്കുവിൻ. 28മേദ്യരുടെ രാജാക്കന്മാരും ദേശാധിപതിമാരും സകല സ്ഥാനാപതിമാരും അവന്റെ ആധിപത്യത്തിൽ ഉൾപ്പെട്ട സകലദേശക്കാരുമായ ജാതികളെ അതിന്നു വിരോധമായി സംസ്കരിപ്പിൻ; 29ബാബേൽദേശത്തെ നിവാസികളില്ലാതെ ശൂന്യമാക്കേണ്ടതിന്നു ബാബേലിനെക്കുറിച്ചുള്ള യഹോവയുടെ നിരൂപണങ്ങൾ നിവൃത്തിയായ്‌വരുന്നതുകൊണ്ടു ദേശം നടുങ്ങി സങ്കടപ്പെടുന്നു. 30ബാബേലിലെ വീരന്മാർ യുദ്ധം മതിയാക്കി കോട്ടകളിൽ ഇരിക്കുന്നു; അവരുടെ ശക്തി ക്ഷയിച്ചിരിക്കുന്നു; അവർ സ്ത്രീകളെപ്പോലെ ആയിരിക്കുന്നു; അതിലെ വീടുകൾക്കു തീ വെച്ചുകളഞ്ഞു; അതിന്റെ ഓടാമ്പലുകൾ തകർന്നിരിക്കുന്നു. 31പട്ടണം നാലുപുറവും പിടിപെട്ടുപോയി, കടവുകൾ ശത്രുവശമായി, കളങ്ങൾ തീ പിടിച്ചു ദഹിച്ചിരിക്കുന്നു, യോദ്ധാക്കൾ ഭയപരവശരായിരിക്കുന്നു എന്നിങ്ങനെ ബാബേൽരാജാവിനോടു അറിയിക്കേണ്ടതിന്നു 32ഓട്ടാളൻ ഓട്ടാളന്നും ദൂതൻ ദൂതന്നും എതിരെ ഓടുന്നു. 33യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേൽപുത്രി മെതികാലത്തെ മെതിക്കളംപോലെയായിരിക്കുന്നു; ഇനി കുറഞ്ഞോന്നു കഴിഞ്ഞിട്ടു അതിന്റെ കൊയ്ത്തുകാലം വരും. 34ബാബേൽരാജാവായ നെബൂഖദ്നേസർ എന്നെ തിന്നുമുടിച്ചുകളഞ്ഞു, അവൻ എന്നെ വെറുമ്പാത്രമാക്കി, മഹാസർപ്പം എന്നപോലെ അവൻ എന്നെ വിഴുങ്ങിക്കളഞ്ഞു, എന്റെ സ്വാദുഭോജ്യങ്ങളെക്കൊണ്ടു വയറു നിറെച്ചു, എന്നെ തള്ളിക്കളഞ്ഞു. 35ഞാൻ സഹിച്ച സാഹസവും ദേഹപീഡയും ബാബേലിന്മേൽ വരട്ടെ എന്നു സീയോൻനിവാസിനി പറയും; എന്റെ രക്തം കല്ദയ നിവാസികളുടെമേൽ വരട്ടെ എന്നു യെരൂശലേം പറയും. 36അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ നിന്റെ വ്യവഹാരം നടത്തി, നിനക്കു വേണ്ടി പ്രതികാരം ചെയ്യും; അതിന്റെ കടൽ ഞാൻ ഉണക്കി, അതിന്റെ ഉറവുകൾ വറ്റിച്ചുകളയും. 37ബാബേൽ, നിവാസികൾ ഇല്ലാതെ കല്ക്കുന്നുകളും കുറുനരികളുടെ പാർപ്പിടവും വിസ്മയത്തിന്നും ചൂളകുത്തുന്നതിന്നും വിഷയവുമായ്തീരും. 38അവർ ഒക്കെയും ബാലസിംഹങ്ങളെപ്പോലെ ഗർജ്ജിക്കും; അവർ സിംഹികളുടെ കുട്ടികളെപ്പോലെ മുരളും. 39അവർ ജയമത്തരായിരിക്കുമ്പോൾ ഉല്ലസിച്ചു ഉണരാതവണ്ണം നിത്യനിദ്ര കൊള്ളേണ്ടതിന്നു ഞാൻ അവർക്കു ഒരു പാനീയം ഒരുക്കി അവരെ ലഹരി പിടിപ്പിക്കും എന്നു യഹോവയുടെ അരുളപ്പാടു. 40ഞാൻ അവരെ കുഞ്ഞാടുകളെപ്പോലെയും മുട്ടാടുകളോടുകൂടി ആട്ടുകൊറ്റന്മാരെപ്പോലെയും കൊലനിലത്തേക്കു ഇറക്കിക്കൊണ്ടുവരും. 41ശേശക്ക് പിടിക്കപ്പെട്ടുപോയതെങ്ങനെ? സർവ്വഭൂമിയുടെയും പ്രശംസയായിരുന്നതു ശത്രുവശമായ്പോയതെങ്ങനെ? ജാതികളുടെ ഇടയിൽ ബാബേൽ ഒരു സ്തംഭനവിഷയമായ്തീർന്നതെങ്ങനെ? 42ബാബേലിന്മേൽ കടൽ കവിഞ്ഞുവന്നിരിക്കുന്നു; അതിന്റെ തിരകളുടെ പെരുപ്പംകൊണ്ടു അതു മൂടിയിരിക്കുന്നു. 43അതിന്റെ പട്ടണങ്ങൾ ശൂന്യവും വരണ്ടനിലവും മരുഭൂമിയും ആരും പാർക്കാത്തതും വഴിനടക്കാത്തതും ആയ ദേശവും ആയിത്തീർന്നിരിക്കുന്നു. 44ഞാൻ ബാബേലിൽവെച്ചു ബേലിനെ സന്ദർശിച്ചു, അവൻ വിഴുങ്ങിയതിനെ അവന്റെ വായിൽനിന്നു പുറത്തിറക്കും; ജാതികൾ ഇനി അവന്റെ അടുക്കൽ ഓടിച്ചെല്ലുകയില്ല; ബാബേലിന്റെ മതിൽ വീണുപോകും. 45എന്റെ ജനമേ, അതിന്റെ നടുവിൽനിന്നു പുറപ്പെടുവിൻ; യഹോവയുടെ ഉഗ്രകോപത്തിൽനിന്നു നിങ്ങൾ ഓരോരുത്തൻ താന്താന്റെ പ്രാണനെ രക്ഷിച്ചുകൊൾവിൻ. 46ദേശത്തു കേൾക്കുന്ന വർത്തമാനംകൊണ്ടും ഒരു ആണ്ടിൽ ഒരു വർത്തമാനവും പിറ്റെയാണ്ടിൽ മറ്റൊരു വർത്തമാനവും കേൾക്കുമ്പോഴും സാഹസകൃത്യങ്ങൾ ദേശത്തു നടക്കുമ്പോഴും അധിപതി അധിപതിക്കു വിരോധമായി എഴുന്നേല്ക്കുമ്പോഴും നിങ്ങളുടെ ധൈര്യം ക്ഷയിച്ചുപോകരുതു; നിങ്ങൾ ഭയപ്പെടുകയും അരുതു. 47അതുകൊണ്ടു ഞാൻ ബാബേലിലെ വിഗ്രഹങ്ങളെ സന്ദർശിപ്പാനുള്ള കാലം വരും; അന്നു ദേശമെല്ലാം ലജ്ജിച്ചുപോകും; അതിലെ നിഹതന്മാർ ഒക്കെയും അതിന്റെ നടുവിൽ വീഴും. 48 iആകാശവും ഭൂമിയും അവയിലുള്ളതൊക്കെയും ബാബേലിനെച്ചൊല്ലി ഘോഷിച്ചുല്ലസിക്കും; വടക്കുനിന്നു വിനാശകന്മാർ അതിലേക്കു വരും എന്നു യഹോവയുടെ അരുളപ്പാടു. 49 jയിസ്രായേൽ നിഹതന്മാരേ, ബാബേൽ വീഴേണ്ടതാകുന്നു; ബാബേലിനോടുകൂടെ സർവ്വദേശവും തന്നേ. 50വാളിന്നു ഒഴിഞ്ഞുപോയവരേ, നില്ക്കാതെ ചെല്ലുവിൻ; ദൂരത്തുനിന്നു യഹോവയെ ഓർപ്പിൻ; യെരൂശലേം നിങ്ങൾക്കു ഓർമ്മ വരട്ടെ! 51ഞങ്ങൾ നിന്ദ കേട്ടു ലജ്ജിച്ചിരിക്കുന്നു; അന്യന്മാർ യഹോവയുടെ ആലയത്തിന്റെ വിശുദ്ധസ്ഥലങ്ങളിലേക്കു വന്നിരിക്കയാൽ ലജ്ജ ഞങ്ങളുടെ മുഖം മൂടിയിരിക്കുന്നു. 52അതുകൊണ്ടു ഞാൻ അതിലെ വിഗ്രഹങ്ങളെ സന്ദർശിപ്പാനുള്ള കാലം വരും എന്നു യഹോവയുടെ അരുളപ്പാടു; അന്നു ദേശത്തെല്ലാടവും നിഹതന്മാർ കിടന്നു ഞരങ്ങും. 53ബാബേൽ ആകാശത്തോളം കയറിയാലും കോട്ട ഉയർത്തി ഉറപ്പിച്ചാലും, ഞാൻ വിനാശകന്മാരെ അതിലേക്കു അയക്കും എന്നു യഹോവയുടെ അരുളപ്പാടു. 54ബാബേലിൽനിന്നു നിലവിളിയും കല്ദയദേശത്തുനിന്നു മഹാനാശവും കേൾക്കുന്നു. 55യഹോവ ബാബേലിനെ നശിപ്പിച്ചു അതിൽ നിന്നു മഹാഘോഷം ഇല്ലാതെയാക്കുന്നു; അവരുടെ തിരകൾ പെരുവെള്ളംപോലെ ഇരെക്കുന്നു; അവരുടെ ആരവത്തിന്റെ മുഴക്കം കേൾക്കുന്നു. 56അതിന്റെ നേരെ, ബാബേലിന്റെ നേരെ തന്നേ, വിനാശകൻ വന്നിരിക്കുന്നു; അതിലെ വീരന്മാർ പിടിപെട്ടിരിക്കുന്നു; അവരുടെ വില്ലു എല്ലാം ഒടിഞ്ഞുപോയി; യഹോവ പ്രതികാരത്തിന്റെ ദൈവമാകുന്നു; അവൻ പകരം ചെയ്യും. 57ഞാൻ അതിലെ പ്രഭുക്കന്മാരെയും ജ്ഞാനികളെയും ദേശാധിപതിമാരെയും സ്ഥാനാപതികളെയും വീരന്മാരെയും മത്തുപിടിപ്പിക്കും; അവർ ഉണരാതവണ്ണം നിത്യനിദ്രകൊള്ളും എന്നു സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ള രാജാവിന്റെ അരുളപ്പാടു. 58സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേലിന്റെ വിശാലമായ മതിലുകൾ അശേഷം ഇടിഞ്ഞുപോകും; അതിന്റെ ഉയർന്ന വാതിലുകൾ തീ പിടിച്ചു വെന്തുപോകും; അങ്ങനെ വംശങ്ങളുടെ അദ്ധ്വാനം വ്യർത്ഥമായും ജാതികളുടെ പ്രയത്നം തീക്കിരയായും തീരുകയും അവർ ക്ഷീണിച്ചുപോകയും ചെയ്യും.

59യെഹൂദാരാജാവായ സിദെക്കീയാവിന്റെ വാഴ്ചയുടെ നാലം ആണ്ടിൽ, അവനോടുകൂടെ, മഹ്സേയാവിന്റെ മകനായ നേര്യാവിന്റെ മകനായ സെരായാവു പ്രയാണാദ്ധ്യക്ഷനായി ബാബേലിലേക്കു പോകുമ്പോൾ യിരെമ്യാപ്രവാചകൻ സെരായാവോടു കല്പിച്ചു വചനം - 60ബാബേലിന്നു വരുവാനിരിക്കുന്ന അനർത്ഥമൊക്കെയും, ബാബേലിനെക്കുറിച്ചു എഴുതിയിരിക്കുന്ന സകലവചനങ്ങളും തന്നേ, യിരെമ്യാവു ഒരു പുസ്തകത്തിൽ എഴുതി - 61യിരെമ്യാവു സെരായാവോടു പറഞ്ഞതു: നീ ബാബേലിൽ എത്തിയശേഷം ഈ വചനങ്ങൾ ഒക്കെയും നോക്കി വായിച്ചിട്ടു: 62യഹോവേ, ഈ സ്ഥലത്തു മനുഷ്യനോ മൃഗമോ ഒന്നും ശേഷിക്കാതെ അതു ശാശ്വതശൂന്യമായിരിക്കത്തക്കവണ്ണം നീ അതിനെ നശിപ്പിച്ചുകളയുമെന്നു അതിനെക്കുറിച്ചു അരുളിച്ചെയ്തുവല്ലോ എന്നു പറയേണം. 63 kപിന്നെ ഈ പുസ്തകം വായിച്ചശേഷം നീ അതിന്നു ഒരു കല്ലു കെട്ടി ഫ്രാത്തിന്റെ നടുവിലേക്കു എറിഞ്ഞു; 64ഇങ്ങനെ ബാബേൽ ആണ്ടുപോകും; ഞാൻ അതിന്നു വരുത്തുന്ന അനർത്ഥത്തിൽനിന്നു അതു പൊങ്ങിവരികയില്ല; അവർ ക്ഷയിച്ചുപോകും എന്നു പറയേണം.

ഇത്രത്തോളം യിരെമ്യാവിന്റെ വചനങ്ങൾ.
Copyright information for MalSC