Judges 13:2-25

2എന്നാൽ ദാൻഗോത്രത്തിൽ ഉള്ളവനായി സോരാഥ്യനായ ഒരു പുരുഷൻ ഉണ്ടായിരുന്നു; അവന്നു മാനോഹ എന്നു പേർ; അവന്റെ ഭാര്യ മച്ചിയായിരിക്കകൊണ്ടു പ്രസവിച്ചിരുന്നില്ല. 3ആ സ്ത്രീക്കു യഹോവയുടെ ദൂതൻ പ്രത്യക്ഷനായി അവളോടു പറഞ്ഞതു: നീ മച്ചിയല്ലോ, പ്രസവിച്ചിട്ടുമില്ല; എങ്കിലും നീ ഗർഭംധരിച്ചു ഒരു മകനെ പ്രസവിക്കും. 4ആകയാൽ നീ സൂക്ഷിച്ചുകൊൾക, വീഞ്ഞും മദ്യവും കുടിക്കരുതു; അശുദ്ധമായതൊന്നും തിന്നുകയുമരുതു. 5 aനീ ഗർഭംധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്റെ തലയിൽ ക്ഷൗരക്കത്തി തൊടുവിക്കരുതു; ബാലൻ ഗർഭംമുതൽ ദൈവത്തിന്നു നാസീരായിരിക്കും; അവൻ യിസ്രായേലിനെ ഫെലിസ്ത്യരുടെ കയ്യിൽനിന്നു രക്ഷിപ്പാൻ തുടങ്ങും. 6സ്ത്രീ ചെന്നു ഭർത്താവിനോടു പറഞ്ഞതു: ഒരു ദൈവപുരുഷൻ എന്റെ അടുക്കൽ വന്നു; അവന്റെ ആകൃതി ഒരു ദൈവദൂതന്റെ ആകൃതിപോലെ അതിഭയങ്കരം ആയിരുന്നു; അവൻ എവിടെനിന്നെന്നു ഞാൻ അവനോടു ചോദിച്ചില്ല; തന്റെ പേർ അവൻ എന്നോടു പറഞ്ഞതും ഇല്ല. 7അവൻ എന്നോടു നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; ആകയാൽ നീ വീഞ്ഞും മദ്യവും കുടിക്കരുതു; അശുദ്ധമായതൊന്നും തിന്നുകയും അരുതു; ബാലൻ ഗർഭംമുതൽ ജീവപര്യന്തം ദൈവത്തിന്നു നാസീരായിരിക്കും എന്നു പറഞ്ഞു. 8മാനോഹ യഹോവയോടു പ്രാർത്ഥിച്ചു: കർത്താവേ, നീ അയച്ച ദൈവപുരുഷൻ വീണ്ടും ഞങ്ങളുടെ അടുക്കൽ വന്നു, ജനിപ്പാനിരിക്കുന്ന ബാലന്റെ കാര്യത്തിൽ ഞങ്ങൾക്കു ഉപദേശിച്ചുതരുമാറാകട്ടെ എന്നു പറഞ്ഞു. 9ദൈവം മാനോഹയുടെ പ്രാർത്ഥന കേട്ടു; ദൈവദൂതൻ വീണ്ടും അവളുടെ അടുക്കൽ വന്നു; അവൾ വയലിൽ ഇരിക്കയായിരുന്നു; അവളുടെ ഭർത്താവു മാനോഹ കൂടെ ഉണ്ടായിരുന്നില്ല. 10ഉടനെ ആ സ്ത്രീ ഓടിച്ചെന്നു ഭർത്താവിനെ അറിയിച്ചു; അന്നു എന്റെ അടുക്കൽ വന്ന ആൾ ഇതാ, എനിക്കു പ്രത്യക്ഷനായിവന്നിരിക്കുന്നു എന്നു അവനോടു പറഞ്ഞു. 11മാനോഹ ഉടനെ എഴുന്നേറ്റു ഭാര്യയോടുകൂടെ ചെന്നു ആ പുരുഷന്റെ അടുക്കൽ എത്തി; ഈ സ്ത്രീയോടു സംസാരിച്ച ആൾ നീയോ എന്നു അവനോടു ചോദിച്ചു; ഞാൻ തന്നേ എന്നു അവൻ പറഞ്ഞു. 12മാനോഹ അവനോടു: നിന്റെ വചനം നിവൃത്തിയാകുമ്പോൾ ബാലന്റെ കാര്യത്തിൽ ഞങ്ങൾ എങ്ങനെ ആചരിക്കേണം? അവനെ സംബന്ധിച്ചു എന്തു ചെയ്യേണം എന്നു ചോദിച്ചു. 13യഹോവയുടെ ദൂതൻ മാനോഹയോടു: ഞാൻ സ്ത്രീയോടു പറഞ്ഞതൊക്കെയും അവൾ സൂക്ഷിച്ചുകൊള്ളട്ടെ. 14മുന്തിരിവള്ളിയിൽ ഉണ്ടാകുന്ന യാതൊന്നും അവൾ തിന്നരുതു; വീഞ്ഞും മദ്യവും കുടിക്കരുതു; അശുദ്ധമായതൊന്നും തിന്നുകയും അരുതു; ഞാൻ അവളോടു കല്പിച്ചതൊക്കെയും അവൾ ആചരിക്കേണം എന്നു പറഞ്ഞു. 15മാനോഹ യഹോവയുടെ ദൂതനോടു: ഞങ്ങൾ ഒരു കോലാട്ടിൻകുട്ടിയെ നിനക്കായി പാകം ചെയ്യുംവരെ നീ താമസിക്കേണമെന്നു പറഞ്ഞു. 16യഹോവയുടെ ദൂതൻ മാനോഹയോടു: നീ എന്നെ താമസിപ്പിച്ചാലും ഞാൻ നിന്റെ ആഹാരം കഴിക്കയില്ല; ഒരു ഹോമയാഗം കഴിക്കുമെങ്കിൽ അതു യഹോവെക്കു കഴിച്ചുകൊൾക എന്നു പറഞ്ഞു. അവൻ യഹോവയുടെ ദൂതൻ എന്നു മാനോഹ അറിഞ്ഞിരുന്നില്ല. 17മാനോഹ യഹോവയുടെ ദൂതനോടു: നിന്റെ വചനം നിവൃത്തിയാകുമ്പോൾ ഞങ്ങൾ നിന്നെ ബഹുമാനിക്കേണ്ടതിന്നു നിന്റെ പേരെന്തു എന്നു ചോദിച്ചു. 18യഹോവയുടെ ദൂതൻ അവനോടു: എന്റെ പേർ ചോദിക്കുന്നതു എന്തു? അതു അതിശയമുള്ളതു എന്നു പറഞ്ഞു. 19അങ്ങനെ മാനോഹ ഒരു കോലാട്ടിൻകുട്ടിയെയും ഭോജനയാഗത്തെയും കൊണ്ടുവന്നു ഒരു പാറമേൽ യഹോവെക്കു യാഗം കഴിച്ചു; മാനോഹയും ഭാര്യയും നോക്കിക്കൊണ്ടിരിക്കെ അവൻ ഒരു അതിശയം പ്രവർത്തിച്ചു. 20അഗ്നിജ്വാല യാഗപീഠത്തിന്മേൽനിന്നു ആകാശത്തിലേക്കു പൊങ്ങിയപ്പോൾ യഹോവയുടെ ദൂതൻ യാഗപീഠത്തിന്റെ ജ്വാലയോടുകൂടെ കയറിപ്പോയി; മാനോഹയും ഭാര്യയും കണ്ടു സാഷ്ടാംഗം വീണു. 21യഹോവയുടെ ദൂതൻ മാനോഹെക്കും ഭാര്യക്കും പിന്നെ പ്രത്യക്ഷനായില്ല; അങ്ങനെ അതു യഹോവയുടെ ദൂതൻ എന്നു മാനോഹ അറിഞ്ഞു. 22ദൈവത്തെ കണ്ടതുകൊണ്ടു നാം മരിച്ചുപോകും എന്നു മാനോഹ ഭാര്യയോടു പറഞ്ഞു. 23ഭാര്യ അവനോടു: നമ്മെ കൊല്ലുവാൻ യഹോവെക്കു ഇഷ്ടമായിരുന്നു എങ്കിൽ അവൻ നമ്മുടെ കയ്യിൽനിന്നു ഹോമയാഗവും ഭോജനയാഗവും കൈക്കൊൾകയോ ഇവ ഒക്കെയും നമുക്കു കാണിച്ചുതരികയോ ഈ സമയത്തു ഇതുപോലെയുള്ള കാര്യം നമ്മെ അറിയിക്കയോ ചെയ്കയില്ലായിരുന്നു എന്നു പറഞ്ഞു. 24അനന്തരം സ്ത്രീ ഒരു മകനെ പ്രസവിച്ചു, അവന്നു ശിംശോൻ എന്നു പേരിട്ടു ബാലൻ വളർന്നു; യഹോവ അവനെ അനുഗ്രഹിച്ചു. 25സോരെക്കും എസ്തായോലിന്നും മദ്ധ്യേയുള്ള മഹനേ-ദാനിൽവെച്ചു യഹോവയുടെ ആത്മാവു അവനെ ഉദ്യമിപ്പിച്ചുതുടങ്ങി.

Judges 14

1അനന്തരം ശിംശോൻ തിമ്നയിലേക്കു ചെന്നു തിമ്നയിൽ ഒരു ഫെലിസ്ത്യകന്യകയെ കണ്ടു. 2അവൻ വന്നു തന്റെ അപ്പനെയും അമ്മയെയും അറിയിച്ചു: ഞാൻ തിമ്നയിൽ ഒരു ഫെലിസ്ത്യകന്യകയെ കണ്ടിരിക്കുന്നു; അവളെ എനിക്കു ഭാര്യയായിട്ടു എടുക്കേണം എന്നു പറഞ്ഞു. 3അവന്റെ അപ്പനും അമ്മയും അവനോടു: അഗ്രചർമ്മികളായ ഫെലിസ്ത്യരിൽനിന്നു നീ ഒരു ഭാര്യയെ എടുപ്പാൻ പോകേണ്ടതിന്നു നിന്റെ സഹോദരന്മാരുടെ കന്യകമാരിലും നമ്മുടെ സകലജനത്തിലും യാതൊരുത്തിയും ഇല്ലയോ എന്നു ചോദിച്ചതിന്നു ശിംശോൻ തന്റെ അപ്പനോടു: അവളെ എനിക്കു എടുക്കേണം; അവളെ എനിക്കു ബോധിച്ചിരിക്കുന്നു എന്നു പറഞ്ഞു. 4ഇതു യഹോവയാൽ ഉണ്ടായതു എന്നു അവന്റെ അപ്പനും അമ്മയും അറിഞ്ഞില്ല; അവൻ ഫെലിസ്ത്യരുടെ നേരെ അവസരം അന്വേഷിക്കയായിരുന്നു. ആ കാലത്തു ഫെലിസ്ത്യരായിരുന്നു യിസ്രായേലിനെ വാണിരുന്നതു.

5അങ്ങനെ ശിംശോനും അവന്റെ അപ്പനും അമ്മയും തിമ്നയിലേക്കു പോയി തിമ്നെക്കരികെയുള്ള മുന്തിരിത്തോട്ടങ്ങളിൽ എത്തിയപ്പോൾ ഒരു ബാലസിംഹം അവന്റെ നേരെ അലറിവന്നു. 6അപ്പോൾ യഹോവയുടെ ആത്മാവു അവന്റെമേൽ വന്നു; കയ്യിൽ ഒന്നും ഇല്ലാതിരിക്കെ അവൻ അതിനെ ഒരു ആട്ടിൻകുട്ടിയെപ്പോലെ കീറിക്കളഞ്ഞു; താൻ ചെയ്തതു അപ്പനോടും അമ്മയോടും പറഞ്ഞില്ല. 7പിന്നെ അവൻ ചെന്നു ആ സ്ത്രീയോടു സംസാരിച്ചു; അവളെ ശീംശോന്നു ബോധിച്ചു. 8കുറെക്കാലം കഴിഞ്ഞശേഷം അവൻ അവളെ വിവാഹം കഴിപ്പാൻ തിരികെ പോകയിൽ സിംഹത്തിന്റെ ഉടൽ നോക്കേണ്ടതിന്നു മാറിച്ചെന്നു; സിംഹത്തിന്റെ ഉടലിന്നകത്തു ഒരു തേനീച്ചക്കൂട്ടവും തേനും കണ്ടു. 9അതു അവൻ കയ്യിൽ എടുത്തു തിന്നുംകൊണ്ടു നടന്നു, അപ്പന്റെയും അമ്മയുടെയും അടുക്കൽ ചെന്നു അവർക്കും കൊടുത്തു അവരും തിന്നു; എന്നാൽ തേൻ ഒരു സിംഹത്തിന്റെ ഉടലിൽനിന്നു എടുത്തു എന്നു അവൻ അവരോടു പറഞ്ഞില്ല. 10അങ്ങനെ അവന്റെ അപ്പൻ ആ സ്ത്രീയുടെ വീട്ടിൽ ചെന്നു; ശിംശോൻ അവിടെ ഒരു വിരുന്നുകഴിച്ചു; യൗവനക്കാർ അങ്ങനെ ചെയ്ക പതിവായിരുന്നു. 11അവർ അവനെ കണ്ടപ്പോൾ അവനോടുകൂടെ ഇരിപ്പാൻ മുപ്പതു തോഴന്മാരെ കൊണ്ടുവന്നു. 12ശിംശോൻ അവരോടു: ഞാൻ നിങ്ങളോടു ഒരു കടം പറയാം; വിരുന്നിന്റെ ഏഴു ദിവസത്തിന്നകം നിങ്ങൾ അതു വീട്ടിയാൽ ഞാൻ നിങ്ങൾക്കു മുപ്പതു ഉള്ളങ്കിയും മുപ്പതു വിശേഷവസ്ത്രവും തരാം. 13വീട്ടുവാൻ നിങ്ങൾക്കു കഴിഞ്ഞില്ലെങ്കിലോ നിങ്ങൾ എനിക്കു മുപ്പതു ഉള്ളങ്കിയും മുപ്പതു വിശേഷവസ്ത്രവും തരേണം എന്നു പറഞ്ഞു. അവർ അവനോടു: നിന്റെ കടം പറക; ഞങ്ങൾ കേൾക്കട്ടെ എന്നു പറഞ്ഞു. 14അവൻ അവരോടു:
ഭോക്താവിൽനിന്നു ഭോജനവും
മല്ലനിൽനിന്നു മധുരവും പുറപ്പെട്ടു എന്നു പറഞ്ഞു. എന്നാൽ കടം വീട്ടുവാൻ മൂന്നു ദിവസത്തോളം അവർക്കു കഴിഞ്ഞില്ല.
15ഏഴാം ദിവസത്തിലോ അവർ ശിംശോന്റെ ഭാര്യയോടു: ഞങ്ങൾക്കു പറഞ്ഞുതരുവാൻ തക്കവണ്ണം നിന്റെ ഭർത്താവിനെ വശീകരിക്ക; അല്ലെങ്കിൽ ഞങ്ങൾ നിന്നെയും നിന്റെ പിതൃഭവനത്തെയും തീവെച്ചു ചുട്ടുകളയും; ഞങ്ങളുടെ വസ്തു കരസ്ഥമാക്കേണ്ടതിന്നോ നിങ്ങൾ ഞങ്ങളെ വിളിച്ചതു എന്നു പറഞ്ഞു. 16ശിംശോന്റെ ഭാര്യ അവന്റെ മുമ്പിൽ കരഞ്ഞു: നീ എന്നെ സ്നേഹിക്കുന്നില്ല, എന്നെ ദ്വേഷിക്കുന്നു; എന്റെ അസ്മാദികളോടു ഒരു കടം പറഞ്ഞിട്ടു എനിക്കു അതു പറഞ്ഞുതന്നില്ലല്ലോ എന്നു പറഞ്ഞു. അവൻ അവളോടു: എന്റെ അപ്പന്നും അമ്മെക്കും ഞാൻ അതു പറഞ്ഞുകൊടുത്തിട്ടില്ല; പിന്നെ നിനക്കു പറഞ്ഞുതരുമോ എന്നു പറഞ്ഞു. 17വിരുന്നിന്റെ ഏഴു ദിവസവും അവൾ അവന്റെ മുമ്പിൽ കരഞ്ഞുകൊണ്ടിരുന്നു; ഏഴാം ദിവസം അവൾ അവനെ അസഹ്യപ്പെടുത്തുകകൊണ്ടു അവൻ പറഞ്ഞുകൊടുത്തു; അവൾ തന്റെ അസ്മാദികൾക്കും കടം പറഞ്ഞുകൊടുത്തു. 18ഏഴാം ദിവസം സൂര്യൻ അസ്തമിക്കുംമുമ്പെ പട്ടണക്കാർ അവനോടു: തേനിനെക്കാൾ മധുരമുള്ളതു എന്തു? സിംഹത്തെക്കാൾ ബലമുള്ളതു എന്തു എന്നു പറഞ്ഞു. അതിന്നു അവൻ അവരോടു: നിങ്ങൾ എന്റെ പശുക്കിടാവിനെ പൂട്ടി ഉഴുതില്ലെങ്കിൽ എന്റെ കടം വീട്ടുകയില്ലായിരുന്നു എന്നു പറഞ്ഞു. 19പിന്നെ, യഹോവയുടെ ആത്മാവു അവന്റെമേൽ വന്നു; അവൻ അസ്കലോനിലേക്കു ചെന്നു മുപ്പതുപേരെ കൊന്നു അവരുടെ ഉടുപ്പൂരി കടംവീട്ടിയവർക്കു വസ്ത്രംകൊടുത്തു. അവന്റെ കോപം ജ്വലിച്ചു; അവൻ തന്റെ അപ്പന്റെ വീട്ടിൽ പോയി. 20ശിംശോന്റെ ഭാര്യ അവന്റെ കൂട്ടുകാരനായിരുന്ന തോഴന്നു ഭാര്യയായിയ്തീർന്നു.

Judges 15

1കുറെക്കാലം കഴിഞ്ഞിട്ടു കോതമ്പുകെയ്ത്തുകാലത്തു ശിംശോൻ ഒരു കോലാട്ടിൻകുട്ടിയെയുംകൊണ്ടു തന്റെ ഭാര്യയെ കാണ്മാൻ ചെന്നു: ശയനഗൃഹത്തിൽ എന്റെ ഭാര്യയുടെ അടുക്കൽ ഞാൻ കടന്നുചെല്ലട്ടെ എന്നു പറഞ്ഞു. അവളുടെ അപ്പനോ അവനെ അകത്തു കടപ്പാൻ സമ്മതിക്കാതെ: 2നിനക്കു അവളിൽ കേവലം അനിഷ്ടമായി എന്നു ഞാൻ വിചാരിച്ചതുകൊണ്ടു അവളെ നിന്റെ തോഴന്നു കൊടുത്തുപോയി; അവളുടെ അനുജത്തി അവളെക്കാൾ സുന്ദരിയല്ലോ? അവൾ മറ്റവൾക്കു പകരം നിനക്കു ഇരിക്കട്ടെ എന്നു പറഞ്ഞു. 3അതിന്നു ശിംശോൻ: ഇപ്പോൾ ഫെലിസ്ത്യർക്കു ഒരു ദോഷം ചെയ്താൽ ഞാൻ കുറ്റക്കാരനല്ല എന്നു പറഞ്ഞു. 4ശിംശോൻ പോയി മുന്നൂറു കുറുക്കന്മാരെ പിടിച്ചു വാലോടുവാൽ ചേർത്തു പന്തം എടുത്തു ഈരണ്ടു വാലിന്നിടയിൽ ഓരോ പന്തംവെച്ചു കെട്ടി. 5പന്തത്തിന്നു തീ കൊളുത്തി ഫെലിസ്ത്യരുടെ വിളവിലേക്കു വിട്ടു, കറ്റയും വിളവും ഒലിവുതോട്ടങ്ങളും എല്ലാം ചുട്ടുകളഞ്ഞു. 6ഇതു ചെയ്തതു ആർ എന്നു ഫെലിസ്ത്യർ അന്വേഷിച്ചാറെ തിമ്നക്കാരന്റെ മരുകൻ ശിംശോൻ; അവന്റെ ഭാര്യയെ അവൻ എടുത്തു തോഴന്നു കൊടുത്തുകളഞ്ഞു എന്നു അവർക്കു അറിവു കിട്ടി; ഫെലിസ്ത്യർ ചെന്നു അവളെയും അവളുടെ അപ്പനെയും തീയിലിട്ടു ചുട്ടുകളഞ്ഞു. 7അപ്പോൾ ശിംശോൻ അവരോടു: നിങ്ങൾ ഈവിധം ചെയ്യുന്നു എങ്കിൽ ഞാൻ നിങ്ങളെ പ്രതികാരം ചെയ്യാതെ വിടുകയില്ല എന്നു പറഞ്ഞു, 8അവരെ കഠിനമായി അടിച്ചു തുടയും നടുവും തകർത്തുകളഞ്ഞു. പിന്നെ അവൻ ചെന്നു ഏതാംപാറയുടെ ഗഹ്വരത്തിൽ പാർത്തു.

9എന്നാൽ ഫെലിസ്ത്യർ ചെന്നു യെഹൂദയിൽ പാളയമിറങ്ങി ലേഹിയിൽ എല്ലാം പരന്നു. 10നിങ്ങൾ ഞങ്ങളുടെ നേരെ വന്നിരിക്കുന്നതു എന്തു എന്നു യെഹൂദ്യർ ചോദിച്ചു. ശിംശോൻ ഞങ്ങളോടു ചെയ്തതുപോലെ ഞങ്ങൾ അവനോടും ചെയ്യേണ്ടതിന്നു അവനെ പിടിച്ചുകെട്ടുവാൻ വന്നിരിക്കുന്നു എന്നു അവർ ഉത്തരം പറഞ്ഞു. 11അപ്പോൾ യെഹൂദയിൽനിന്നു മൂവായിരംപേർ ഏതാംപാറയുടെ ഗഹ്വരത്തിങ്കൽ ചെന്നു ശിംശോനോടു: ഫെലിസ്ത്യർ നമ്മെ വാഴുന്നു എന്നു നീ അറിയുന്നില്ലയോ? നീ ഞങ്ങളോടു ഇച്ചെയ്തതു എന്തു എന്നു ചോദിച്ചു. അവർ എന്നോടു ചെയ്തതുപോലെ ഞാൻ അവരോടും ചെയ്തു എന്നു അവൻ അവരോടു പറഞ്ഞു. 12അവർ അവനോടു: ഫെലിസ്ത്യരുടെ കയ്യിൽ ഏല്പിക്കേണ്ടതിന്നു നിന്നെ പിടിച്ചുകെട്ടുവാൻ ഞങ്ങൾ വന്നിരിക്കുന്നു എന്നു പറഞ്ഞു. ശിംശോൻ അവരോടു: നിങ്ങൾ തന്നേ എന്നെ കൊല്ലുകയില്ല എന്നു എന്നോടു സത്യം ചെയ്‌വിൻ എന്നു പറഞ്ഞു. 13അവർ അവനോടു: ഇല്ല; ഞങ്ങൾ നിന്നെ കൊല്ലുകയില്ല; നിന്നെ പിടിച്ചുകെട്ടി അവരുടെ കയ്യിൽ ഏല്പിക്കേയുള്ളു എന്നു പറഞ്ഞു. അങ്ങനെ അവർ രണ്ടു പുതിയ കയർകൊണ്ടു അവനെ കെട്ടി പാറയിൽനിന്നു കൊണ്ടുപോയി. 14അവൻ ലേഹിയിൽ എത്തിയപ്പോൾ ഫെലിസ്ത്യർ അവനെ കണ്ടിട്ടു ആർത്തു. അപ്പോൾ യഹോവയുടെ ആത്മാവു അവന്റെമേൽ വന്നു അവന്റെ കൈ കെട്ടിയിരുന്ന കയർ തീകൊണ്ടു കരിഞ്ഞ ചണനൂൽപോലെ ആയി; അവന്റെ ബന്ധനങ്ങൾ കൈമേൽനിന്നു ദ്രവിച്ചുപോയി. 15അവൻ ഒരു കഴുതയുടെ പച്ചത്താടിയെല്ലു കണ്ടു കൈ നീട്ടി എടുത്തു അതുകൊണ്ടു ആയിരം പേരെ കൊന്നുകളഞ്ഞു.
16കഴുതയുടെ താടിയെല്ലുകൊണ്ടു
കുന്നു ഒന്നു, കുന്നു രണ്ടു;
കഴുതയുടെ താടിയെല്ലുകൊണ്ടു
ആയിരം പേരെ ഞാൻ സംഹരിച്ചു എന്നു ശിംശോൻ പറഞ്ഞു.
17ഇങ്ങനെ പറഞ്ഞുകഴിഞ്ഞിട്ടു അവൻ താടിയെല്ലു കയ്യിൽനിന്നു എറിഞ്ഞുകളഞ്ഞു; ആ സ്ഥലത്തിന്നു രാമത്ത്‒ലേഹി എന്നു പേരായി. 18പിന്നെ അവൻ വളരെ ദാഹിച്ചിട്ടു യഹോവയോടു നിലവിളിച്ചു: അടിയന്റെ കയ്യാൽ ഈ മഹാജയം നീ നല്കിയല്ലോ; ഇപ്പോൾ ഞാൻ ദാഹംകൊണ്ടു മരിച്ചു അഗ്രചർമ്മികളുടെ കയ്യിൽ വീഴേണമോ എന്നു പറഞ്ഞു. 19അപ്പോൾ ദൈവം ലേഹിയിൽ ഒരു കുഴി പിളരുമാറാക്കി, അതിൽനിന്നു വെള്ളം പുറപ്പെട്ടു; അവൻ കുടിച്ചു ചൈതന്യം പ്രാപിച്ചു വീണ്ടും ജീവിച്ചു. അതുകൊണ്ടു അതിന്നു ഏൻ-ഹക്കോരേ എന്നു പേരായി; അതു ഇന്നുവരെയും ലേഹിയിൽ ഉണ്ടു. 20അവൻ ഫെലിസ്ത്യരുടെ കാലത്തു യിസ്രായേലിന്നു ഇരുപതു സംവത്സരം ന്യായപാലനം ചെയ്തു.

Judges 16

1അനന്തരം ശിംശോൻ ഗസ്സയിൽ ചെന്നു അവിടെ ഒരു വേശ്യയെ കണ്ടു അവളുടെ അടുക്കൽ ചെന്നു. 2ശിംശോൻ ഇവിടെ വന്നിരിക്കുന്നു എന്നു ഗസ്യർക്കു അറിവുകിട്ടി; അവർ വന്നു വളഞ്ഞു അവനെ പിടിപ്പാൻ രാത്രിമുഴുവനും പട്ടണവാതില്ക്കൽ പതിയിരുന്നു; നേരം വെളുക്കുമ്പോൾ അവനെ കൊന്നുകളയാം എന്നു പറഞ്ഞു രാത്രിമുഴുവനും അനങ്ങാതിരുന്നു. 3ശിംശോൻ അർദ്ധരാത്രിവരെ കിടന്നുറങ്ങി അർദ്ധരാത്രിയിൽ എഴുന്നേറ്റു പട്ടണവാതിലിന്റെ കതകും കട്ടളക്കാൽ രണ്ടും ഓടാമ്പലോടുകൂടെ പറിച്ചെടുത്തു ചുമലിൽവെച്ചു പുറപ്പെട്ടു ഹെബ്രോന്നെതിരെയുള്ള മലമുകളിൽ കൊണ്ടുപോയി.

4അതിന്റെശേഷം അവൻ സോരേക്ക് താഴ്‌വരയിൽ ദെലീലാ എന്നു പേരുള്ള ഒരു സ്ത്രീയെ സ്നേഹിച്ചു. 5ഫെലിസ്ത പ്രഭുക്കന്മാർ അവളുടെ അടുക്കൽ വന്നു അവളോടു: നീ അവനെ വശീകരിച്ചു അവന്റെ മഹാശക്തി ഏതിൽ എന്നും ഞങ്ങൾ അവനെ പിടിച്ചുകെട്ടി ഒതുക്കേണ്ടതിന്നു എങ്ങനെ സാധിക്കും എന്നും അറിഞ്ഞുകൊൾക; ഞങ്ങൾ ഓരോരുത്തൻ ആയിരത്തൊരുനൂറു വെള്ളിപ്പണം വീതം നിനക്കു തരാം എന്നു പറഞ്ഞു. 6അങ്ങനെ ദെലീലാ ശിംശോനോടു: നിന്റെ മഹാശക്തി ഏതിൽ ആകുന്നു? ഏതിനാൽ നിന്നെ ബന്ധിച്ചു ഒതുക്കാം? എനിക്കു പറഞ്ഞുതരേണം എന്നു പറഞ്ഞു. 7ശിംശോൻ അവളോടു: ഒരിക്കലും ഉണങ്ങാതെ പച്ചയായ ഏഴു ഞാണുകൊണ്ടു എന്നെ ബന്ധിച്ചാൽ എന്റെ ബലം ക്ഷയിച്ചു ഞാൻ ശേഷം മനുഷ്യരെപ്പോലെ ആകും എന്നു പറഞ്ഞു. 8ഫെലിസ്ത്യപ്രഭുക്കന്മാർ ഉണങ്ങാത്ത ഏഴു പച്ച ഞാണു അവളുടെ അടുക്കൽ കൊണ്ടുവന്നു; അവകൊണ്ടു അവൾ അവനെ ബന്ധിച്ചു. 9അവളുടെ ഉൾമുറിയിൽ പതിയിരിപ്പുകാർ പാർത്തിരുന്നു. അവൾ അവനോടു: ശിംശോനേ, ഫെലിസ്ത്യർ ഇതാ വരുന്നു എന്നു പറഞ്ഞു. ഉടനെ അവൻ തീ തൊട്ട ചണനൂൽപോലെ ഞാണുകളെ പൊട്ടിച്ചുകളഞ്ഞു; അവന്റെ ശക്തിയുടെ രഹസ്യം വെളിപ്പെട്ടതുമില്ല. 10പിന്നെ ദെലീലാ ശിംശോനോടു: നീ എന്നെ ചതിച്ചു എന്നോടു ഭോഷ്കു പറഞ്ഞു; നിന്നെ ഏതിനാൽ ബന്ധിക്കാം എന്നു ഇപ്പോൾ എനിക്കു പറഞ്ഞുതരേണം എന്നു പറഞ്ഞു. 11അവൻ അവളോടു: ഒരിക്കലും പെരുമാറീട്ടില്ലാത്ത പുതിയ കയർകൊണ്ടു എന്നെ ബന്ധിച്ചാൽ എന്റെ ബലം ക്ഷയിച്ചു ഞാൻ ശേഷം മനുഷ്യരെപ്പോലെ ആകും എന്നു പറഞ്ഞു. 12ദെലീലാ പുതിയ കയർ വാങ്ങി അവനെ ബന്ധിച്ചിട്ടു: ശിംശോനേ, ഫെലിസ്ത്യർ ഇതാ വരുന്നു എന്നു അവനോടു പറഞ്ഞു. പതിയിരിപ്പുകാർ ഉൾമുറിയിൽ ഉണ്ടായിരുന്നു. അവനോ ഒരു നൂൽപോലെ തന്റെ കൈമേൽനിന്നു അതു പൊട്ടിച്ചുകളഞ്ഞു. 13ദെലീലാ ശിംശോനോടു: ഇതുവരെ നീ എന്നെ ചതിച്ചു എന്നോടു ഭോഷ്കു പറഞ്ഞു; നിന്നെ ഏതിനാൽ ബന്ധിക്കാമെന്നു എനിക്കു പറഞ്ഞുതരേണം എന്നു പറഞ്ഞു. അവൻ അവളോടു: എന്റെ തലയിലെ ഏഴു ജട നൂല്പാവിൽ ചേർത്തു നെയ്താൽ സാധിക്കും എന്നു പറഞ്ഞു. 14അവൾ അങ്ങനെ ചെയ്തു കുറ്റി അടിച്ചുറപ്പിച്ചുംവെച്ചു അവനോടു: ശിംശോനേ, ഫെലിസ്ത്യർ ഇതാ വരുന്നു എന്നു പറഞ്ഞു അവൻ ഉറക്കമുണർന്നു നെയ്ത്തുതടിയുടെ കുറ്റിയും പാവും പറിച്ചെടുത്തുകളഞ്ഞു. 15അപ്പോൾ അവൾ അവനോടു: നിന്റെ ഹൃദയം എന്നോടുകൂടെ ഇല്ലാതിരിക്കെ നീ എന്നെ സ്നേഹിക്കുന്നു എന്നു പറയുന്നതു എങ്ങനെ? ഈ മൂന്നു പ്രാവശ്യം നീ എന്നെ ചതിച്ചു; നിന്റെ മഹാശക്തി ഏതിൽ ആകുന്നു എന്നു എനിക്കു പറഞ്ഞുതന്നില്ല എന്നു പറഞ്ഞു. 16ഇങ്ങനെ അവൾ അവനെ ദിവസംപ്രതി വാക്കുകളാൽ ബുദ്ധിമുട്ടിച്ചു അസഹ്യപ്പെടുത്തി; അവൻ മരിപ്പാന്തക്കവണ്ണം വ്യസനപരവശനായി തീർന്നിട്ടു തന്റെ ഉള്ളം മുഴുവനും അവളെ അറിയിച്ചു: 17ക്ഷൗരക്കത്തി എന്റെ തലയിൽ തൊട്ടിട്ടില്ല; ഞാൻ അമ്മയുടെ ഗർഭംമുതൽ ദൈവത്തിന്നു വ്രതസ്ഥൻ ആകുന്നു; ക്ഷൗരം ചെയ്താൽ എന്റെ ബലം എന്നെ വിട്ടുപോകും; ഞാൻ ബലഹീനനായി ശേഷം മനുഷ്യരെപ്പോലെ ആകും എന്നു അവളോടു പറഞ്ഞു. 18തന്റെ ഉള്ളം മുഴുവനും അവൻ അറിയിച്ചു എന്നു കണ്ടപ്പോൾ ദെലീലാ ഫെലിസ്ത്യപ്രഭുക്കന്മാരെ വിളിപ്പാൻ ആളയച്ചു: ഇന്നു വരുവിൻ; അവൻ തന്റെ ഉള്ളം മുഴുവനും എന്നെ അറിയിച്ചിരിക്കുന്നു എന്നു പറയിച്ചു. ഫെലിസ്ത്യപ്രഭുക്കന്മാർ അവളുടെ അടുക്കൽ വന്നു, പണവും കയ്യിൽ കൊണ്ടുവന്നു. 19അവൾ അവനെ മടിയിൽ ഉറക്കി, ഒരു ആളെ വിളിപ്പിച്ചു തലയിലെ ജട ഏഴും കളയിച്ചു; അവൾ അവനെ ഒതുക്കിത്തുടങ്ങി; അവന്റെ ശക്തി അവനെ വിട്ടുപോയി. പിന്നെ അവൾ: ശിംശോനേ, 20ഫെലിസ്ത്യർ ഇതാ വരുന്നു എന്നു പറഞ്ഞു. ഉടനെ അവൻ ഉറക്കമുണർന്നു; യഹോവ തന്നെ വിട്ടു എന്നറിയാതെ: ഞാൻ മുമ്പിലത്തെപ്പോലെ കുടഞ്ഞൊഴിഞ്ഞുകളയും എന്നു വിചാരിച്ചു. 21ഫെലിസ്ത്യരോ അവനെ പിടിച്ചു കണ്ണു കുത്തിപ്പൊട്ടിച്ചു ഗസ്സയിലേക്കു കൊണ്ടുപോയി ചെമ്പുചങ്ങലകൊണ്ടു ബന്ധിച്ചു; അവൻ കാരാഗൃഹത്തിൽ മാവു പൊടിച്ചുകൊണ്ടിരുന്നു. 22അവന്റെ തലമുടി കളഞ്ഞശേഷം വീണ്ടും വളർന്നുതുടങ്ങി.

23അനന്തരം ഫെലിസ്ത്യപ്രഭുക്കന്മാർ: നമ്മുടെ വൈരിയായ ശിംശോനെ നമ്മുടെ ദേവൻ നമ്മുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു തങ്ങളുടെ ദേവനായ ദാഗോന്നു ഒരു വലിയ ബലികഴിപ്പാനും ഉത്സവം ഘോഷിപ്പാനും ഒരുമിച്ചുകൂടി. 24പുരുഷാരം അവനെ കണ്ടപ്പോൾ: നമ്മുടെ ദേശം ശൂന്യമാക്കുകയും നമ്മിൽ അനേകരെ കൊല്ലുകയും ചെയ്ത നമ്മുടെ വൈരിയെ നമ്മുടെ ദേവൻ നമ്മുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു തങ്ങളുടെ ദേവനെ പുകഴ്ത്തി. 25അവർ ആനന്ദത്തിലായപ്പോൾ: നമ്മുടെ മുമ്പിൽ കളിപ്പാൻ ശിംശോനെ കൊണ്ടുവരുവിൻ എന്നു പറഞ്ഞു ശിംശോനെ കാരാഗൃഹത്തിൽനിന്നു വരുത്തി; അവൻ അവരുടെ മുമ്പിൽ കളിച്ചു; തൂണുകളുടെ ഇടയിലായിരുന്നു അവനെ നിർത്തിയിരുന്നതു. 26ശിംശോൻ തന്നെ കൈക്കു പിടിച്ച ബാല്യക്കാരനോടു: ക്ഷേത്രം നില്ക്കുന്ന തൂണു ചാരിയിരിക്കേണ്ടതിന്നു ഞാൻ അവയെ തപ്പിനോക്കട്ടെ എന്നു പറഞ്ഞു. 27എന്നാൽ ക്ഷേത്രത്തിൽ പുരുഷന്മാരും സ്ത്രീകളും നിറഞ്ഞിരുന്നു; സകല ഫെലിസ്ത്യപ്രഭുക്കന്മാരും അവിടെ ഉണ്ടായിരുന്നു; ശിംശോൻ കളിക്കുന്നതു കണ്ടുകൊണ്ടിരുന്ന പുരുഷന്മാരും സ്ത്രീകളുമായി ഏകദേശം മൂവായിരംപേർ മാളികയിൽ ഉണ്ടായിരുന്നു. 28അപ്പോൾ ശിംശോൻ യഹോവയോടു പ്രാർത്ഥിച്ചു: കർത്താവായ യഹോവേ, എന്നെ ഓർക്കേണമേ; ദൈവമേ, ഞാൻ എന്റെ രണ്ടു കണ്ണിന്നും വേണ്ടി ഫെലിസ്ത്യരോടു പ്രതികാരം ചെയ്യേണ്ടതിന്നു ഈ ഒരു പ്രാവശ്യം മാത്രം എനിക്കു ശക്തി നല്കേണമേ എന്നു പറഞ്ഞു. 29ക്ഷേത്രം നില്ക്കുന്ന രണ്ടു നടുത്തുണും ഒന്നു വലങ്കൈകൊണ്ടും മറ്റേതു ഇടങ്കൈകൊണ്ടും ശിംശോൻ പിടിച്ചു അവയോടു ചാരി: 30ഞാൻ ഫെലിസ്ത്യരോടുകൂടെ മരിക്കട്ടെ എന്നു ശിംശോൻ പറഞ്ഞു ശക്തിയോടെ കുനിഞ്ഞു; ഉടനെ ക്ഷേത്രം അതിലുള്ള പ്രഭുക്കന്മാരുടെയും സകലജനത്തിന്റെയും മേൽ വീണു. അങ്ങനെ അവൻ മരണസമയത്തുകൊന്നവർ ജീവകാലത്തു കൊന്നവരെക്കാൾ അധികമായിരുന്നു. 31അവന്റെ സഹോദരന്മാരും പിതൃഭവനമൊക്കെയും ചെന്നു അവനെ എടുത്തു സോരെക്കും എസ്തായോലിന്നും മദ്ധ്യേ അവന്റെ അപ്പനായ മാനോഹയുടെ ശ്മശാനസ്ഥലത്തു അടക്കംചെയ്തു. അവൻ യിസ്രായേലിന്നു ഇരുപതു സംവത്സരം ന്യായപാലനം ചെയ്തിരുന്നു.
Copyright information for MalSC