Judges 6:11-40

11അനന്തരം യഹോവയുടെ ഒരു ദൂതൻ വന്നു ഒഫ്രയിൽ അബിയേസ്ര്യനായ യോവാശിന്റെ കരുവേലകത്തിൻ കീഴെ ഇരുന്നു; അവന്റെ മകനായ ഗിദെയോൻ കോതമ്പു മിദ്യാന്യരുടെ കയ്യിൽ പെടാതിരിക്കേണ്ടതിന്നു മുന്തിരിച്ചക്കിന്നരികെവെച്ചു മെതിക്കയായിരുന്നു. 12യഹോവയുടെ ദൂതൻ അവന്നു പ്രത്യക്ഷനായി: അല്ലയോ പരാക്രമശാലിയേ, യഹോവ നിന്നോടുകൂടെ ഉണ്ടു എന്നു അവനോടു പറഞ്ഞു. 13ഗിദെയോൻ അവനോടു: അയ്യോ, യജമാനനേ, യഹോവ നമ്മോടുകൂടെ ഉണ്ടെങ്കിൽ നമുക്കു ഇതു ഒക്കെ ഭവിക്കുന്നതു എന്തു? യഹോവ നമ്മെ മിസ്രയീമിൽനിന്നു കൊണ്ടുവന്നു എന്നു നമ്മുടെ പിതാക്കന്മാർ നമ്മോടു അറിയിച്ചിട്ടുള്ള അവന്റെ അത്ഭുതങ്ങൾ ഒക്കെയും എവിടെ? ഇപ്പോൾ യഹോവ നമ്മെ ഉപേക്ഷിച്ചു മിദ്യാന്യരുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. 14അപ്പോൾ യഹോവ അവനെ നോക്കി: നിന്റെ ഈ ബലത്തോടെ പോക; നീ യിസ്രായേലിനെ മിദ്യാന്യരുടെ കയ്യിൽനിന്നു രക്ഷിക്കും; ഞാനല്ലയോ നിന്നെ അയക്കുന്നതു എന്നു പറഞ്ഞു. 15അവൻ അവനോടു: അയ്യോ, കർത്താവേ, ഞാൻ യിസ്രായേലിനെ എങ്ങനെ രക്ഷിക്കും? മനശ്ശെയിൽ എന്റെ കുലം എളിയതും എന്റെ കുടുംബത്തിൽവെച്ചു ഞാൻ ചെറിയവനും അല്ലോ എന്നു പറഞ്ഞു. 16യഹോവ അവനോടു: ഞാൻ നിന്നോടുകൂടെ ഇരിക്കും; നീ മിദ്യാന്യരെ ഒരു ഒറ്റ മനുഷ്യനെപ്പോലെ തോല്പിക്കും എന്നു കല്പിച്ചു. 17അതിന്നു അവൻ: നിനക്കു എന്നോടു കൃപയുണ്ടെങ്കിൽ എന്നോടു സംസാരിക്കുന്നതു നീ തന്നേ എന്നതിന്നു ഒരു അടയാളം കാണിച്ചുതരേണമേ. 18ഞാൻ പോയി എന്റെ വഴിപാടു കൊണ്ടുവന്നു നിന്റെ മുമ്പാകെ വെക്കുവോളം ഇവിടെനിന്നു പോകരുതേ എന്നു അവനോടു പറഞ്ഞു. നീ മടങ്ങിവരുവോളം ഞാൻ താമസിക്കാം എന്നു അവൻ അരുളിച്ചെയ്തു. 19അങ്ങനെ ഗിദെയോൻ ചെന്നു ഒരു കോലാട്ടിൻകുട്ടിയെയും ഒരു പറ മാവുകൊണ്ടു പുളിപ്പില്ലാത്ത വടകളെയും ഒരുക്കി മാംസം ഒരു കൊട്ടയിൽവെച്ചു ചാറു ഒരു കിണ്ണത്തിൽ പകർന്നു കരുവേലകത്തിൻ കീഴെ കൊണ്ടുവന്നു അവന്റെ മുമ്പിൽ വെച്ചു. 20അപ്പോൾ ദൈവത്തിന്റെ ദൂതൻ അവനോടു: മാംസവും പുളിപ്പില്ലാത്ത വടകളും എടുത്തു ഈ പാറമേൽവെച്ചു ചാറു അതിന്മേൽ ഒഴിക്ക എന്നു കല്പിച്ചു; അവൻ അങ്ങനെ ചെയ്തു. 21യഹോവയുടെ ദൂതൻ കയ്യിലുള്ള വടിയുടെ അറ്റംകൊണ്ടു മാംസവും പുളിപ്പില്ലാത്ത വടയും തൊട്ടു; ഉടനെ പാറയിൽനിന്നു തീ പുറപ്പെട്ടു മാംസവും പുളിപ്പില്ലാത്ത വടയും ദഹിപ്പിച്ചു; യഹോവയുടെ ദൂതൻ അവന്റെ കണ്ണിന്നു മറഞ്ഞു. 22അവൻ യഹോവയുടെ ദൂതൻ എന്നു ഗിദെയോൻ കണ്ടപ്പോൾ: അയ്യോ, ദൈവമായ യഹോവേ, ഞാൻ യഹോവയുടെ ദൂതനെ അഭിമുഖമായി കണ്ടു പോയല്ലോ എന്നു പറഞ്ഞു. 23യഹോവ അവനോടു: നിനക്കു സമാധാനം: ഭയപ്പെടേണ്ടാ, നീ മരിക്കയില്ല എന്നു അരുളിച്ചെയ്തു. 24ഗിദെയോൻ അവിടെ യഹോവെക്കു ഒരു യാഗപീഠം പണിതു അതിന്നു യഹോവ ശലോം എന്നു പേരിട്ടു; അതു ഇന്നുവരെയും അബീയേസ്ര്യർക്കുള്ള ഒഫ്രയിൽ ഉണ്ടു.

25അന്നു രാത്രി യഹോവ അവനോടു കല്പിച്ചതു: നിന്റെ അപ്പന്റെ ഇളയ കാളയായ ഏഴുവയസ്സുള്ള രണ്ടാമത്തെ കാളയെ കൊണ്ടു ചെന്നു നിന്റെ അപ്പന്നുള്ള ബാലിൻബലിപീഠം ഇടിച്ചു അതിന്നരികെയുള്ള അശേര പ്രതിഷ്ഠയെ വെട്ടിക്കളക. 26ഈ ദുർഗ്ഗത്തിന്റെ മുകളിൽ നിന്റെ ദൈവമായ യഹോവെക്കു നിയമപ്രകാരം ഒരു യാഗപീഠം പണിതു ആ രണ്ടാമത്തെ കാളയെ എടുത്തു നീ വെട്ടിക്കളയുന്ന അശേരപ്രതിഷ്ഠയുടെ വിറകുകൊണ്ടു ഹോമയാഗം കഴിക്ക. 27ഗിദെയോൻ തന്റെ വേലക്കാരിൽ പത്തുപേരെ കൂട്ടി, യഹോവ തന്നോടു കല്പിച്ചതുപോലെ ചെയ്തു; എന്നാൽ അവൻ തന്റെ കുടുംബക്കാരെയും പട്ടണക്കാരെയും പേടിച്ചിട്ടു പകൽസമയത്തു അതു ചെയ്യാതെ രാത്രിയിൽ ചെയ്തു. 28പട്ടണക്കാർ രാവിലെ എഴുന്നേറ്റപ്പോൾ ബാലിന്റെ ബലിപീഠം ഇടിഞ്ഞുകിടക്കുന്നതു കണ്ടു അതിന്നരികെയുള്ള അശേരപ്രതിഷ്ഠയും വെട്ടിക്കളഞ്ഞിരിക്കുന്നതും പണിതിരിക്കുന്ന യാഗപീഠത്തിങ്കൽ ആ രണ്ടാമത്തെ കാളയെ യാഗം കഴിച്ചിരിക്കുന്നതും കണ്ടു. 29ഇതു ചെയ്തതു ആരെന്നു അവർ തമ്മിൽ തമ്മിൽ ചോദിച്ചു, അന്വേഷണം കഴിച്ചപ്പോൾ യോവാശിന്റെ മകനായ ഗിദെയോൻ ആകുന്നു ചെയ്തതു എന്നു കേട്ടു. 30പട്ടണക്കാർ യോവാശിനോടു: നിന്റെ മകനെ പുറത്തുകൊണ്ടുവരിക; അവൻ മരിക്കേണം; അവൻ ബാലിന്റെ ബലിപീഠം ഇടിച്ചു അതിന്നരികത്തു ഉണ്ടായിരുന്ന അശേരപ്രതിഷ്ഠയേയും വെട്ടിക്കളഞ്ഞിരിക്കുന്നു എന്നു പറഞ്ഞു. 31യോവാശ് തന്റെ ചുറ്റും നില്ക്കുന്ന എല്ലാവരോടും പറഞ്ഞതു: ബാലിന്നു വേണ്ടി നിങ്ങളോ വ്യവഹരിക്കുന്നതു? നിങ്ങളോ അവനെ രക്ഷിക്കുന്നതു? അവന്നുവേണ്ടി വ്യവഹരിക്കുന്നവൻ ഇന്നു രാവിലെ തന്നേ മരിക്കേണം; അവൻ ഒരു ദൈവം എങ്കിൽ തന്റെ ബലിപീഠം ഒരുത്തൻ ഇടിച്ചുകളഞ്ഞതുകൊണ്ടു താൻ തന്നേ തന്റെ കാര്യം വ്യവഹരിക്കട്ടെ. 32ഇവൻ അവന്റെ ബലിപീഠം ഇടിച്ചുകളഞ്ഞതിനാൽ ബാൽ ഇവന്റെ നേരെ വ്യവഹരിക്കട്ടെ എന്നു പറഞ്ഞു അവന്നു അന്നു യെരുബ്ബാൽ എന്നു പേരിട്ടു.

33അനന്തരം മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാർ എല്ലാവരും ഒരുമിച്ചുകൂടി ഇക്കരെ കടന്നു യിസ്രായേൽതാഴ്‌വരയിൽ പാളയം ഇറങ്ങി. 34അപ്പോൾ യഹോവയുടെ ആത്മാവു ഗിദെയോന്റെമേൽ വന്നു, അവൻ കാഹളം ഊതി അബീയേസ്ര്യരെ തന്റെ അടുക്കൽ വിളിച്ചുകൂട്ടി. 35അവൻ മനശ്ശെയിൽ എല്ലാടവും ദൂതന്മാരെ അയച്ചു, അവരെയും തന്റെ അടുക്കൽ വിളിച്ചുകൂട്ടി; ആശേരിന്റെയും സെബൂലൂന്റെയും നഫ്താലിയുടെയും അടുക്കലും ദൂതന്മാരെ അയച്ചു; അവരും പുറപ്പെട്ടുവന്നു അവരോടു ചേർന്നു. 36അപ്പോൾ ഗിദെയോൻ ദൈവത്തോടു: നീ അരുളിച്ചെയ്തതുപോലെ യിസ്രായേലിനെ എന്റെ കയ്യാൽ രക്ഷിക്കുമെങ്കിൽ ഇതാ, 37ഞാൻ രോമമുള്ള ഒരു ആട്ടിൻ തോൽ കളത്തിൽ നിവർത്തിടുന്നു; മഞ്ഞു തോലിന്മേൽ മാത്രം ഇരിക്കയും നിലമൊക്കെയും ഉണങ്ങിയിരിക്കയും ചെയ്താൽ നീ അരുളിച്ചെയ്തതുപോലെ യിസ്രായേലിനെ എന്റെ കയ്യാൽ രക്ഷിക്കുമെന്നു ഞാൻ അറിയും എന്നു പറഞ്ഞു. 38അങ്ങനെ തന്നേ സംഭവിച്ചു; അവൻ പിറ്റെന്നു അതികാലത്തു എഴുന്നേറ്റു തോൽ പിഴിഞ്ഞു, മഞ്ഞുവെള്ളം ഒരു കിണ്ടി നിറെച്ചെടുത്തു. 39ഗിദെയോൻ പിന്നെയും ദൈവത്തോടു: നിന്റെ കോപം എന്റെ നേരെ ജ്വലിക്കരുതേ; ഞാൻ ഒരിക്കലുംകൂടെ സംസാരിച്ചുകൊള്ളട്ടെ; തോൽകൊണ്ടു ഒരു പരീക്ഷകൂടെ കഴിച്ചുകൊള്ളട്ടെ; തോൽ മാത്രം ഉണങ്ങിയും നിലമൊക്കെയും മഞ്ഞുകൊണ്ടു നനഞ്ഞുമിരിപ്പാൻ അരുളേണമേ എന്നു പറഞ്ഞു. 40അന്നു രാത്രി ദൈവം അങ്ങനെ തന്നേ ചെയ്തു; തോൽ മാത്രം ഉണങ്ങിയും നിലമൊക്കെയും മഞ്ഞുകൊണ്ടു നനെഞ്ഞുമിരുന്നു.

Judges 7

1അനന്തരം ഗിദെയോൻ എന്ന യെരുബ്ബാലും അവനോടുകൂടെയുള്ള ജനം ഒക്കെയും അതികാലത്തു പുറപ്പെട്ടു ഹരോദ് ഉറവിന്നരികെ പാളയമിറങ്ങി; മിദ്യാന്യരുടെ പാളയമോ അവർക്കു വടക്കു മോരേകുന്നിന്നരികെ താഴ്‌വരയിൽ ആയിരുന്നു.

2യഹോവ ഗിദെയോനോടു: നിന്നോടു കൂടെയുള്ള ജനം അധികമാകുന്നു; എന്റെ കൈ എന്നെ രക്ഷിച്ചു എന്നു യിസ്രായേൽ എന്റെ നേരെ വമ്പുപറയാതിരിക്കേണ്ടതിന്നു ഞാൻ മിദ്യാന്യരെ ഇവരുടെ കയ്യിൽ ഏല്പിക്കയില്ല. 3 aആകയാൽ നീ ചെന്നു ആർക്കെങ്കിലും ഭയവും ഭീരുതയുമുണ്ടെങ്കിൽ അവൻ ഗിലെയാദ് പർവ്വതത്തിൽനിന്നു മടങ്ങിപ്പൊയ്ക്കൊള്ളട്ടെ എന്നു ജനത്തിൽ പ്രസിദ്ധപ്പെടുത്തുക എന്നു കല്പിച്ചു. എന്നാറെ ജനത്തിൽ ഇരുപത്തീരായിരം പേർ മടങ്ങിപ്പോയി; പതിനായിരംപേർ ശേഷിച്ചു.

4യഹോവ പിന്നെയും ഗിദെയോനോടു: ജനം ഇനിയും അധികം ആകുന്നു; അവരെ വെള്ളത്തിങ്കലേക്കു കൊണ്ടുപോക; അവിടെ വെച്ചു ഞാൻ അവരെ പരിശോധിച്ചുതരാം; ഇവൻ നിന്നോടുകൂടെ പോരട്ടെ എന്നു ഞാൻ കല്പിക്കുന്നവൻ പോരട്ടെ; ഇവൻ നിന്നോടുകൂടെ പോരേണ്ടാ എന്നു ഞാൻ കല്പിക്കുന്നവൻ പോരേണ്ടാ എന്നു കല്പിച്ചു. 5അങ്ങനെ അവൻ ജനത്തെ വെള്ളത്തിങ്കലേക്കു കൊണ്ടുപോയി; യഹോവ ഗിദെയോനോടു: പട്ടി നക്കിക്കുടിക്കുംപോലെ നാവുകൊണ്ടു വെള്ളം നക്കിക്കുടിക്കുന്നവരെയൊക്കെ വേറെയും കുടിപ്പാൻ മുട്ടുകുത്തി കുനിയുന്നവരെയൊക്കെ വേറയും നിർത്തുക എന്നു കല്പിച്ചു. 6കൈ വായ്ക്കു വെച്ചു നക്കിക്കുടിച്ചവർ ആകെ മുന്നൂറുപേർ ആയിരുന്നു; ശേഷം ജനമൊക്കെയും വെള്ളം കുടിപ്പാൻ മുട്ടുകുത്തി കുനിഞ്ഞു. 7യഹോവ ഗിദെയോനോടു: നക്കിക്കുടിച്ച മുന്നൂറു പേരെക്കൊണ്ടു ഞാൻ നിങ്ങളെ രക്ഷിച്ചു മിദ്യാന്യരെ നിന്റെ കയ്യിൽ ഏല്പിക്കും; ശേഷം ജനമൊക്കെയും താന്താങ്ങളുടെ സ്ഥലത്തേക്കു പോകട്ടെ എന്നു കല്പിച്ചു. 8അങ്ങനെ അവർ ജനത്തിന്റെ ഭക്ഷണസാധനങ്ങളും കാഹളങ്ങളും വാങ്ങി; ശേഷം യിസ്രായേല്യരെയൊക്കെയും അവൻ വീട്ടിലേക്കു പറഞ്ഞയക്കയും ആ മുന്നൂറുപേരെ നിർത്തുകയും ചെയ്തു. എന്നാൽ മിദ്യാന്യരുടെ പാളയം താഴെ സമഭൂമിയിൽ ആയിരുന്നു.

9അന്നു രാത്രി യഹോവ അവനോടു കല്പിച്ചതു: എഴുന്നേറ്റു പാളയത്തിന്റെ നേരെ ഇറങ്ങിച്ചെല്ലുക; ഞാൻ അതു നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു. 10ഇറങ്ങിച്ചെല്ലുവാൻ നിനക്കു പേടിയുണ്ടെങ്കിൽ നീയും നിന്റെ ബാല്യക്കാരനായ പൂരയുംകൂടെ പാളയത്തിലേക്കു ഇറങ്ങിച്ചെല്ലുക. 11എന്നാൽ അവർ സംസാരിക്കുന്നതു എന്തെന്നു നീ കേൾക്കും; അതിന്റെ ശേഷം പാളയത്തിന്റെ നേരെ ഇറങ്ങിച്ചെല്ലുവാൻ നിനക്കു ധൈര്യം വരും. അങ്ങനെ അവനും അവന്റെ ബാല്യക്കാരനായ പൂരയും പാളയത്തിൽ ആയുധപാണികളുടെ സമീപത്തോളം ഇറങ്ങിച്ചെന്നു. 12എന്നാൽ മിദ്യാന്യരും അമാലേക്യരും കിഴക്കു ദേശക്കാരൊക്കെയും വെട്ടുക്കിളി എന്നപോലെ അസംഖ്യമായി താഴ്‌വരയിൽ കിടന്നിരുന്നു; അവരുടെ ഒട്ടകങ്ങളും കടൽക്കരയിലെ മണൽപോലെ അസംഖ്യം ആയിരുന്നു. 13ഗിദെയോൻ ചെല്ലുമ്പോൾ ഒരുത്തൻ മറ്റൊരുത്തനോടു ഒരു സ്വപ്നം വിവരിക്കയായിരുന്നു: ഞാൻ ഒരു സ്വപ്നം കണ്ടു; ഒരു യവയപ്പം മിദ്യാന്യരുടെ പാളയത്തിലേക്കു ഉരുണ്ടു വന്നു കൂടാരംവരെ എത്തി അതിനെ തള്ളി മറിച്ചിട്ടു അങ്ങനെ കൂടാരം വീണുകിടന്നു എന്നു പറഞ്ഞു. അതിന്നു മറ്റവൻ: 14ഇതു യോവാശിന്റെ മകനായ ഗിദെയോൻ എന്ന യിസ്രായേല്യന്റെ വാളല്ലാതെ മറ്റൊന്നുമല്ല; ദൈവം മിദ്യാനെയും ഈ പാളയത്തെ ഒക്കെയും അവന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.

15ഗിദെയോൻ സ്വപ്നവും പൊരുളും കേട്ടപ്പോൾ നമസ്കരിച്ചു; യിസ്രായേലിന്റെ പാളയത്തിൽ മടങ്ങിച്ചെന്നു: എഴുന്നേല്പിൻ, യഹോവ മിദ്യാന്റെ പാളയത്തെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു. 16അനന്തരം അവൻ ആ മുന്നൂറുപേരെ മൂന്നു കൂട്ടമായി വിഭാഗിച്ചു ഓരോരുത്തന്റെ കയ്യിൽ ഓരോ കാഹളവും വെറുംകുടവും കുടത്തിന്നകത്തു ഓരോ പന്തവും കൊടുത്തു, അവരോടു പറഞ്ഞതു. 17ഞാൻ ചെയ്യുന്നതു നോക്കി അതുപോലെ ചെയ്‌വിൻ; പാളയത്തിന്റെ അറ്റത്തു എത്തുമ്പോൾ ഞാൻ ചെയ്യുന്നതുപോലെ നിങ്ങളും ചെയ്‌വിൻ. 18ഞാനും എന്നോടുകൂടെയുള്ളവരും കാഹളം ഊതുമ്പോൾ നിങ്ങളും പാളയത്തിന്റെ ചുറ്റും നിന്നു കാഹളം ഊതി: യഹോവെക്കും ഗിദെയോന്നും വേണ്ടി എന്നു പറവിൻ.

19മദ്ധ്യയാമത്തിന്റെ ആരംഭത്തിൽ അവർ കാവൽ മാറി നിർത്തിയ ഉടനെ ഗിദെയോനും കൂടെയുള്ള നൂറുപേരും പാളയത്തിന്റെ അറ്റത്തു എത്തി കാഹളം ഊതി കയ്യിൽ ഉണ്ടായിരുന്ന കുടങ്ങൾ ഉടെച്ചു. 20മൂന്നു കൂട്ടവും കാഹളം ഊതി കുടങ്ങൾ ഉടെച്ചു; ഇടത്തു കയ്യിൽ പന്തവും വലത്തു കയ്യിൽ ഊതുവാൻ കാഹളവും പിടിച്ചു: യഹോവെക്കും ഗിദെയോന്നും വേണ്ടി വാൾ എന്നു ആർത്തു. 21അവർ പാളയത്തിന്റെ ചുറ്റും ഓരോരുത്തൻ താന്താന്റെ നിലയിൽ തന്നേ നിന്നു; പാളയമെല്ലാം പാച്ചൽ തുടങ്ങി; അവർ നിലവിളിച്ചുകൊണ്ടു ഓടിപ്പോയി. 22ആ മുന്നൂറുപേരും കാഹളം ഊതിയപ്പോൾ യഹോവ പാളയത്തിലൊക്കെയും ഓരോരുത്തന്റെ വാൾ താന്താന്റെ കൂട്ടുകാരന്റെ നേരെ തിരിപ്പിച്ചു; സൈന്യം സെരേരാവഴിയായി ബേത്ത്‒ശിത്താവരെയും തബ്ബത്തിന്നരികെയുള്ള ആബേൽ-മെഹോലയുടെ അതിർവരെയും ഓടിപ്പോയി. 23യിസ്രായേല്യർ നഫ്താലിയിൽനിന്നും ആശേരിൽനിന്നും മനശ്ശെയിൽനിന്നൊക്കെയും ഒരുമിച്ചുകൂടി മിദ്യാന്യരെ പിന്തുടർന്നു. 24ഗിദെയോൻ എഫ്രയീംമലനാട്ടിൽ എല്ലാടവും ദൂതന്മാരെ അയച്ചു: മിദ്യാന്യരുടെ നേരെ ഇറങ്ങിച്ചെന്നു ബേത്ത്-ബാരാവരെയുള്ള വെള്ളത്തെയും യോർദ്ദാനെയും അവർക്കു മുമ്പെ കൈവശമാക്കിക്കൊൾവിൻ എന്നു പറയിച്ചു. അങ്ങനെ തന്നേ എഫ്രയീമ്യർ ഒക്കെയും ഒരുമിച്ചുകൂടി ബേത്ത്-ബാരാവരെയുള്ള വെള്ളവും യോർദ്ദാനും കൈവശമാക്കി. 25ഓരേബ്, ശേബ് എന്ന രണ്ടു മിദ്യാന്യപ്രഭുക്കന്മാരെ അവർ പിടിച്ചു, ഓരേബിനെ ഓരേബ് പാറമേലും സേബിനെ സേബ് മുന്തിരിച്ചക്കിന്നരികെയും വെച്ചു കൊന്നിട്ടു മിദ്യാന്യരെ പിന്തുടർന്നു, ഓരേബിന്റെയും സേബിന്റെയും തല യോർദ്ദാന്നക്കരെ ഗിദെയോന്റെ അടുക്കൽ കൊണ്ടുവന്നു.

Judges 8:1-32

1എന്നാൽ എഫ്രയീമ്യർ: നീ മിദ്യാന്യരോടു യുദ്ധംചെയ്‌വാൻ പോയപ്പോൾ ഞങ്ങളെ വിളിക്കാഞ്ഞതെന്തു? ഇങ്ങനെ ഞങ്ങളോടു ചെയ്‌വാൻ എന്തു സംഗതി എന്നു പറഞ്ഞു അവനോടു ഉഗ്രമായി വാദിച്ചു. 2അതിന്നു അവൻ: നിങ്ങളോടു ഒത്തുനോക്കിയാൽ ഞാൻ ഈ ചെയ്തതു എന്തുള്ളു? അബീയേസെരിന്റെ മുന്തിരിയെടുപ്പിനെക്കാൾ എഫ്രയീമിന്റെ കാലാ പെറുക്കയല്ലയോ നല്ലതു? 3 bനിങ്ങളുടെ കയ്യിലല്ലോ ദൈവം മിദ്യാന്യപ്രഭുക്കളായ ഓരേബിനെയും സേബിനെയും ഏല്പിച്ചതു; നിങ്ങളോടു ഒത്തുനോക്കിയാൽ എന്നെക്കൊണ്ടു സാധിച്ചതു എന്തുള്ളു എന്നു അവരോടു പറഞ്ഞു. ഇതു പറഞ്ഞപ്പോൾ അവർക്കു അവനോടുള്ള കോപം ശമിച്ചു. 4അനന്തരം ഗിദെയോൻ യോർദ്ദാങ്കൽ എത്തി; അവന്നും കൂടെയുള്ള മുന്നൂറുപേരും ക്ഷീണിച്ചിരുന്നിട്ടും അവരെ പിന്തുടരുവാൻ അക്കരെ കടന്നു. 5അവൻ സുക്കോത്തിലെ നിവാസികളോടു എന്റെ കൂടെയുള്ള പടജ്ജനത്തിന്നു അപ്പംകൊടുക്കേണമേ; അവർ ക്ഷീണിച്ചിരിക്കുന്നു; ഞാൻ മിദ്യാന്യരാജാക്കന്മാരായ സേബഹിനെയും സൽമുന്നയെയും പിന്തുടരുകയാകുന്നു എന്നു പറഞ്ഞു. 6നിന്റെ സൈന്യത്തിന്നു ഞങ്ങൾ അപ്പം കൊടുക്കേണ്ടതിന്നു സേബഹിന്റെയും സൽമുന്നയുടെയും കൈകൾ നിന്റെ കക്ഷത്തിൽ ആകുന്നുവോ എന്നു സുക്കോത്തിലെ പ്രഭുക്കന്മാർ ചോദിച്ചു. 7അതിന്നു ഗിദെയോൻ: ആകട്ടെ; യഹോവ സേബഹിനെയും സൽമുന്നയെയും എന്റെ കയ്യിൽ ഏല്പിച്ചശേഷം ഞാൻ നിങ്ങളുടെ മാംസം കാട്ടിലെ മുള്ളുകൊണ്ടും പറക്കാരകൊണ്ടും തല്ലിക്കീറും എന്നു പറഞ്ഞു. 8അവിടെനിന്നു അവൻ പെനൂവേലിലേക്കു ചെന്നു അവരോടും അങ്ങനെ ചോദിച്ചു; സുക്കോത്ത് നിവാസികൾ ഉത്തരം പറഞ്ഞതുപോലെ തന്നേ പെനൂവേൽനിവാസികളും പറഞ്ഞു. 9അവൻ പെനൂവേൽനിവാസികളോടു: ഞാൻ സമാധാനത്തോടെ മടങ്ങിവരുമ്പോൾ ഈ ഗോപുരം ഇടിച്ചുകളയും എന്നു പറഞ്ഞു.

10എന്നാൽ സേബഹും സൽമുന്നയും അവരോടുകൂടെ കിഴക്കുദേശക്കാരുടെ സൈന്യത്തിൽ ശേഷിച്ചിരുന്ന ഏകദേശം പതിനയ്യായിരം പേരായ അവരുടെ സൈന്യവും കർക്കോരിൽ ആയിരുന്നു; വാളൂരിപ്പിടിച്ചവരായ ലക്ഷത്തിരുപതിനായിരം പേർ വീണുപോയിരുന്നു. 11ഗിദെയോൻ നോബഹിന്നും യൊഗ്ബെഹെക്കും കിഴക്കുള്ള കൂടാരവാസികളുടെ വഴിയായി ചെന്നു നിർഭയമായിരുന്ന ആ സൈന്യത്തെ തോല്പിച്ചു. 12സേബഹും സൽമുന്നയും ഓടിപ്പോയി; അവൻ അവരെ പിന്തുടർന്നു, സേബഹ് സൽമുന്നാ എന്ന രണ്ടു മിദ്യാന്യരാജാക്കന്മാരെയും പിടിച്ചു, സൈന്യത്തെയൊക്കെയും പേടിപ്പിച്ചു ചിതറിച്ചുകളഞ്ഞു. 13അനന്തരം യോവാശിന്റെ മകനായ ഗിദെയോൻ യുദ്ധം കഴിഞ്ഞിട്ടു ഹേരെസ് കയറ്റത്തിൽനിന്നു മടങ്ങിവരുമ്പോൾ 14സുക്കോത്ത് നിവാസികളിൽ ഒരു ബാല്യക്കാരനെ പിടിച്ചു അവനോടു അന്വേഷിച്ചു; അവൻ സുക്കോത്തിലെ പ്രഭുക്കന്മാരും മൂപ്പന്മാരുമായ എഴുപത്തേഴു ആളുടെ പേർ അവന്നു എഴുതിക്കൊടുത്തു. 15അവൻ സുക്കോത്ത് നിവാസികളുടെ അടുക്കൽ ചെന്നു: ക്ഷീണിച്ചിരിക്കുന്ന നിന്റെ ആളുകൾക്കു ഞങ്ങൾ അപ്പം കൊടുക്കേണ്ടതിന്നു സേബഹിന്റെയും സൽമുന്നയുടെയും കൈകൾ നിന്റെ കക്ഷത്തിൽ ആകുന്നുവോ എന്നു നിങ്ങൾ എന്നെ ധിക്കരിച്ചുപറഞ്ഞ സേബഹും സൽമുന്നയും ഇതാ എന്നു പറഞ്ഞു. 16അവൻ പട്ടണത്തിലെ മൂപ്പന്മാരെ പിടിച്ചു കാട്ടിലെ മുള്ളും പറക്കാരയുംകൊണ്ടു സുക്കോത്ത്നിവാസികളെ ബുദ്ധിപഠിപ്പിച്ചു. 17അവൻ പെനൂവേലിലെ ഗോപുരം ഇടിച്ചു പട്ടണക്കാരെ കൊന്നുകളഞ്ഞു. 18പിന്നെ അവൻ സേബഹിനോടും സൽമുന്നയോടും: നിങ്ങൾ താബോരിൽവെച്ചു കൊന്ന പുരുഷന്മാർ എങ്ങനെയുള്ളവർ ആയിരുന്നു എന്നു ചോദിച്ചു. അവർ നിന്നെപ്പോലെ ഓരോരുത്തൻ രാജകുമാരന്നു തുല്യൻ ആയിരുന്നു എന്നു അവർ ഉത്തരം പറഞ്ഞു. 19അതിന്നു അവൻ: അവർ എന്റെ സഹോദരന്മാർ, എന്റെ അമ്മയുടെ മക്കൾ തന്നേ ആയിരുന്നു; അവരെ നിങ്ങൾ ജീവനോടെ വെച്ചിരുന്നു എങ്കിൽ, യഹോവയാണ്, ഞാൻ നിങ്ങളെ കൊല്ലുകയില്ലായിരുന്നു എന്നു പറഞ്ഞു. 20പിന്നെ അവൻ തന്റെ ആദ്യജാതനായ യേഥെരിനോടു: എഴുന്നേറ്റു അവരെ കൊല്ലുക എന്നു പറഞ്ഞു; എന്നാൽ അവൻ ചെറുപ്പക്കാരനാകകൊണ്ടു പേടിച്ചു വാൾ ഊരാതെ നിന്നു. 21അപ്പോൾ സേബഹും സൽമുന്നയും: നീ തന്നേ എഴുന്നേറ്റു ഞങ്ങളെ വെട്ടുക; ആളെപ്പോലെയല്ലോ അവന്റെ ബലം എന്നു പറഞ്ഞു. അങ്ങനെ ഗിദെയോൻ എഴുന്നേറ്റു സേബഹിനെയും സൽമുന്നയെയും കൊന്നു; അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ ചന്ദ്രക്കലകൾ എടുത്തു.

22അനന്തരം യിസ്രായേല്യർ ഗിദെയോനോടു: നീ ഞങ്ങളെ മിദ്യാന്റെ കയ്യിൽ നിന്നു രക്ഷിച്ചിരിക്കകൊണ്ടു ഞങ്ങൾക്കു രാജാവായിരിക്കേണം; അങ്ങനെ തന്നേ നിന്റെ മകനും മകന്റെ മകനും എന്നു പറഞ്ഞു. 23ഗിദെയോൻ അവരോടു: ഞാൻ നിങ്ങൾക്കു രാജാവാകയില്ല; എന്റെ മകനും ആകയില്ല; യഹോവയത്രേ നിങ്ങളുടെ രാജാവു എന്നു പറഞ്ഞു. 24പിന്നെ ഗിദെയോൻ അവരോടു: ഞാൻ നിങ്ങളോടു ഒന്നു അപേക്ഷിക്കുന്നു; നിങ്ങൾ ഓരോരുത്തൻ കൊള്ളയിൽ കിട്ടിയ കടുക്കൻ എനിക്കു തരേണം എന്നു പറഞ്ഞു. അവർ യിശ്മായേല്യർ ആയിരുന്നതുകൊണ്ടു അവർക്കു പൊൻകടുക്കൻ ഉണ്ടായിരുന്നു. 25ഞങ്ങൾ സന്തോഷത്തോടെ തരാം എന്നു അവർ പറഞ്ഞു, ഒരു വസ്ത്രം വിരിച്ചു ഒരോരുത്തന്നു കൊള്ളയിൽ കിട്ടിയ കടുക്കൻ അതിൽ ഇട്ടു. 26അവൻ ചോദിച്ചു വാങ്ങിയ പൊൻകടുക്കന്റെ തൂക്കം ആയിരത്തെഴുനൂറു ശേക്കെൽ ആയിരുന്നു; ഇതല്ലാതെ ചന്ദ്രക്കലകളും കുണ്ഡലങ്ങളും മിദ്യാന്യരാജാക്കന്മാർ ധരിച്ചിരുന്ന രക്താംബരങ്ങളും അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ മാലകളും ഉണ്ടായിരുന്നു. 27ഗിദെയോൻ അതുകൊണ്ടു ഒരു എഫോദ് ഉണ്ടാക്കി തന്റെ പട്ടണമായ ഒഫ്രയിൽ പ്രതിഷ്ഠിച്ചു; യിസ്രായേലെല്ലാം അവിടേക്കു പരസംഗമായി അതിന്റെ അടുക്കൽ ചെന്നു; അതു ഗിദെയോന്നും അവന്റെ കുടുംബത്തിന്നും ഒരു കണിയായി തീർന്നു. 28എന്നാൽ മിദ്യാൻ തലപൊക്കാതവണ്ണം യിസ്രായേൽമക്കൾക്കു കീഴടങ്ങിപ്പോയി. ഗിദെയോന്റെ കാലത്തു ദേശത്തിന്നു നാല്പതു സംവത്സരം സ്വസ്ഥതയുണ്ടായി.

29യോവാശിന്റെ മകനായ യെരുബ്ബാൽ തന്റെ വീട്ടിൽ ചെന്നു സുഖമായി പാർത്തു. 30ഗിദെയോന്നു വളരെ ഭാര്യമാരുണ്ടായിരുന്നതുകൊണ്ടു സ്വന്തമക്കളായിട്ടു തന്നേ എഴുപതു പുത്രന്മാർ ഉണ്ടായിരുന്നു. 31ശെഖേമിലുള്ള അവന്റെ വെപ്പാട്ടിയും അവന്നു ഒരു മകനെ പ്രസവിച്ചു. അവന്നു അബീമേലെക്ക് എന്നു അവൻ പേരിട്ടു. 32യോവാശിന്റെ മകനായ ഗിദെയോൻ നല്ല വാർദ്ധക്യത്തിൽ മരിച്ചു; അവനെ അബീയേസ്രിയർക്കുള്ള ഒഫ്രയിൽ അവന്റെ അപ്പനായ യോവാശിന്റെ കല്ലറയിൽ അടക്കം ചെയ്തു.
Copyright information for MalSC