Leviticus 13

1യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു എന്തെന്നാൽ: 2ഒരു മനുഷ്യന്റെ ത്വക്കിന്മേൽ തിണർപ്പോ ചുണങ്ങോ വെളുത്ത പുള്ളിയോ ഇങ്ങനെ കുഷ്ഠത്തിന്റെ വടു കണ്ടാൽ അവനെ പുരോഹിതനായ അഹരോന്റെ അടുക്കലോ പുരോഹിതന്മാരായ അവന്റെ പുത്രന്മാരിൽ ഒരുത്തന്റെ അടുക്കലോ കൊണ്ടുവരേണം. 3പുരോഹിതൻ ത്വക്കിന്മേൽ ഉള്ള വടു നോക്കേണം; വടുവിന്നകത്തുള്ള രോമം വെളുത്തതും വടു ത്വക്കിനെക്കാൾ കുഴിഞ്ഞതും ആയി കണ്ടാൽ അതു കുഷ്ഠലക്ഷണം; പുരോഹിതൻ അവനെ നോക്കി അശുദ്ധനെന്നു വിധിക്കേണം. 4അവന്റെ ത്വക്കിന്മേൽ പുള്ളി വെളുത്തതും ത്വക്കിനെക്കാളും കുഴിഞ്ഞിരിക്കാത്തതും അതിന്നകത്തുള്ള രോമം വെളുത്തിരിക്കാത്തതും ആയി കണ്ടാൽ പുരോഹിതൻ ആ ലക്ഷണമുള്ളവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടക്കേണം. 5ഏഴാം ദിവസം പുരോഹിതൻ അവനെ നോക്കേണം. വടു ത്വക്കിന്മേൽ പരക്കാതെ, കണ്ട സ്ഥിതിയിൽ നില്ക്കുന്നു എങ്കിൽ പുരോഹിതൻ രണ്ടാം പ്രാവശ്യം അവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം. 6ഏഴാം ദിവസം പുരോഹിതൻ അവനെ വീണ്ടും നോക്കേണം; വടു മങ്ങിയതായും ത്വക്കിന്മേൽ പരക്കാതെയും കണ്ടാൽ പുരോഹിതൻ അവനെ ശുദ്ധിയുള്ളവൻ എന്നു വിധിക്കേണം; അതു ചുണങ്ങത്രേ. അവൻ വസ്ത്രം അലക്കി ശുദ്ധിയുള്ളവനായിരിക്കേണം. 7അവൻ ശുദ്ധീകരണത്തിന്നായി തന്നെത്താൻ പുരോഹിതനെ കാണിച്ചശേഷം ചുണങ്ങു ത്വക്കിന്മേൽ അധികമായി പരന്നാൽ അവൻ പിന്നെയും തന്നെത്താൻ പുരോഹിതനെ കാണിക്കേണം. 8ചുണങ്ങു ത്വക്കിന്മേൽ പരക്കുന്നു എന്നു പുരോഹിതൻ കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠം തന്നേ.

9കുഷ്ഠത്തിന്റെ ലക്ഷണം ഒരു മനുഷ്യനിൽ ഉണ്ടായാൽ അവനെ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം. 10പുരോഹിതൻ അവനെ നോക്കേണം; ത്വക്കിന്മേൽ വെളുത്ത തിണർപ്പുണ്ടായിരിക്കയും അതിലെ രോമം വെളുത്തിരിക്കയും തിണർപ്പിൽ പച്ചമാംസത്തിന്റെ ലക്ഷണം ഉണ്ടായിരിക്കയും ചെയ്താൽ 11അതു അവന്റെ ത്വക്കിൽ പഴകിയ കുഷ്ഠം ആകുന്നു; പുരോഹിതൻ അവനെ അശുദ്ധൻ എന്നു വിധിക്കേണം; അവൻ അശുദ്ധനാകകൊണ്ടു അവനെ അകത്താക്കി അടെക്കരുതു. 12കുഷ്ഠം ത്വക്കിൽ അധികമായി പരന്നു രോഗിയുടെ തലതൊട്ടു കാൽവരെ പുരോഹിതൻ കാണുന്നേടത്തൊക്കെയും വടു ത്വക്കിൽ ആസകലം മൂടിയിരിക്കുന്നു എങ്കിൽ പുരോഹിതൻ നോക്കേണം; 13കുഷ്ഠം അവന്റെ ദേഹത്തെ മുഴുവനും മൂടിയിരുന്നാൽ അവൻ വടുവുള്ളവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; ആസകലം വെള്ളയായി തീർന്നു; അവൻ ശുദ്ധിയുള്ളവൻ ആകുന്നു. 14എന്നാൽ പച്ചമാംസം അവനിൽ കണ്ടാൽ അവൻ അശുദ്ധൻ. 15പുരോഹിതൻ പച്ചമാംസം നോക്കി അവനെ അശുദ്ധനെന്നു വിധിക്കേണം. പച്ചമാംസം അശുദ്ധം; അതു കുഷ്ഠം തന്നേ. 16എന്നാൽ പച്ചമാംസം മാറി വെള്ളയായി തീർന്നാൽ അവൻ പുരോഹിതന്റെ അടുക്കൽ വരേണം. 17പുരോഹിതൻ അവനെ നോക്കേണം; വടു വെള്ളയായി തീർന്നു എങ്കിൽ പുരോഹിതൻ വടുവുള്ളവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; അവൻ ശുദ്ധിയുള്ളവൻ തന്നേ.

18ദേഹത്തിന്റെ ത്വക്കിൽ പരുവുണ്ടായിരുന്നിട്ടു 19സൗഖ്യമായ ശേഷം പരുവിന്റെ സ്ഥലത്തു വെളുത്ത തിണർപ്പോ ചുവപ്പോടുകൂടിയ വെളുത്ത പുള്ളിയോ ഉണ്ടായാൽ അതു പുരോഹിതനെ കാണിക്കേണം. 20പുരോഹിതൻ അതു നോക്കേണം; അതു ത്വക്കിനെക്കാൾ കുഴിഞ്ഞതും അതിലെ രോമം വെളുത്തതുമായി കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു പരുവിൽനിന്നുണ്ടായ കുഷ്ഠരോഗം. 21എന്നാൽ പുരോഹിതൻ അതു നോക്കി അതിൽ വെളുത്ത രോമം ഇല്ലാതെയും അതു ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും നിറം മങ്ങിയും കണ്ടാൽ പുരോഹിതൻ അവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം. 22അതു ത്വക്കിന്മേൽ അധികം പരന്നാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠലക്ഷണം തന്നേ. 23എന്നാൽ വെളുത്ത പുള്ളി പരക്കാതെ, കണ്ട നിലയിൽ തന്നേ നിന്നു എങ്കിൽ അതു പരുവിന്റെ വടു അത്രേ. പുരോഹിതൻ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം.

24അല്ലെങ്കിൽ ദേഹത്തിന്റെ ത്വക്കിൽ തീപ്പൊള്ളൽ ഉണ്ടായി പൊള്ളലിന്റെ വടു ചുവപ്പോടുകൂടി വെളുത്തോ വെളുത്തു തന്നേയോ ഇരിക്കുന്ന പുള്ളി ആയി തീർന്നാൽ 25പുരോഹിതൻ അതു നോക്കേണം; പുള്ളിയിലെ രോമം വെള്ളയായി തീർന്നു ത്വക്കിനെക്കാൾ കുഴിഞ്ഞുകണ്ടാൽ പൊള്ളലിൽ ഉണ്ടായ കുഷ്ഠം; ആകയാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠലക്ഷണം തന്നേ. 26എന്നാൽ പുരോഹിതൻ അതു നോക്കീട്ടു പുള്ളിയിൽ വെളുത്തരോമം ഇല്ലാതെയും അതു ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും നിറം മങ്ങിയും കണ്ടാൽ പുരോഹിതൻ അവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം. 27ഏഴാം ദിവസം പുരോഹിതൻ അവനെ നോക്കേണം: അതു ത്വക്കിന്മേൽ പരന്നിരുന്നാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠലക്ഷണം തന്നേ. 28എന്നാൽ പുള്ളി ത്വക്കിന്മേൽ പരക്കാതെ, കണ്ട നിലയിൽ തന്നേ നിൽക്കയും നിറം മങ്ങിയിരിക്കയും ചെയ്താൽ അതു തീപ്പൊള്ളലിന്റെ തിണർപ്പു ആകുന്നു; പുരോഹിതൻ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; അതു തീപ്പൊള്ളലിന്റെ തിണർപ്പത്രേ.

29ഒരു പുരുഷന്നു എങ്കിലും ഒരു സ്ത്രീക്കു എങ്കിലും തലയിലോ താടിയിലോ ഒരു വടു ഉണ്ടായാൽ പുരോഹിതൻ വടു നോക്കേണം. 30അതു ത്വക്കിനെക്കാൾ കുഴിഞ്ഞും അതിൽ പൊൻനിറമായ നേർമ്മയുള്ള രോമം ഉള്ളതായും കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു പുറ്റാകുന്നു; തലയിലോ താടിയിലോ ഉള്ള കുഷ്ഠം തന്നേ. 31പുരോഹിതൻ പുറ്റിന്റെ വടുവിനെ നോക്കുമ്പോൾ അതു ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും അതിൽ കറുത്ത രോമം ഇല്ലാതെയും കണ്ടാൽ പുരോഹിതൻ പുറ്റുവടുവുള്ളവനെ ഏഴുദിവസത്തേക്കുഅകത്താക്കി അടെക്കേണം. 32ഏഴാം ദിവസം പുരോഹിതൻ വടുവിനെ നോക്കേണം; പുറ്റു പരക്കാതെയും അതിൽ പൊൻനിറമുള്ള രോമം ഇല്ലാതെയും പുറ്റിന്റെ കാഴ്ച ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും ഇരുന്നാൽ അവൻ ക്ഷൗരം ചെയ്യിക്കേണം; 33എന്നാൽ പുറ്റിൽ ക്ഷൗരം ചെയ്യരുതു; പുരോഹിതൻ പുറ്റുള്ളവനെ പിന്നെയും ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം. 34ഏഴാം ദിവസം പുരോഹിതൻ പുറ്റു നോക്കേണം; പുറ്റു ത്വക്കിന്മേൽ പരക്കാതെയും കാഴ്ചെക്കു ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും ഇരുന്നാൽ പുരോഹിതൻ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; അവൻ വസ്ത്രം അലക്കി ശുദ്ധിയുള്ളവനായിരിക്കേണം. 35എന്നാൽ അവന്റെ ശുദ്ധീകരണത്തിന്റെ ശേഷം പുറ്റു ത്വക്കിന്മേൽ പരന്നാൽ 36പുരോഹിതൻ അവനെ നോക്കേണം; പുറ്റു ത്വക്കിന്മേൽ പരന്നിരുന്നാൽ പുരോഹിതൻ പൊൻനിറമുള്ള രോമം അന്വേഷിക്കേണ്ടാ; അവൻ അശുദ്ധൻ തന്നേ. 37എന്നാൽ പുറ്റു കണ്ട നിലയിൽ തന്നേ നില്ക്കുന്നതായും അതിൽ കറുത്ത രോമം മുളെച്ചതായും കണ്ടാൽ പുറ്റു സൗഖ്യമായി; അവൻ ശുദ്ധിയുള്ളവൻ; പുരോഹിതൻ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം.

38ഒരു പുരുഷന്നോ സ്ത്രീക്കോ ദേഹത്തിന്റെ ത്വക്കിൽ വെളുത്ത പുള്ളി ഉണ്ടായാൽ 39പുരോഹിതൻ നോക്കേണം; ദേഹത്തിന്റെ ത്വക്കിൽ മങ്ങിയ വെള്ളപ്പുള്ളി ഉണ്ടായാൽ അതു ത്വക്കിൽ ഉണ്ടാകുന്ന ചുണങ്ങു; അവൻ ശുദ്ധിയുള്ളവൻ.

40തലമുടി കൊഴിഞ്ഞവനോ കഷണ്ടിക്കാരനത്രേ; അവൻ ശുദ്ധിയുള്ളവൻ. 41തലയിൽ മുൻവശത്തെ രോമം കൊഴിഞ്ഞവൻ മുൻകഷണ്ടിക്കാരൻ; അവൻ ശുദ്ധിയുള്ളവൻ. 42പിൻകഷണ്ടിയിലോ മുൻകഷണ്ടിയിലോ ചുവപ്പോടുകൂടിയ വെള്ളപ്പുള്ളിയുണ്ടായാൽ അതു അവന്റെ പിൻകഷണ്ടിയിലോ മുൻകഷണ്ടിയിലോ ഉത്ഭവിക്കുന്ന കുഷ്ഠം. 43പുരോഹിതൻ അതു നോക്കേണം; അവന്റെ പിൻകഷണ്ടിയിലോ മുൻകഷണ്ടിയിലോ ത്വക്കിൽ കുഷ്ഠത്തിന്റെ കാഴ്ചപോലെ വടുവിന്റെ തിണർപ്പു ചുവപ്പോടുകൂടി വെളുത്തതായിരുന്നാൽ അവൻ കുഷ്ഠരോഗി; 44അവൻ അശുദ്ധൻ തന്നേ; പുരോഹിതൻ അവനെ അശുദ്ധൻ എന്നു തീർത്തു വിധിക്കേണം; അവന്നു തലയിൽ കുഷ്ഠരോഗം ഉണ്ടു.

45വടുവുള്ള കുഷ്ഠരോഗിയുടെ വസ്ത്രം കീറിക്കളയേണം: അവന്റെ തല മൂടാതിരിക്കേണം; അവൻ അധരം മൂടിക്കൊണ്ടിരിക്കയും അശുദ്ധൻ അശുദ്ധൻ എന്നു വിളിച്ചുപറകയും വേണം. 46അവന്നു രോഗം ഉള്ള നാൾ ഒക്കെയും അവൻ അശുദ്ധനായിരിക്കേണം; അവൻ അശുദ്ധൻ തന്നേ; അവൻ തനിച്ചു പാർക്കേണം; അവന്റെ പാർപ്പു പാളയത്തിന്നു പുറത്തു ആയിരിക്കേണം.

47ആട്ടുരോമവസ്ത്രമോ ചണവസ്ത്രമോ ആയ ഏതു വസ്ത്രത്തിലെങ്കിലും 48ചണംകൊണ്ടോ ആട്ടുരോമംകൊണ്ടോ ഉള്ള പാവിൽ എങ്കിലും ഊടയിലെങ്കിലും തോലിലെങ്കിലും തോൽകൊണ്ടു ഉണ്ടാക്കിയ യാതൊരു സാധനത്തിൽ എങ്കിലും 49കുഷ്ഠത്തിന്റെ വടുവായി വസ്ത്രത്തിൽ എങ്കിലും തോലിലെങ്കിലും പാവിലെങ്കിലും ഊടയിലെങ്കിലും തോൽകൊണ്ടുള്ള യാതൊരു സാധനത്തിലെങ്കിലും വടു ഇളമ്പച്ചയോ ഇളഞ്ചുവപ്പോ ആയിരുന്നാൽ അതു കുഷ്ഠലക്ഷണം ആകുന്നു; അതു പുരോഹിതനെ കാണിക്കേണം. 50പുരോഹിതൻ വടുനോക്കി വടുവുള്ളതിനെ ഏഴു ദിവസത്തേക്കു അകത്തിട്ടു അടെക്കേണം. 51അവൻ ഏഴാം ദിവസം വടുവിനെ നോക്കേണം; വസ്ത്രത്തിലോ പാവിലോ ഊടയിലോ തോലിലോ തോൽകൊണ്ടു ഉണ്ടാക്കിയ യാതൊരു പണിയിലോ വടു പരന്നിരുന്നാൽ ആ വടു കഠിന കുഷ്ഠം; അതു അശുദ്ധമാകുന്നു. 52വടുവുള്ള സാധനം ആട്ടിൻരോമംകൊണ്ടോ ചണംകൊണ്ടോ ഉള്ള വസ്ത്രമോ പാവോ ഊടയോ തോൽകൊണ്ടുള്ള എന്തെങ്കിലുമോ ആയിരുന്നാലും അതു ചുട്ടുകളയേണം; അതു കഠിന കുഷ്ഠം; അതു തീയിൽ ഇട്ടു ചുട്ടുകളയേണം. 53എന്നാൽ പുരോഹിതൻ നോക്കേണം; വടു വസ്ത്രത്തിലോ പാവിലോ ഊടയിലോ തോൽകൊണ്ടുള്ള യാതൊരു സാധനത്തിലോ പരന്നിട്ടില്ല എങ്കിൽ 54പുരോഹിതൻ വടുവുള്ള സാധനം കഴുകുവാൻ കല്പിക്കേണം; അതു പിന്നെയും ഏഴു ദിവസത്തേക്കു അകത്തിട്ടു അടെക്കേണം. 55കഴുകിയശേഷം പുരോഹിതൻ വടു നോക്കേണം: വടു നിറം മാറാതെയും പരക്കാതെയും ഇരുന്നാൽ അതു അശുദ്ധം ആകുന്നു; അതു തീയിൽ ഇട്ടു ചുട്ടുകളയേണം; അതു അതിന്റെ അകത്തോ പുറത്തോ തിന്നെടുക്കുന്ന വ്രണം. 56പിന്നെ പുരോഹിതൻ നോക്കേണം; കഴുകിയശേഷം വടുവിന്റെ നിറം മങ്ങി എങ്കിൽ അവൻ അതിനെ വസ്ത്രത്തിൽനിന്നോ തോലിൽനിന്നോ പാവിൽനിന്നോ ഊടയിൽനിന്നോ കീറിക്കളയേണം. 57അതു വസ്ത്രത്തിലോ പാവിലോ ഊടയിലോ തോൽകൊണ്ടുള്ള യാതൊരു സാധനത്തിലോ കാണുന്നു എങ്കിൽ അതു പടരുന്നതാകുന്നു; വടുവുള്ളതു തീയിൽ ഇട്ടു ചുട്ടുകളയേണം. 58എന്നാൽ വസ്ത്രമോ പാവോ ഊടയോ തോൽകൊണ്ടുള്ള യാതൊരു സാധനമോ കഴുകിയശേഷം വടു അവയിൽ നിന്നു നീങ്ങിപ്പോയി എങ്കിൽ അതിനെ രണ്ടാം പ്രാവശ്യം കഴുകേണം; അപ്പോൾ അതു ശുദ്ധമാകും. 59ആട്ടുരോമമോ ചണമോ കൊണ്ടുള്ള വസ്ത്രത്തിൽ എങ്കിലും പാവിൽ എങ്കിലും ഊടയിൽ എങ്കിലും തോൽകൊണ്ടുള്ള യാതൊന്നിലെങ്കിലും ഉള്ള കുഷ്ഠത്തിന്റെ വടുവിനെക്കുറിച്ചു അതു ശുദ്ധമെന്നോ അശുദ്ധമെന്നോ വിധിപ്പാനുള്ള പ്രമാണം ഇതു തന്നേ.

Leviticus 14:1-54

1യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: 2 aകുഷ്ഠരോഗിയുടെ ശുദ്ധീകരണദിവസത്തിൽ അവനെ സംബന്ധിച്ചുള്ള പ്രമാണമാവിതു: അവനെ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം. 3പുരോഹിതൻ പാളയത്തിന്നു പുറത്തു ചെല്ലേണം; കുഷ്ഠരോഗിയുടെ കുഷ്ഠം സുഖമായി എന്നു പുരോഹിതൻ കണ്ടാൽ ശുദ്ധീകരണം 4കഴിവാനുള്ളവന്നുവേണ്ടി ജീവനും ശുദ്ധിയുള്ള രണ്ടു പക്ഷി, ദേവദാരു, ചുവപ്പുനൂൽ, ഈസോപ്പു എന്നിവയെ കൊണ്ടുവരുവാൻ കല്പിക്കേണം. 5പുരോഹിതൻ ഒരു പക്ഷിയെ ഒരു മൺപാത്രത്തിലെ ഉറവുവെള്ളത്തിന്മീതെ അറുപ്പാൻ കല്പിക്കേണം. 6ജീവനുള്ള പക്ഷി, ദേവദാരു, ചുവപ്പുനൂൽ, ഈസോപ്പു എന്നിവയെ അവൻ എടുത്തു ഇവയെയും ജീവനുള്ള പക്ഷിയെയും ഉറവുവെള്ളത്തിന്മീതെ അറുത്ത പക്ഷിയുടെ രക്തത്തിൽ മുക്കി 7കുഷ്ഠശുദ്ധീകരണം കഴിവാനുള്ളവന്റെ മേൽ ഏഴു പ്രാവശ്യം തളിച്ചു അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കയും ജീവനുള്ള പക്ഷിയെ വെളിയിൽ വിടുകയും വേണം. 8ശുദ്ധീകരണം കഴിയുന്നവൻ വസ്ത്രം അലക്കി രോമം ഒക്കെയും ക്ഷൗരം ചെയ്യിച്ചു വെള്ളത്തിൽ കുളിക്കേണം; എന്നാൽ അവൻ ശുദ്ധിയുള്ളവനാകും; അതിന്റെ ശേഷം അവൻ പാളയത്തിൽ ചെന്നു തന്റെ കൂടാരത്തിന്നു പുറമേ ഏഴു ദിവസം പാർക്കേണം. 9ഏഴാം ദിവസം അവൻ തലയും താടിയും പുരികവും എല്ലാം വെടിപ്പാക്കേണം; ഇങ്ങനെ അവൻ സകലരോമവും ക്ഷൗരം ചെയ്യിച്ചു വസ്ത്രം അലക്കുകയും ദേഹം വെള്ളത്തിൽ കഴുകുകയും വേണം; എന്നാൽ അവൻ ശുദ്ധിയുള്ളവനാകും. 10എട്ടാം ദിവസം അവൻ ഊനമില്ലാത്ത രണ്ടു ആൺകുഞ്ഞാടിനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു പെൺകുഞ്ഞാടിനെയും ഭോജനയാഗമായിട്ടു എണ്ണ ചേർത്ത മൂന്നിടങ്ങഴി നേരിയ മാവും ഒരു കുറ്റി എണ്ണയും കൊണ്ടുവരേണം. 11ശുദ്ധീകരണം കഴിക്കുന്ന പുരോഹിതൻ ശുദ്ധീകരണം കഴിയുന്നവനെ അവയുമായി യഹോവയുടെ സന്നിധിയിൽ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ നിർത്തേണം. 12പുരോഹിതൻ ആൺകുഞ്ഞാടുകളിൽ ഒന്നിനെയും എണ്ണയും എടുത്തു അകൃത്യയാഗമായി അർപ്പിച്ചു യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണം. 13അവൻ വിശുദ്ധമന്ദിരത്തിൽ പാപയാഗത്തെയും ഹോമയാഗത്തെയും അറുക്കുന്ന ഇടത്തുവെച്ചു കുഞ്ഞാടിനെ അറുക്കേണം; അകൃത്യയാഗം പാപയാഗംപോലെ പുരോഹിതന്നുള്ളതു ആകുന്നു; അതു അതിവിശുദ്ധം. 14പുരോഹിതൻ അകൃത്യയാഗത്തിന്റെ രക്തം കുറെ എടുത്തു ശുദ്ധീകരണം കഴിയുന്നവന്റെ വലത്തുകാതിന്മേലും വലത്തുകയ്യുടെ പെരുവിരലിന്മേലും വലത്തുകാലിന്റെ പെരുവിരലിന്മേലും പുരട്ടേണം. 15പിന്നെ പുരോഹിതൻ ആ എണ്ണ കുറെ തന്റെ ഇടത്തെ ഉള്ളങ്കയ്യിൽ ഒഴിക്കേണം. 16പുരോഹിതൻ ഇടങ്കയ്യിൽ ഉള്ള എണ്ണയിൽ വലങ്കയ്യുടെ വിരൽ മുക്കി വിരൽകൊണ്ടു ഏഴു പ്രാവശ്യം യഹോവയുടെ സന്നിധിയിൽ എണ്ണ തളിക്കേണം. 17ഉള്ളങ്കയ്യിൽ ശേഷിച്ച എണ്ണ കുറെ പുരോഹിതൻ ശുദ്ധീകരണം കഴിയുന്നവന്റെ വലത്തുകാതിന്മേലും വലത്തുകയ്യുടെ പെരുവിരലിന്മേലും വലത്തുകാലിന്റെ പെരുവിരലിന്മേലും അകൃത്യയാഗത്തിന്റെ രക്തത്തിന്മീതെ പുരട്ടേണം. 18പുരോഹിതന്റെ ഉള്ളങ്കയ്യിൽ ശേഷിപ്പുള്ള എണ്ണ അവൻ ശുദ്ധീകരണം കഴിയുന്നവന്റെ തലയിൽ ഒഴിച്ചു യഹോവയുടെ സന്നിധിയിൽ അവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം. 19പുരോഹിതൻ പാപയാഗം അർപ്പിച്ചു അശുദ്ധിപോക്കി ശുദ്ധീകരിക്കപ്പെടുന്നവന്നുവേണ്ടി പ്രായശ്ചിത്തം കഴിച്ചശേഷം ഹോമയാഗമൃഗത്തെ അറുക്കേണം. 20പുരോഹിതൻ ഹോമയാഗവും ഭോജനയാഗവും യാഗപീഠത്തിന്മേൽ അർപ്പിക്കേണം; അങ്ങനെ പുരോഹിതൻ അവന്നു വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അവൻ ശുദ്ധിയുള്ളവൻ ആകും. 21അവൻ ദരിദ്രനും അത്രെക്കു വകയില്ലാത്തവനും ആകുന്നു എങ്കിൽ തനിക്കു വേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു നീരാജനത്തിന്നായി അകൃത്യയാഗമായിട്ടു ഒരു കുഞ്ഞാടിനെയും ഭോജനയാഗമായിട്ടു എണ്ണ ചേർത്ത ഒരിടങ്ങഴി നേരിയ മാവും 22ഒരു കുറ്റി എണ്ണയും പ്രാപ്തിപോലെ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും എടുത്തു തന്റെ ശുദ്ധീകരണത്തിന്നായി 23എട്ടാം ദിവസം സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം. 24പുരോഹിതൻ അകൃത്യയാഗത്തിന്നുള്ള ആട്ടിൻകുട്ടിയെയും എണ്ണയും എടുത്തു യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണം; 25അവൻ അകൃത്യയാഗത്തിന്നുള്ള ആട്ടിൻകുട്ടിയെ അറുക്കേണം; പുരോഹിതൻ അകൃത്യയാഗത്തിന്റെ രക്തം കുറെ എടുത്തു ശുദ്ധീകരണം കഴിയുന്നവന്റെ വലത്തു കാതിന്മേലും വലത്തുകയ്യുടെ പെരുവിരലിന്മേലും വലത്തു കാലിന്റെ പെരുവിരലിന്മേലും പുരട്ടേണം. 26പുരോഹിതൻ എണ്ണ കുറെ തന്റെ ഇടത്തെ ഉള്ളങ്കയ്യിൽ ഒഴിക്കേണം. 27പുരോഹിതൻ ഇടത്തുകയ്യിൽ ഉള്ള എണ്ണ കുറെ വലത്തുകയ്യുടെ വിരൽകൊണ്ടു യഹോവയുടെ സന്നിധിയിൽ ഏഴു പ്രാവശ്യം തളിക്കേണം. 28പുരോഹിതൻ ഉള്ളങ്കയ്യിലുള്ള എണ്ണ കുറെ ശുദ്ധികരണം കഴിയുന്നവന്റെ വലത്തുകാതിന്മേലും വലത്തുകയ്യുടെ പെരുവിരലിന്മേലും വലത്തു കാലിന്റെ പെരുവിരലിന്മേലും അകൃത്യയാഗത്തിന്റെ രക്തം ഉള്ളേടത്തു പുരട്ടേണം. 29പുരോഹിതൻ ഉള്ളങ്കയ്യിൽ ശേഷിപ്പുള്ള എണ്ണ അവൻ ശുദ്ധീകരണം കഴിയുന്നവന്റെ തലയിൽ ഒഴിച്ചു അവന്നുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തം കഴിക്കേണം. 30അവൻ പ്രാപ്തിപോലെ കുറുപ്രാവുകളിലോ 31പ്രാവിൻകുഞ്ഞുങ്ങളിലോ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും ഭോജനയാഗത്തോടുകൂടെ അർപ്പിക്കേണം; ഇങ്ങനെ പുരോഹിതൻ ശുദ്ധീകരണം കഴിയുന്നവന്നുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തം കഴിക്കേണം. 32ഇതു ശുദ്ധീകരണത്തിന്നുവേണ്ടി വകയില്ലാത്ത കുഷ്ഠരോഗിക്കുള്ള പ്രമാണം.

33യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു എന്തെന്നാൽ: 34ഞാൻ നിങ്ങൾക്കു അവകാശമായി തരുന്ന കനാൻദേശത്തു നിങ്ങൾ എത്തിയശേഷം ഞാൻ നിങ്ങളുടെ അവകാശദേശത്തു ഒരു വീട്ടിൽ കുഷ്ഠബാധ വരുത്തുമ്പോൾ 35വീട്ടുടമസ്ഥൻ വന്നു വീട്ടിൽ കുഷ്ഠലക്ഷണമുള്ളപ്രകാരം എനിക്കു തോന്നുന്നു എന്നു പുരോഹിതനെ അറിയിക്കേണം. 36അപ്പോൾ വീട്ടിലുള്ള സകലവും അശുദ്ധമാകാതിരിപ്പാൻ പുരോഹിതൻ വടു നോക്കേണ്ടതിന്നു ചെല്ലും മുമ്പെ വീടു ഒഴിച്ചിടുവാൻ കല്പിക്കേണം; പിന്നെ പുരോഹിതൻ വീടു നോക്കുവാൻ അകത്തു ചെല്ലേണം. 37അവൻ വടു നോക്കേണം; വീട്ടിന്റെ ചുവരിൽ ഇളമ്പച്ചയും ഇളഞ്ചുവപ്പുമായ കുത്തുകൾ ഉണ്ടായിട്ടു അവ കാഴ്ചെക്കു ചുവരിനെക്കാൾ കുഴിഞ്ഞതായി കണ്ടാൽ പുരോഹിതൻ വീടു വിട്ടു 38വാതിൽക്കൽ വന്നു വീടു ഏഴുദിവസത്തേക്കു അടെച്ചിടേണം. 39ഏഴാം ദിവസം പുരോഹിതൻ വീണ്ടും ചെന്നു നോക്കേണം; വടു വീട്ടിന്റെ ചുവരിൽ പരന്നിട്ടുണ്ടെങ്കിൽ 40വടുവുള്ള കല്ലു നീക്കി പട്ടണത്തിന്നു പുറത്തു ഒരു അശുദ്ധസ്ഥലത്തു ഇടുവാൻ പുരോഹിതൻ കല്പിക്കേണം. 41പിന്നെ വീട്ടിന്റെ അകം ഒക്കെയും ചുരണ്ടിക്കേണം; ചുരണ്ടിയ മണ്ണു പട്ടണത്തിന്നു പുറത്തു ഒരു അശുദ്ധസ്ഥലത്തു കളയേണം. 42പിന്നെ വേറെ കല്ലു എടുത്തു ആ കല്ലിന്നു പകരം വെക്കേണം; വേറെ കുമ്മായം വീട്ടിന്നു തേക്കയും വേണം. 43അങ്ങനെ കല്ലു നീക്കുകയും വീടു ചുരണ്ടുകയും കുമ്മായം തേക്കയും ചെയ്തശേഷം വടു പിന്നെയും വീട്ടിൽ ഉണ്ടായി വന്നാൽ പുരോഹിതൻ ചെന്നു നോക്കേണം; 44വടു വീട്ടിൽ പരന്നിരുന്നാൽ അതു വീട്ടിൽ തിന്നെടുക്കുന്ന കുഷ്ഠം തന്നേ; അതു അശുദ്ധം ആകുന്നു. 45വീട്ടിന്റെ കല്ലും മരവും കുമ്മായവും ഇടിച്ചുപൊളിച്ചു പട്ടണത്തിന്നു പുറത്തു ഒരു അശുദ്ധസ്ഥലത്തു കൊണ്ടുപോയി കളയേണം. 46വീടു അടെച്ചിരുന്ന കാലത്തു എപ്പോഴെങ്കിലും അതിന്നകത്തു കടക്കുന്നവൻ സന്ധ്യവരെ അശുദ്ധിയുള്ളവനായിരിക്കേണം. 47വീട്ടിൽ കിടക്കുന്നവൻ വസ്ത്രം അലക്കേണം; ആ വീട്ടിൽ വെച്ചു ഭക്ഷണം കഴിക്കുന്നവനും വസ്ത്രം അലക്കേണം. 48വീട്ടിന്നു കുമ്മായം തേച്ചശേഷം പുരോഹിതൻ അകത്തു ചെന്നു നോക്കി വീട്ടിൽ വടു പരന്നിട്ടില്ല എന്നു കണ്ടാൽ വടു മാറിപ്പോയതുകൊണ്ടു പുരോഹിതൻ ആ വീടു ശുദ്ധിയുള്ളതു എന്നു വിധിക്കേണം. 49അപ്പോൾ അവൻ വീടു ശുദ്ധീകരിക്കേണ്ടതിന്നു രണ്ടു പക്ഷി, ദേവദാരു, ചുവപ്പുനൂൽ, ഈസോപ്പു എന്നിവയെ എടുത്തു 50ഒരു പക്ഷിയെ മൺപാത്രത്തിലുള്ള ഉറവുവെള്ളത്തിന്മീതെ അറുക്കേണം. 51പിന്നെ ദേവദാരു, ഈസോപ്പു, ചുവപ്പുനൂൽ, ജീവനുള്ള പക്ഷി എന്നിവയെ എടുത്തു അറുത്ത പക്ഷിയുടെ രക്തത്തിലും ഉറവുവെള്ളത്തിലും മുക്കി വീട്ടിന്മേൽ ഏഴു പ്രാവശ്യം തളിക്കേണം. 52പക്ഷിയുടെ രക്തം, ഉറവു വെള്ളം, ജിവനുള്ള പക്ഷി, ദേവദാരു, ഈസോപ്പു, ചുവപ്പുനൂൽ എന്നിവയെക്കൊണ്ടു വീടു ശുദ്ധീകരിക്കേണം. 53ജീവനുള്ള പക്ഷിയെ പട്ടണത്തിന്നു പുറത്തു വെളിയിൽ വിടേണം; അങ്ങനെ വീട്ടിന്നു വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അതു ശുദ്ധമാകും. 54ഇതു സകല കുഷ്ഠത്തിന്നും വടുവിന്നും
Copyright information for MalSC