Mark 14:32-42

32അവർ ഗെത്ത്ശേമന എന്നു പേരുള്ള തോട്ടത്തിൽ വന്നാറെ അവൻ ശിഷ്യന്മാരോടു: ഞാൻ പ്രാർത്ഥിച്ചു തീരുവോളം ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു. 33പിന്നെ അവൻ പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ടു ഭ്രമിപ്പാനും വ്യാകുലപ്പെടുവാനും തുടങ്ങി: 34എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ പാർത്തു ഉണർന്നിരിപ്പിൻ എന്നു അവരോടു പറഞ്ഞു. 35പിന്നെ അല്പം മുമ്പോട്ടു ചെന്നു നിലത്തു വീണു, കഴിയും എങ്കിൽ ആ നാഴിക നീങ്ങിപ്പോകേണം എന്നു പ്രാർത്ഥിച്ചു: 36അബ്ബാ, പിതാവേ, നിനക്കു എല്ലാം കഴിയും; ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുന്നതല്ല നീ ഇച്ഛിക്കുന്നതത്രേ ആകട്ടെ എന്നു പറഞ്ഞു. 37പിന്നെ അവൻ വന്നു അവർ ഉറങ്ങുന്നതു കണ്ടു പത്രൊസിനോടു: ശിമോനേ, നീ ഉറങ്ങുന്നുവോ? ഒരു നാഴിക ഉണർന്നിരിപ്പാൻ നിനക്കു കഴിഞ്ഞില്ലയോ? 38പരീക്ഷയിൽ അകപ്പെടായ്‌വാൻ ഉണർന്നിരുന്നു പ്രാർത്ഥിപ്പിൻ; ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ എന്നു പറഞ്ഞു. 39അവൻ പിന്നെയും പോയി ആ വചനം തന്നെ ചൊല്ലി പ്രാർത്ഥിച്ചു. 40മടങ്ങിവന്നാറെ അവരുടെ കണ്ണുകൾക്കു ഭാരമേറിയിരുന്നതുകൊണ്ടു അവർ ഉറങ്ങുന്നതു കണ്ടു; അവർ അവനോടു എന്തു ഉത്തരം പറയേണം എന്നു അറിഞ്ഞില്ല. 41അവൻ മൂന്നാമതു വന്നു അവരോടു: ഇനി ഉറങ്ങി ആശ്വസിച്ചുകൊൾവിൻ; മതി, നാഴിക വന്നു; ഇതാ, മനുഷ്യപുത്രൻ പാപികളുടെ കയ്യിൽ ഏല്പിക്കപ്പെടുന്നു. 42എഴുന്നേല്പിൻ; നാം പോക; ഇതാ, എന്നെ കാണിച്ചുകൊടുക്കുന്നവൻ അടുത്തിരിക്കുന്നു എന്നു പറഞ്ഞു.
Copyright information for MalSC