Numbers 21:21-30

21അവിടെനിന്നു യിസ്രായേൽ അമോര്യരുടെ രാജാവായ സീഹോന്റെ അടുക്കൽ ദൂതന്മാരെ അയച്ചു:
22“ഞാൻ നിന്റെ ദേശത്തുകൂടി കടന്നുപോകുവാൻ അനുവദിക്കേണമേ; ഞങ്ങൾ വയലിലെങ്കിലും മുന്തിരിത്തോട്ടത്തിലെങ്കിലും കയറുകയില്ല, കിണറ്റിലെ വെള്ളം കുടിക്കയുമില്ല; ഞങ്ങൾ നിന്റെ അതിർ കഴിയുംവരെ രാജപാതയിൽകൂടി തന്നേ പൊയ്ക്കൊള്ളാം.”

എന്നു പറയിച്ചു.
23എന്നാൽ സീഹോൻ തന്റെ ദേശത്തുകൂടി യിസ്രായേൽ കടന്നുപോവാൻ സമ്മതിക്കാതെ തന്റെ ജനത്തെയെല്ലാം ഒന്നിച്ചുകൂട്ടി യിസ്രായേലിന്റെ നേരെ മരുഭൂമിയിലേക്കു പുറപ്പെട്ടു; അവൻ യാഹാസിൽ വന്നു യിസ്രായേലിനോടു യുദ്ധം ചെയ്തു. 24യിസ്രായേൽ അവനെ വാളിന്റെ വായ്ത്തലകൊണ്ടു വെട്ടി, അർന്നോൻ മുതൽ യബ്ബോക്ക്‌വരെയും അമ്മോന്യരുടെ അതിർവരെയും ഉള്ള അവന്റെ ദേശത്തെ കൈവശമാക്കി; അമ്മോന്യരുടെ അതിരോ ഉറപ്പുള്ളതു ആയിരുന്നു. 25ഈ പട്ടണങ്ങൾ എല്ലാം യിസ്രായേൽ പിടിച്ചു; അങ്ങനെ യിസ്രായേൽ അമോര്യരുടെ എല്ലാ പട്ടണങ്ങളിലും കുടിപാർത്തു; ഹെശ്ബോനിലും അതിന്റെ സകല ഗ്രാമങ്ങളിലും തന്നേ. 26ഹെശ്ബോൻ അമോര്യരുടെ രാജാവായ സീഹോന്റെ നഗരം ആയിരുന്നു; അവൻ മുമ്പിലത്തെ മോവാബ് രാജാവിനോടു പടയെടുത്തു അർന്നോൻ വരെ ഉള്ള അവന്റെ ദേശമൊക്കെയും അവന്റെ കയ്യിൽനിന്നു പിടിച്ചിരുന്നു. 27അതുകൊണ്ടു കവിവരന്മാർ പറയുന്നതു:
“ഹെശ്ബോനിൽ വരുവിൻ; സീഹോന്റെ നഗരം പണിതുറപ്പിക്കട്ടെ.

28 aഹെശ്ബോനിൽനിന്നു തീയും
സീഹോന്റെ നഗരത്തിൽനിന്നു ജ്വാലയും പുറപ്പെട്ടു,
മോവാബിലെ ആരിനെയും
അർന്നോൻ തീരത്തെ ഗിരിനിവാസികളെയും ദഹിപ്പിച്ചു.

29മോവാബേ, നിനക്കു ഹാ കഷ്ടം!
കെമോശിന്റെ ജനമേ, നീ മുടിഞ്ഞിരിക്കുന്നു.
അവൻ തന്റെ പുത്രന്മാരെ പലായനത്തിന്നും
പുത്രിമാരെ അമോര്യരാജാവായ സീഹോന്നു അടിമയായും കൊടുത്തു.

30ഞങ്ങൾ അവരെ അമ്പെയ്തു; ദീബോൻവരെ ഹെശ്ബോൻ നശിച്ചു;
മെദബവരെയുള്ള നോഫയോളം അവരെ ശൂന്യമാക്കി.”
Copyright information for MalSC