Numbers 22:2-41

2യിസ്രായേൽ അമോര്യരോടു ചെയ്തതൊക്കെയും സിപ്പോരിന്റെ മകനായ ബാലാക്ക് അറിഞ്ഞു. 3ജനം വളരെയായിരുന്നതുകൊണ്ടു മോവാബ് ഏറ്റവും ഭയപ്പെട്ടു; യിസ്രായേൽമക്കളെക്കുറിച്ചു മോവാബ് പരിഭ്രമിച്ചു. 4മോവാബ് മിദ്യാന്യമൂപ്പന്മാരോടു: കാള വയലിലെ പുല്ലു നക്കിക്കളയുന്നതുപോലെ ഈ കൂട്ടം നമ്മുടെ ചുറ്റുമുള്ള എല്ലാവരെയും നക്കിക്കളയും എന്നു പറഞ്ഞു. അക്കാലത്തു മോവാബ്‌രാജാവു സിപ്പോരിന്റെ മകനായ ബാലാക്ക് ആയിരുന്നു. 5 aഅവൻ ബെയോരിന്റെ മകനായ ബിലെയാമിനെ വിളിപ്പാൻ അവന്റെ സ്വജാതിക്കാരുടെ ദേശത്തു നദീതീരത്തുള്ള പെഥോരിലേക്കു ദൂതന്മാരെ അയച്ചു:

“ഒരു ജനം മിസ്രയീമിൽനിന്നു പുറപ്പെട്ടുവന്നു ഭൂതലത്തെ മൂടിയിരിക്കുന്നു; അവർ എനിക്കെതിരെ പാർക്കുന്നു.
6നീ വന്നു എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കേണമേ; അവർ എന്നെക്കാൾ ഏറ്റവും ബലവാന്മാർ ആയിരിക്കകൊണ്ടു പക്ഷേ അവരെ തോല്പിച്ചു ദേശത്തുനിന്നു ഓടിച്ചുകളവാൻ എനിക്കു കഴിവുണ്ടാകുമായിരിക്കും; നീ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ, നീ ശപിക്കുന്നവൻ ശപിക്കപ്പെട്ടവൻ എന്നു ഞാൻ അറിയുന്നു”

എന്നു പറയിച്ചു.

7മോവാബ്യമൂപ്പന്മാരും മിദ്യാന്യമൂപ്പന്മാരും കൂടി കയ്യിൽ പ്രശ്നദക്ഷിണയുമായി ബിലെയാമിന്റെ അടുക്കൽ ചെന്നു ബാലാക്കിന്റെ വാക്കുകളെ അവനോടു പറഞ്ഞു. 8അവൻ അവരോടു: “ഇന്നു രാത്രി ഇവിടെ പാർപ്പിൻ; യഹോവ എന്നോടു അരുളിച്ചെയ്യുന്നതുപോലെ ഞാൻ നിങ്ങളോടു ഉത്തരം പറയാം” എന്നു പറഞ്ഞു. മോവാബ്യപ്രഭുക്കന്മാർ ബിലെയാമിനോടുകൂടെ പാർത്തു. 9ദൈവം ബിലെയാമിന്റെ അടുക്കൽ വന്നു: “നിന്നോടുകൂടെയുള്ള ഈ മനുഷ്യർ ആരെന്നു” ചോദിച്ചു. 10ബിലെയാം ദൈവത്തോടു: “ഒരു ജനം മിസ്രയീമിൽനിന്നു പുറപ്പെട്ടുവന്നു ഭൂതലത്തെ മൂടിയിരിക്കുന്നു; നീ വന്നു എനിക്കുവേണ്ടി അവരെ ശപിക്കേണം. 11പക്ഷേ അവരോടു യുദ്ധം ചെയ്തു അവരെ ഓടിച്ചുകളവാൻ എനിക്കു കഴിയും എന്നിങ്ങനെ മോവാബ്‌രാജാവായി സിപ്പോരിന്റെ മകനായ ബാലാക്ക് എന്റെ അടുക്കൽ പറഞ്ഞയച്ചിരിക്കുന്നു” എന്നു പറഞ്ഞു. 12ദൈവം ബിലെയാമിനോടു: “നീ അവരോടുകൂടെ പോകരുതു; ആ ജനത്തെ ശപിക്കയും അരുതു; അവർ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു” എന്നു കല്പിച്ചു. 13ബിലെയാം രാവിലെ എഴുന്നേറ്റു ബാലാക്കിന്റെ പ്രഭുക്കന്മാരോടു: “നിങ്ങളുടെ ദേശത്തേക്കു പോകുവിൻ; നിങ്ങളോടുകൂടെ പോരുവാൻ യഹോവ എനിക്കു അനുവാദം തരുന്നില്ല” എന്നു പറഞ്ഞു. 14മോവാബ്യപ്രഭുക്കന്മാർ പുറപ്പെട്ടു ബാലാക്കിന്റെ അടുക്കൽ ചെന്നു; “ബിലെയാമിന്നു ഞങ്ങളോടുകൂടെ വരുവാൻ മനസ്സില്ല” എന്നു പറഞ്ഞു. 15ബാലാക്ക് വീണ്ടും അവരെക്കാൾ മാന്യരായ അധികം പ്രഭുക്കന്മാരെ അയച്ചു. 16അവർ ബിലെയാമിന്റെ അടുക്കൽ വന്നു അവനോടു: “‘എന്റെ അടുക്കൽ വരുന്നതിന്നു മുടക്കം ഒന്നും പറയരുതേ. 17ഞാൻ നിന്നെ ഏറ്റവും ബഹുമാനിക്കും; നീ എന്നോടു പറയുന്നതൊക്കെയും ഞാൻ ചെയ്യാം; വന്നു എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കേണമേ’ എന്നു സിപ്പോരിന്റെ മകനായ ബാലാക്ക് പറയുന്നു” എന്നു പറഞ്ഞു. 18ബിലെയാം ബാലാക്കിന്റെ ഭൃത്യന്മാരോടു: “ബാലാക്ക് തന്റെ ഗൃഹം നിറെച്ചു വെള്ളിയും പൊന്നും എനിക്കു തന്നാലും എന്റെ ദൈവമായ യഹോവയുടെ കല്പന ലംഘിച്ചു ഏറെയോ കുറെയോ ചെയ്‌വാൻ എനിക്കു കഴിയുന്നതല്ല. 19ആകയാൽ യഹോവ ഇനിയും എന്നോടു എന്തു അരുളിച്ചെയ്യും എന്നു ഞാൻ അറിയട്ടെ; നിങ്ങളും ഈ രാത്രി ഇവിടെ പാർപ്പിൻ” എന്നു ഉത്തരം പറഞ്ഞു. 20രാത്രിയിൽ ദൈവം ബിലെയാമിന്റെ അടുക്കൽ വന്നു: “ഇവർ നിന്നെ വിളിപ്പാൻ വന്നിരിക്കുന്നു എങ്കിൽ പുറപ്പെട്ടു അവരോടുകൂടെ പോക; എന്നാൽ ഞാൻ നിന്നോടു കല്പിക്കുന്ന കാര്യം മാത്രമേ ചെയ്യാവു” എന്നു കല്പിച്ചു. 21ബിലെയാം രാവിലെ എഴുന്നേറ്റു കഴുതെക്കു കോപ്പിട്ടു മോവാബ്യപ്രഭുക്കന്മാരോടുകൂടെ പോയി. 22അവൻ പോകുന്നതുകൊണ്ടു ദൈവത്തിന്റെ കോപം ജ്വലിച്ചു; യഹോവയുടെ ദൂതൻ വഴിയിൽ അവന്നു പ്രതിയോഗിയായി നിന്നു; അവനോ കഴുതപ്പുറത്തു കയറി യാത്ര ചെയ്കയായിരുന്നു; അവന്റെ രണ്ടു ബാല്യക്കാരും കൂടെ ഉണ്ടായിരുന്നു. 23യഹോവയുടെ ദൂതൻ വാൾ ഊരിപ്പിടിച്ചുകൊണ്ടു വഴിയിൽ നില്ക്കുന്നതു കഴുത കണ്ടു; കഴുത വഴിയിൽ നിന്നു മാറി വയലിലേക്കു പോയി; കഴുതയെ വഴിയിലേക്കു തിരിക്കേണ്ടതിന്നു ബിലെയാം അതിനെ അടിച്ചു. 24പിന്നെ യഹോവയുടെ ദൂതൻ ഇരുപുറവും മതിലുള്ള മുന്തിരിത്തോട്ടങ്ങളുടെ ഇടുക്കുവഴിയിൽനിന്നു. 25കഴുത യഹോവയുടെ ദൂതനെ കണ്ടപ്പോൾ മതിലരികെ ഒതുങ്ങി ബിലെയാമിന്റെ കാൽ മതിലോടു ചേർത്തു ഞെക്കി; അവൻ അതിനെ വീണ്ടും അടിച്ചു. 26പിന്നെ യഹോവയുടെ ദൂതൻ മുമ്പോട്ടു ചെന്നു ഇടത്തോട്ടും വലത്തോട്ടും മാറുവാൻ വഴിയില്ലാത്ത ഒരു ഇടുക്കിടയിൽ നിന്നു. 27യഹോവയുടെ ദൂതനെ കണ്ടപ്പോൾ കഴുത ബിലെയാമിന്റെ കീഴെ കിടന്നുകളഞ്ഞു; ബിലെയാമിന്റെ കോപം ജ്വലിച്ചു അവൻ കഴുതയെ വടികൊണ്ടു അടിച്ചു. 28അപ്പോൾ യഹോവ കഴുതയുടെ വായ് തുറന്നു; അതു ബിലെയാമിനോടു: “നീ എന്നെ ഈ മൂന്നു പ്രാവശ്യം അടിപ്പാൻ ഞാൻ നിന്നോടു എന്തു ചെയ്തു” എന്നു ചോദിച്ചു. 29ബിലെയാം കഴുതയോടു: “നീ എന്നെ കളിയാക്കിയതുകൊണ്ടത്രേ. എന്റെ കയ്യിൽ ഒരു വാൾ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇപ്പോൾ തന്നേ നിന്നെ കൊന്നുകളയുമായിരുന്നു” എന്നു പറഞ്ഞു. 30കഴുത ബിലെയാമിനോടു: “ഞാൻ നിന്റെ കഴുതയല്ലയോ? ഇക്കാലമൊക്കെയും എന്റെ പുറത്തല്ലയോ നീ കയറി നടന്നതു? ഞാൻ എപ്പോഴെങ്കിലും ഇങ്ങനെ നിന്നോടു കാണിച്ചിട്ടുണ്ടോ” എന്നു ചോദിച്ചു. “ഇല്ല” എന്നു അവൻ പറഞ്ഞു. 31അപ്പോൾ യഹോവ ബിലെയാമിന്റെ കണ്ണു തുറന്നു, യഹോവയുടെ ദൂതൻ വാളൂരിപ്പിടിച്ചുകൊണ്ടു നില്ക്കുന്നതു അവൻ കണ്ടു സാഷ്ടാംഗം വീണു നമസ്കരിച്ചു. യഹോവയുടെ ദൂതൻ അവനോടു: 32“ഈ മൂന്നു പ്രാവശ്യം നീ കഴുതയെ അടിച്ചതു എന്തു? ഇതാ, ഞാൻ നിനക്കു പ്രതിയോഗിയായി പുറപ്പെട്ടിരിക്കുന്നു: നിന്റെ വഴി നാശകരം എന്നു ഞാൻ കാണുന്നു. 33കഴുത എന്നെ കണ്ടു ഈ മൂന്നു പ്രാവശ്യം എന്റെ മുമ്പിൽനിന്നു മാറിപ്പോയി; അതു മാറിപ്പോയിരുന്നില്ലെങ്കിൽ ഞാൻ ഇപ്പോൾ തന്നേ നിന്നെ കൊന്നുകളകയും അതിനെ ജീവനോട രക്ഷിക്കയും ചെയ്യുമായിരുന്നു” എന്നു പറഞ്ഞു. 34ബിലെയാം യഹോവയുടെ ദൂതനോടു: “ഞാൻ പാപം ചെയ്തിരിക്കുന്നു: നീ എനിക്കു എതിരായി വഴിയിൽ നിന്നിരുന്നു എന്നു ഞാൻ അറിഞ്ഞില്ല; ഇതു നിനക്കു അനിഷ്ടമെന്നുവരികിൽ ഞാൻ മടങ്ങിപ്പൊയ്ക്കൊള്ളാം” എന്നു പറഞ്ഞു. 35യഹോവയുടെ ദൂതൻ ബിലെയാമിനോടു: “ഇവരോടുകൂടെ പോക; എങ്കിലും ഞാൻ നിന്നോടു കല്പിക്കുന്ന വചനം മാത്രമേ പറയാവു” എന്നു പറഞ്ഞു; ബിലെയാം ബാലാക്കിന്റെ പ്രഭുക്കന്മാരോടുകൂടെ പോകയും ചെയ്തു. 36ബിലെയാം വരുന്നു എന്നു ബാലാക്ക് കേട്ടപ്പോൾ അർന്നോൻതീരത്തു ദേശത്തിന്റെ അതിരിലുള്ള ഈർമോവാബ് വരെ അവനെ എതിരേറ്റുചെന്നു. 37ബാലാക്ക് ബിലെയാമിനോടു: “ഞാൻ നിന്നെ വിളിപ്പാൻ ആളയച്ചില്ലയോ? നീ വരാതിരുന്നതു എന്തു? നിന്നെ ബഹുമാനിപ്പാൻ എനിക്കു കഴികയില്ലയോ” എന്നു പറഞ്ഞതിന്നു ബിലെയാം ബാലാക്കിനോടു: 38“ഞാൻ വന്നിരിക്കുന്നുവല്ലോ; എന്നാൽ എന്തെങ്കിലും പറവാൻ എനിക്കു കഴിയുമോ? ദൈവം എന്റെ നാവിന്മേൽ ആക്കിത്തരുന്ന വചനമേ ഞാൻ പ്രസ്താവിക്കയുള്ളു” എന്നു പറഞ്ഞു. 39അങ്ങനെ ബിലെയാം ബാലാക്കിനോടുകൂടെ പോയി; അവർ കിര്യത്ത് - ഹൂസോത്തിൽ എത്തി. 40ബാലാക്ക് കാളകളെയും ആടുകളെയും അറുത്തു ബിലെയാമിന്നും അവനോടുകൂടെയുള്ള പ്രഭുക്കന്മാർക്കും കൊടുത്തയച്ചു. 41പിറ്റെന്നാൾ ബാലാക്ക് ബിലെയാമിനെ ബാമോത്ത്-ബാലിലേക്കു കൂട്ടിക്കൊണ്ടുപോയി; അവിടെനിന്നു അവൻ ജനത്തിന്റെ ഒരു അറ്റം കണ്ടു.

Numbers 23

1അനന്തരം ബിലെയാം ബാലാക്കിനോടു: ഇവിടെ എനിക്കു ഏഴു യാഗപീഠം പണിതു ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും ഒരുക്കിനിർത്തുക എന്നു പറഞ്ഞു. 2ബിലെയാം പറഞ്ഞതുപോലെ ബാലാക്ക് ചെയ്തു; ബാലാക്കും ബിലെയാമും ഓരോ പീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു; 3പിന്നെ ബിലെയാം ബാലാക്കിനോടു: നിന്റെ ഹോമയാഗത്തിന്റെ അടുക്കൽ നിൽക്ക; ഞാൻ അങ്ങോട്ടു ചെല്ലട്ടെ; പക്ഷേ യഹോവ എനിക്കു പ്രത്യക്ഷനാകും; അവൻ എന്നെ ദർശിപ്പിക്കുന്നതു ഞാൻ നിന്നോടു അറിയിക്കും എന്നു പറഞ്ഞു കുന്നിന്മേൽ കയറി. 4ദൈവം ബിലെയാമിന്നു പ്രത്യക്ഷനായി; ബിലെയാം അവനോടു: ഞാൻ ഏഴു പീഠം ഒരുക്കി ഓരോ പീഠത്തിന്മേൽ ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചിരിക്കുന്നു എന്നു പറഞ്ഞു. 5എന്നാറെ യഹോവ ഒരു വചനം ബിലെയാമിന്റെ നാവിന്മേൽ ആക്കിക്കൊടുത്തു: നീ ബാലാക്കിന്റെ അടുക്കൽ മടങ്ങിച്ചെന്നു ഇപ്രകാരം പറയേണം എന്നു കല്പിച്ചു. 6അവൻ അവന്റെ അടുക്കൽ മടങ്ങിച്ചെന്നു; അവനും മോവാബ്യപ്രഭുക്കന്മാർ എല്ലാവരും ഹോമയാഗത്തിന്റെ അടുക്കൽ നിന്നിരുന്നു. 7അപ്പോൾ അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയതു:
ബാലാക്ക് എന്നെ അരാമിൽനിന്നും
മോവാബ്‌രാജാവു പൂർവ്വപർവ്വതങ്ങളിൽനിന്നും വരുത്തി:
ചെന്നു യാക്കോബിനെ ശപിക്ക;
ചെന്നു യിസ്രായേലിനെ പ്രാകുക എന്നു പറഞ്ഞു.

8ദൈവം ശപിക്കാത്തവനെ ഞാൻ എങ്ങനെ ശപിക്കും?
യഹോവ പ്രാകാത്തവനെ ഞാൻ എങ്ങനെ പ്രാകും?
9ശിലാഗ്രങ്ങളിൽനിന്നു ഞാൻ അവനെ കാണുന്നു;
ഗിരികളിൽനിന്നു ഞാൻ അവനെ ദർശിക്കുന്നു;
ഇതാ തനിച്ചു പാർക്കുന്നോരു ജനം;
ജാതികളുടെ കൂട്ടത്തിൽ എണ്ണപ്പെടുന്നതുമില്ല.

10യാക്കോബിന്റെ ധൂളിയെ ആർക്കു എണ്ണാം?
യിസ്രായേലിന്റെ കാലംശത്തെ ആർക്കു ഗണിക്കാം?
ഭക്തന്മാർ മരിക്കുമ്പോലെ ഞാൻ മരിക്കട്ടെ;
എന്റെ അവസാനം അവന്റേതുപോലെ ആകട്ടെ.

11ബാലാക്ക് ബിലെയാമിനോടു: നീ എന്നോടു ഈ ചെയ്തതു എന്തു? എന്റെ ശത്രുക്കളെ ശപിപ്പാനല്ലോ ഞാൻ നിന്നെ വരുത്തിയതു? നീയോ അവരെ അനുഗ്രഹിക്കയത്രേ ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. 12അതിന്നു അവൻ: യഹോവ എന്റെ നാവിന്മേൽ തന്നതു പറവാൻ ഞാൻ ശ്രദ്ധിക്കേണ്ടായോ എന്നു ഉത്തരം പറഞ്ഞു. 13ബാലാക്ക് അവനോടു: നീ അവരെ മറ്റൊരു സ്ഥലത്തുനിന്നു കാണേണ്ടതിന്നു എന്നോടുകൂടെ വരിക; എന്നാൽ അവരുടെ ഒരറ്റം മാത്രമല്ലാതെ എല്ലാവരെയും കാണുകയില്ല; അവിടെനിന്നു അവരെ ശപിക്കേണം എന്നു പറഞ്ഞു. 14ഇങ്ങനെ അവൻ പിസ്ഗകൊടുമുടിയിൽ സോഫീം എന്ന മുകൾപ്പരപ്പിലേക്കു അവനെ കൊണ്ടുപോയി ഏഴു യാഗപീഠം പണിതു ഓരോ പീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു. 15പിന്നെ അവൻ ബാലാക്കിനോടു: ഇവിടെ നിന്റെ ഹോമയാഗത്തിന്റെ അടുക്കൽ നിൽക്ക; ഞാൻ അങ്ങോട്ടു ചെന്നു കാണട്ടെ എന്നു പറഞ്ഞു. 16യഹോവ ബിലെയാമിന്നു പ്രത്യക്ഷനായി അവന്റെ നാവിന്മേൽ ഒരു വചനം കൊടുത്തു: ബാലാക്കിന്റെ അടുക്കൽ മടങ്ങിച്ചെന്നു ഇപ്രകാരം പറക എന്നു കല്പിച്ചു. 17അവൻ അവന്റെ അടുക്കൽ വന്നപ്പോൾ അവൻ മോവാബ്യപ്രഭുക്കന്മാരോടുകൂടെ തന്റെ ഹോമയാഗത്തിന്റെ അടുക്കൽ നിന്നിരുന്നു. അപ്പോൾ ബാലാക്ക് അവനോടു: യഹോവ എന്തു അരുളിച്ചെയ്തു എന്നു ചോദിച്ചു. 18അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയതു:
ബാലാക്കേ, എഴുന്നേറ്റു കേൾക്ക;
സിപ്പോരിന്റെ പുത്രാ, എനിക്കു ചെവി തരിക.

19വ്യാജം പറവാൻ ദൈവം മനുഷ്യനല്ല;
അനുതപിപ്പാൻ അവൻ മനുഷ്യപുത്രനുമല്ല;
താൻ ചെയ്യാതിരിക്കുമോ?
താൻ അരുളിച്ചെയ്തതു നിവർത്തിക്കാതിരിക്കുമോ?

20അനുഗ്രഹിപ്പാൻ എനിക്കു കല്പന ലഭിച്ചിരിക്കുന്നു;
അവൻ അനുഗ്രഹിച്ചിരിക്കുന്നു; എനിക്കു അതു മറിച്ചുകൂടാ.

21യാക്കോബിൽ തിന്മ കാണ്മാനില്ല;
യിസ്രായേലിൽ കഷ്ടത ദർശിപ്പാനുമില്ല;
അവന്റെ ദൈവമായ യഹോവ അവനോടുകൂടെ ഇരിക്കുന്നു;
രാജകോലാഹലം അവരുടെ മദ്ധ്യേ ഉണ്ടു.

22ദൈവം അവരെ മിസ്രയീമിൽനിന്നു കൊണ്ടുവരുന്നു;
കാട്ടുപോത്തിന്നു തുല്യമായ ബലം അവന്നു ഉണ്ടു.

23ആഭിചാരം യാക്കോബിന്നു പറ്റുകയില്ല;
ലക്ഷണവിദ്യ യിസ്രായേലിനോടു ഫലിക്കയുമില്ല;
ഇപ്പോൾ യാക്കോബിനെക്കുറിച്ചും യിസ്രായേലിനെക്കുറിച്ചും:
ദൈവം എന്തെല്ലാം പ്രവർത്തിച്ചിരിക്കുന്നു എന്നേ പറയാവു.

24ഇതാ, ജനം സിംഹിയെപ്പോലെ എഴുന്നേല്ക്കുന്നു;
ബാലസിംഹത്തെപ്പോലെ തെളിഞ്ഞുനില്ക്കുന്നു;
അവൻ ഇര പിടിച്ചു തിന്നാതെയും
നിഹതന്മാരുടെ രക്തം കുടിക്കാതെയും കിടക്കയില്ല.
25അപ്പോൾ ബാലാക്ക് ബിലെയാമിനോടു: അവരെ ശപിക്കയും വേണ്ടാ അനുഗ്രഹിക്കയും വേണ്ടാ എന്നു പറഞ്ഞു. 26ബിലെയാം ബാലാക്കിനോടു: യഹോവ കല്പിക്കുന്നതൊക്കെയും ഞാൻ ചെയ്യും എന്നു നിന്നോടു പറഞ്ഞില്ലയോ എന്നുത്തരം പറഞ്ഞു. 27ബാലാക്ക് ബിലെയാമിനോടു: വരിക, ഞാൻ നിന്നെ മറ്റൊരു സ്ഥലത്തു കൊണ്ടുപോകും; അവിടെനിന്നു നീ എനിക്കുവേണ്ടി അവരെ ശപിപ്പാൻ ദൈവത്തിന്നു പക്ഷേ സമ്മതമാകും എന്നു പറഞ്ഞു. 28അങ്ങനെ ബാലാക്ക് ബിലെയാമിനെ മരുഭൂമിക്കു എതിരെയുള്ള പെയോർമലയുടെ മുകളിൽ കൊണ്ടുപോയി. 29ബിലെയാം ബാലാക്കിനോടു: ഇവിടെ എനിക്കു ഏഴു യാഗപീഠം പണിതു ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും ഒരുക്കിനിർത്തുക എന്നു പറഞ്ഞു. 30ബിലെയാം പറഞ്ഞതുപോലെ ബാലാക്ക് ചെയ്തു; ഓരോ യാഗപീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു.

Numbers 24

1യിസ്രായേലിനെ അനുഗ്രഹിക്കുന്നതു യഹോവെക്കു പ്രസാദമെന്നു ബിലെയാം കണ്ടപ്പോൾ അവൻ മുമ്പിലത്തെപ്പോലെ ലക്ഷണം നോക്കുവാൻ പോകാതെ മരുഭൂമിക്കുനേരെ മുഖം തിരിച്ചു. 2ബിലെയാം തല ഉയർത്തി യിസ്രായേൽ ഗോത്രംഗോത്രമായി പാർക്കുന്നതു കണ്ടു; ദൈവത്തിന്റെ ആത്മാവു അവന്റെമേൽ വന്നു; 3അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയതു:
ബെയോരിന്റെ മകനായ ബിലെയാം പറയുന്നു.

4കണ്ണടച്ചിരിക്കുന്ന പുരുഷൻ പറയുന്നു;
ദൈവത്തിന്റെ അരുളപ്പാടു കേൾക്കുന്നവൻ,
സർവ്വശക്തന്റെ ദർശനം ദർശിക്കുന്നവൻ,
വീഴുമ്പോൾ കണ്ണു തുറന്നിരിക്കുന്നവൻ പറയുന്നതു:

5യാക്കോബേ, നിന്റെ കൂടാരങ്ങൾ,
യിസ്രായേലേ, നിന്റെ നിവാസങ്ങൾ എത്ര മനോഹരം!

6താഴ്‌വരപോലെ അവ പരന്നിരിക്കുന്നു;
നദീതീരത്തെ ഉദ്യാനങ്ങൾ പോലെ,
യഹോവ നട്ടിരിക്കുന്ന ചന്ദനവൃക്ഷങ്ങൾ പോലെ,
ജലാന്തികേയുള്ള ദേവദാരുക്കൾപോലെ തന്നേ.

7അവന്റെ തൊട്ടികളിൽനിന്നു വെള്ളം ഒഴുകുന്നു;
അവന്റെ വിത്തിന്നു വെള്ളം ധാരാളം;
അവന്റെ അരചൻ ആഗാഗിലും ശ്രേഷ്ഠൻ;
അവന്റെ രാജത്വം ഉന്നതം തന്നേ.

8ദൈവം അവനെ മിസ്രയീമിൽനിന്നു കൊണ്ടു വരുന്നു;
കാട്ടുപോത്തിന്നു തുല്യമായ ബലം അവന്നു ഉണ്ടു;
ശത്രുജാതികളെ അവൻ തിന്നുകളയുന്നു; അവരുടെ അസ്ഥികളെ അവൻ തകർക്കുന്നു;
അസ്ത്രം എയ്തു അവരെ തുളെക്കുന്നു.

9 bഅവൻ സിംഹംപോലെ പതുങ്ങിക്കിടക്കുന്നു;
ഒരു സിംഹികണക്കെത്തന്നേ; ആർ അവനെ ഉണർത്തും?
നിന്നെ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ;
നിന്നെ ശപിക്കുന്നവൻ ശപിക്കപ്പെട്ടവൻ.

10അപ്പോൾ ബാലാക്കിന്റെ കോപം ബിലെയാമിന്റെ നേരെ ജ്വലിച്ചു; അവൻ കൈഞെരിച്ചു ബിലെയാമിനോടു: എന്റെ ശത്രുക്കളെ ശപിപ്പാൻ ഞാൻ നിന്നെ വിളിപ്പിച്ചു; നീയോ ഇവരെ ഈ മൂന്നു പ്രാവശ്യവും ആശീർവ്വദിക്കയത്രേ ചെയ്തിരിക്കുന്നു. 11ഇപ്പോൾ നിന്റെ സ്ഥലത്തേക്കു ഓടിപ്പോക; നിന്നെ ഏറ്റവും ബഹുമാനിപ്പാൻ ഞാൻ വിചാരിച്ചിരുന്നു; എന്നാൽ യഹോവ നിനക്കു ബഹുമാനം മുടക്കിയിരിക്കുന്നു എന്നു പറഞ്ഞു. 12അതിന്നു ബിലെയാം ബാലാക്കിനോടു പറഞ്ഞതു: ബാലാക്ക് തന്റെ ഗൃഹം നിറെച്ചു വെള്ളിയും പൊന്നും തന്നാലും യഹോവയുടെ കല്പന ലംഘിച്ചു ഗുണമെങ്കിലും ദോഷമെങ്കിലും സ്വമേധയായി ചെയ്‌വാൻ എനിക്കു കഴിയുന്നതല്ല; 13യഹോവ അരുളിച്ചെയ്യുന്നതു മാത്രമേ ഞാൻ പറകയുള്ളു. എന്നു എന്റെ അടുക്കൽ നീ അയച്ച ദൂതന്മാരോടു ഞാൻ പറഞ്ഞില്ലയോ? 14ഇപ്പോൾ ഇതാ, ഞാൻ എന്റെ ജനത്തിന്റെ അടുക്കലേക്കു പോകുന്നു; വരിക, ഭാവികാലത്തു ഈ ജനം നിന്റെ ജനത്തോടു എന്തു ചെയ്യുമെന്നു ഞാൻ നിന്നെ അറിയിക്കാം. 15പിന്നെ അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയതെന്തെന്നാൽ:
ബെയോരിന്റെ മകൻ ബിലെയാം പറയുന്നു;
കണ്ണടെച്ചിരിക്കുന്ന പുരുഷൻ പറയുന്നു;

16ദൈവത്തിന്റെ അരുളപ്പാടു കേൾക്കുന്നവൻ,
അത്യുന്നതന്റെ പരിജ്ഞാനം പ്രാപിച്ചവൻ,
സർവ്വശക്തന്റെ ദർശനം ദർശിക്കുന്നവൻ,
വീഴുമ്പോൾ കണ്ണു തുറന്നിരിക്കുന്നവൻ പറയുന്നതു:

17ഞാൻ അവനെ കാണും, ഇപ്പോൾ അല്ലതാനും;
ഞാൻ അവനെ ദർശിക്കും, അടുത്തല്ലതാനും.
യാക്കോബിൽനിന്നു ഒരു നക്ഷത്രം ഉദിക്കും;
യിസ്രായേലിൽനിന്നു ഒരു ചെങ്കോൽ ഉയരും.
അതു മോവാബിന്റെ പാർശ്വങ്ങളെയെല്ലാം തകർക്കയും
തുമുലപുത്രന്മാരെ ഒക്കെയും സംഹരിക്കയും ചെയ്യും.

18എദോം ഒരു അധീനദേശമാകും;
ശത്രുവായ സെയീരും അധീനദേശമാകും;
യിസ്രായേലോ വീര്യം പ്രവർത്തിക്കും.

19യാക്കോബിൽനിന്നു ഒരുത്തൻ ഭരിക്കും;
ഒഴിഞ്ഞുപോയവരെ അവൻ നഗരത്തിൽനിന്നു നശിപ്പിക്കും.

20അവൻ അമാലേക്കിനെ നോക്കി സുഭാഷിതം ചൊല്ലിയതു:
അമാലേക്ക് ജാതികളിൽ മുമ്പൻ;
അവന്റെ അവസാനമോ നാശം അത്രേ.

21അവൻ കേന്യരെ നോക്കി സുഭാഷിതം ചൊല്ലിയതു:
നിന്റെ നിവാസം ഉറപ്പുള്ളതു:
നിന്റെ കൂടു പാറയിൽ വെച്ചിരിക്കുന്നു.

22എങ്കിലും കേന്യന്നു നിർമ്മൂലനാശം ഭവിക്കും;
അശ്ശൂർ നിന്നെ പിടിച്ചു കൊണ്ടുപോവാൻ ഇനിയെത്ര?

23പിന്നെ അവൻ ഈ സുഭാഷിതം ചൊല്ലിയതു:
ഹാ, ദൈവം ഇതു നിവർത്തിക്കുമ്പോൾ ആർ ജീവിച്ചിരിക്കും?

24കിത്തീംതീരത്തുനിന്നു കപ്പലുകൾ വരും;
അവ അശ്ശൂരിനെ താഴ്ത്തും, ഏബെരിനെയും താഴ്ത്തും.
അവന്നും നിർമ്മൂലനാശം ഭവിക്കും.

25അതിന്റെ ശേഷം ബിലെയാം പുറപ്പെട്ടു തന്റെ സ്ഥലത്തേക്കു മടങ്ങിപ്പോയി; ബാലാക്കും തന്റെ വഴിക്കു പോയി.
Copyright information for MalSC